Fincat

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടയില്‍ പ്രധാനമന്ത്രിയും ട്രംപും സംസാരിച്ചിരുന്നില്ല; വ്യക്തത നല്‍കി എസ് ജയശങ്കര്‍


ന്യൂഡല്‍ഹി: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ വാദത്തില്‍ വ്യക്ത വരുത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍.ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് പാര്‍ലമന്റില്‍ നടന്ന ചര്‍ച്ചയ്ക്കിടയിലാണ് എസ് ജയശങ്കറിന്റെ വെളിപ്പെടുത്തല്‍. ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പ്രധാനമന്ത്രിയെ വിളിച്ചിരുന്നതായും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

പഹല്‍ഗാം ആക്രമണം ആരംഭിച്ച്‌ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ച സമയത്തോ, വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുന്ന സമയത്തോ പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റുമായി സംസാരിച്ചിട്ടില്ല എന്നും അദ്ദേഹം ലോക്‌സഭയില്‍ വ്യക്തമാക്കി. ജെ ഡി വാന്‍സുമായി സംസാരിച്ചിരുന്നുവെങ്കിലും വെടിനിര്‍ത്തലിനെ സംബന്ധിച്ചോ, അവര്‍ വാദിക്കുന്നത് പോലെ വ്യാപര ചര്‍ച്ചകളോ നടന്നിരുന്നില്ല. വാന്‍സ് പ്രധാനമന്ത്രിയെ വിളിച്ച്‌ പാകിസ്താന്റെ ആക്രമണത്തെക്കുറിച്ച്‌ മുന്നറിയിപ്പ് മാത്രമാണ് നല്‍കിയത്. ഇന്ത്യയെ ആക്രമിച്ചാല്‍ കടുത്ത തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി വാന്‍സിന് മറുപടി നല്‍കിയിരുന്നുവെന്നും ജയശങ്കര്‍ പറഞ്ഞു.

ജെ ഡി വാന്‍സിന് പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ചിരുന്നു. പാകിസ്താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിക്കാനാണ് അദ്ദേഹം ബന്ധപ്പെട്ടത്. അതു കഴിഞ്ഞ് പാക് മിലിട്ടറി ഓപ്പറേഷന്‍ ജനറല്‍ വെടിനിര്‍ത്തലിന് തയ്യാറാണെന്ന് ഇന്ത്യയെ അറിയിക്കുകയായിരുന്നുവെന്നും ജയശങ്കര്‍ വ്യക്തമാക്കി. വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന നടക്കുന്നതിനിടെ പ്രതിപക്ഷ എംപിന്മാര്‍ ഇടപ്പെട്ടത് കേന്ദ്ര ആഭ്യന്തരമന്ത്രിയെ പ്രകോപിതനാക്കിയിരുന്നു. പ്രതിപക്ഷത്തിന് വിദേശകാര്യ മന്ത്രിയില്‍ അല്ല വിശ്വാസം, മറ്റ് രാജ്യത്തെ ആളുകള്‍ പറയുന്നതാണ് കണക്കിലെടുക്കുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ അഞ്ച് ജെറ്റ് വിമാനങ്ങള്‍ തകര്‍ക്കപ്പെട്ടെന്ന പുതിയ വെളിപ്പെടുത്തലുമായിട്ട് ആയിരുന്നു ട്രംപ് അവസാനം രംഗത്തെത്തിയത്. വ്യാപാര കരാര്‍ മുന്നോട്ട് വെച്ചാണ് ഇരുരാജ്യങ്ങളെയും അനുനയിപ്പിച്ചതെന്ന വാദവും ട്രംപ് വീണ്ടും ആവർത്തിച്ചിരുന്നു. ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷം അതീവ ഗുരുതരമായിരുന്നുവെന്നും യുദ്ധവിമാനങ്ങള്‍ വെടിവെച്ചിടുന്ന സ്ഥിതിയില്‍ വരെ കാര്യങ്ങളെത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വൈറ്റ് ഹൗസില്‍ ചില റിപ്പബ്ലിക്കന്‍ നിയമനിര്‍മാതാക്കളുമായി നടത്തിയ അത്താഴ വിരുന്നിലായിരുന്നു ട്രംപിന്റെ അവകാശവാദം. അഞ്ച് ജെറ്റുകളാണ് സംഘര്‍ഷത്തിനിടയില്‍ വെടിവെച്ചിട്ടതെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഏത് രാജ്യത്തിന്റെ ജെറ്റുകളാണ് വെടിവെച്ചിട്ടതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയും പാകിസ്താനും ആണവ ശക്തികളായതാണ് സ്ഥിതി ഗുരുതരമാക്കിയതെന്നും ട്രംപ് പറഞ്ഞിരുന്നു. വ്യാപാര ചർച്ചകളെ മുൻനിർത്തിയാണ് വെടിനിർത്തല്‍ ചർച്ചകള്‍ക്ക് അന്തിമ തീരുമാനമെടുത്തതെന്നും ട്രംപ് പറഞ്ഞിരുന്നു. യുദ്ധം പരിഹരിക്കുന്നതു വരെ ഞങ്ങള്‍ നിങ്ങളോട് വ്യാപാരത്തെക്കുറിച്ച്‌ സംസാരിക്കില്ലെന്ന് ഇരു നേതാക്കളോടും പറഞ്ഞു. അതവർ കേട്ടു. ഇരുവരും മികച്ച നേതാക്കളായിരുന്നുവെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.

വെടിനിർത്തല്‍ ഇരു രാജ്യങ്ങളും അംഗീകരിച്ചത് അമേരിക്കയുടെ നേതൃത്വത്തിലെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ജെഡി വാൻസും പറ‍ഞ്ഞിരുന്നു. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍, അജിത് ഡോവല്‍, അസീം മുനീര്‍, അസീം മാലിക് എന്നിവരുമായും നടത്തിയ ചർച്ചയിലാണ് തീരുമാനമായതെന്നും മാർക്കോ റൂബിയോ എക്സില്‍ കുറിച്ചിരുന്നു. എന്നാല്‍ അമേരിക്കയുടെ വാദം ഇന്ത്യ തളളി കളഞ്ഞിരുന്നു. അവകാശവാദത്തെ എതിർത്ത് അന്നേ പ്രധാനമന്ത്രി നരേന്ദ്രമോദിയും മന്ത്രി എസ് ജയശങ്കറും രംഗത്തെത്തിയിരുന്നു.