Fincat

‘അനൈക്യവും ഭിന്നതയും മാറ്റിയെടുക്കേണ്ടതുണ്ട്’; സമസ്തയിലെ ഭിന്നതയില്‍ പരോക്ഷ വിമര്‍ശനവുമായി സാദിഖലി ശിഹാബ് തങ്ങള്‍


മലപ്പുറം: സമസ്തയിലെ ഭിന്നതയില്‍ പരോക്ഷ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍.അനൈക്യവും ഭിന്നതയും മാറ്റിയെടുക്കേണ്ടതുണ്ടെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. തീരാത്ത പ്രയാസങ്ങള്‍ ഒന്നുമില്ലെന്നും കാലഘട്ടത്തിന്റെ പ്രശ്‌നങ്ങളെ മറികടക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.

‘അനൈക്യവും ഭിന്നതയും കടന്നുവരുന്നത് ശരിയാണ്. അതൊക്കെ മാറ്റിയെടുക്കേണ്ടതുണ്ട്. സമസ്തയുടെ സമ്മേളനം കേരത്തിലെ മുസ്ലിം നവോത്ഥാനത്തിന്റെ സമ്മേളനമാണ്. കാലത്തോട് പലതും തുറന്നു പറയേണ്ടതുണ്ട്. ഇസ്ലാമിന്റെ തത്വ ശാസ്ത്രം ജനകീയമായി പകര്‍ന്ന് നല്‍കാന്‍ സമസ്തയ്ക്ക് കഴിഞ്ഞു. സമസ്ത ഉണ്ടാക്കിയെടുത്ത പാരമ്ബര്യമാണ് കേരളത്തിലെ മുസ്ലിങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നത്’, അദ്ദേഹം പറഞ്ഞു. സമസ്തയുടെ നൂറാം വാര്‍ഷിക സ്വാഗത സംഘ കണ്‍വന്‍ഷനിലാണ് സാദിഖലി തങ്ങളുടെ പ്രതികരണം.

കുറച്ച്‌ കാലമായി സമസ്തയിലെ ഒരു വിഭാഗവും ലീഗും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് സാദിഖലി തങ്ങളുടെ പരോക്ഷ വിമര്‍ശനം. മാത്രവുമല്ല, സുന്നി മഹല്ല് ഫെഡറേഷനില്‍ സമസ്തയിലെ ലീഗ് അനുകൂലികളുടെ ആധിപത്യമാണ് കാണാന്‍ സാധിക്കുന്നത്.