Fincat

ഹജ്ജ് അപേക്ഷാ സമര്‍പ്പണത്തിന് കൂടുതല്‍ സമയം അനുവദിക്കണം: മന്ത്രി വി. അബ്ദുറഹിമാന്‍

ഹജ്ജ് അപേക്ഷകര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സമയം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ കേന്ദ്ര മൈനോറിറ്റി വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കി. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നിലവില്‍ 2025 ജൂലായ് 31 ആണ്. പുതിയ പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കിയവര്‍ക്ക് ഇനിയും പാസ്പോര്‍ട്ട് ലഭിക്കാനുണ്ട്. ഓണ്‍ലൈന്‍ സോഫ്റ്റ്വെയറിലെ സാങ്കേതിക തകരാറുകള്‍ കാരണം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതിരുന്നവരുമുണ്ട്. അതിനാല്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് മന്ത്രി കത്തില്‍ വിശദമാക്കി. ഇത്തവണ വളരെ കുറഞ്ഞ സമയമാണ് അപേക്ഷാ സമര്‍പ്പണത്തിന് നല്‍കിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലെപ്പോലെ തന്നെ ഈ വര്‍ഷവും അപേക്ഷാ സമര്‍പ്പണം 20 ദിവസത്തേങ്കിലും നീട്ടണമെന്നാണ് മന്ത്രി കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തീയതി നീട്ടിയാല്‍ കൂടുതല്‍ പേര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും.

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇതുവരെ 2026 വര്‍ഷത്തെ ഹജ്ജിന് 11845 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ 2252 പേര്‍ 65വയസ്സില്‍ കൂടുതലുള്ളവരുടെ വിഭാഗത്തിലും, 1519 പേര്‍ ലേഡീസ് വിതൗട്ട് മെഹ്റം വിഭാഗത്തിലും 8074 പേര്‍ ജനറല്‍ വിഭാഗത്തിലുമാണ് ഉള്‍പ്പെടുന്നത്.