എന്തൊരു നടനാണ് ഇയാള്‍!, തെലുങ്കില്‍ വീണ്ടും വിജയക്കൊടി പാറിക്കാൻ ദുല്‍ഖര്‍; ‘ആകാശംലോ ഒക താര’ ടീസര്‍ പുറത്ത്
ലക്കി ഭാസ്കറിന് ശേഷം ദുല്‍ഖർ സല്‍മാൻ നായകനായി എത്തുന്ന തെലുങ്ക് സിനിമയാണ് ‘ആകാശംലോ ഒക താര’. ഒരു ഡ്രാമ ഴോണറില്‍ ഒരുങ്ങുന്ന സിനിമയുടെ ടീസർ പുറത്തുവന്നു.നടൻ ദുല്‍ഖറിന്റെ പിറന്നാള്‍ പ്രമാണിച്ചാണ് ടീസർ പുറത്തുവിട്ടത്. ഒരു സാധാരണക്കാരനായിട്ടാണ് ദുല്‍ഖർ സിനിമയില്‍ എത്തുന്നതെന്ന സൂചനയാണ് ടീസർ നല്‍കുന്നത്.
ടീസറിലെ ജിവി പ്രകാശ് കുമാറിന്റെ പശ്ചാത്തലസംഗീതവും ചർച്ചയാകുന്നുണ്ട്. ഒരു ഫീല്‍ ഗുഡ് ഡ്രാമയായിരിക്കും ‘ആകാശംലോ ഒക താര’ എന്ന സൂചനയാണ് ടീസർ നല്‍കുന്നത്. പവൻ സദിനേനി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗീത ആർട്സ്, സ്വപ്ന സിനിമ എന്നീ ബാനറുകളാണ് ചിത്രം നിർമിക്കുന്നത്. ‘ടാക്സിവാല’, ‘ഡിയർ കോംമ്രേഡ്’ എന്നീ സിനിമകള്‍ക്ക് ഛായാഗ്രഹണം നിർവഹിച്ച സുജിത് സാരംഗ് ആണ് ഈ സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുക. ജിവി പ്രകാശ് കുമാർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ സിനിമ പുറത്തിറങ്ങും. ചിത്രം ദുല്‍ഖറിന്റെ കരിയറിലെ ഒരു നാഴികക്കല്ലായി മാറുമെന്നാണ് ഇൻഡസ്ട്രിയില്‍ സംസാരം.
അതേസമയം, ദുല്‍ഖറിന്റെ മറ്റൊരു പാൻ ഇന്ത്യൻ ചിത്രമായ കാന്തയുടെ ടീസറും ഇന്ന് പുറത്തിറങ്ങി. തമിഴ് സിനിമയിലെ ആദ്യ സൂപ്പര്‍സ്റ്റാറായി അറിയപ്പെടുന്ന എം കെ ത്യാഗരാജ ഭാഗവതരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് കാന്ത ഒരുങ്ങുന്നത്. ത്യാഗരാജ ഭാഗവതരായാണ് ദുല്‍ഖര്‍ എത്തുന്നത്. സെല്‍വമണി സെല്‍വരാജ് ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. ദുല്‍ഖർ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്. ദുല്‍ഖർ സല്‍മാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കള്‍. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെല്‍വമണി സെല്‍വരാജ്.