Fincat

അഹമ്മദാബാദ് വിമാനാപകടം; മരിച്ച 166 പേരുടെ കുടുംബങ്ങള്‍ക്ക് ഇടക്കാല നഷ്ടപരിഹാരം നല്‍കി എയര്‍ ഇന്ത്യ

ന്യൂ ഡല്‍ഹി: നാടിനെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ നഷ്ടപരിഹാര വിതരണം ആരംഭിച്ച് എയര്‍ ഇന്ത്യ. അപകടത്തില്‍ മരിച്ച 260 പേരില്‍ 166 പേരുടെ കുടുംബങ്ങള്‍ക്ക് എയര്‍ ഇന്ത്യ ഇടക്കാല നഷ്ടപരിഹാരമായ 25 ലക്ഷം രൂപ വിതരണം ചെയ്തു. യാത്രക്കാരായ 147 പേരുടെയും അല്ലാത്ത 19 പേരുടെയും കുടുംബങ്ങള്‍ക്കാണ് സഹായം വിതരണം ചെയ്തത്. ഇത് കൂടാതെ 52 പേരുടെ രേഖകള്‍ കൂടി കൈവശമുണ്ടെന്നും അവര്‍ക്കും ഉടന്‍ സഹായം വിതരണം ചെയ്യുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ സ്മരണാര്‍ത്ഥം ‘എഐ 171 മെമ്മോറിയല്‍ ആന്‍ഡ് വെല്‍ഫെയര്‍ ട്രസ്റ്റ്’ എന്ന ചാരിറ്റിബിള്‍ ട്രസ്റ്റും എയര്‍ ഇന്ത്യ രൂപീകരിച്ചിട്ടുണ്ട്. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട എല്ലാവരുടെയും കുടുംബങ്ങള്‍ക്കൊപ്പം കമ്പനി നിലകൊള്ളുമെന്നും അവര്‍ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് തങ്ങളെന്നും എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമെ തകര്‍ന്ന ബിജെ മെഡിക്കല്‍ കോളേജ് പുനര്‍നിര്‍മിച്ചു നല്‍കാനും എയര്‍ ഇന്ത്യ തയ്യാറായിട്ടുണ്ട്.

ജൂണ്‍ 12-നാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് അപകടമുണ്ടായത്. 260 പേര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. വിമാനത്തിലുണ്ടായിരുന്ന വിശ്വാസ് കുമാര്‍ എന്നയാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന വിമാനം നിമിഷങ്ങള്‍ക്കകം ബി ജെ മെഡിക്കല്‍ കോളേജിലേയ്ക്ക് ഇടിച്ചിറങ്ങുകയായിരുന്നു. ഭൂരിഭാഗം മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. തുടര്‍ന്ന് അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ ഡിഎന്‍എ പരിശോധന നടത്തിയശേഷം ബന്ധുക്കള്‍ക്ക് മൃതദേഹാവശിഷ്ടങ്ങള്‍ വിട്ടുനല്‍കുകയായിരുന്നു.

വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകടകാരണം എന്നാണ് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (AAIB) പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. വിമാനം പറന്നുയര്‍ന്ന ഉടനെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാവുകയായിരുന്നു. സ്വിച്ച് എന്തിനാണ് ഓഫ് ചെയ്തതെന്ന് പൈലറ്റ് ചോദിക്കുന്നതും ഓഫ് ചെയ്തിട്ടില്ല എന്ന് സഹപൈലറ്റ് പറയുന്നതും കോക്പിറ്റ് ഓഡിയോയില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഈ റിപ്പോര്‍ട്ടിനെതിരെ പൈലറ്റുമാരുടെ സംഘടന രംഗത്തുവന്നിരുന്നു.