‘വ്യാപാര കരാറുണ്ടാക്കൂ, അല്ലെങ്കില്‍ 15-20 ശതമാനം നികുതി’; ലോകരാജ്യങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി ട്രംപ്
വാഷിങ്ടണ്‍: അമേരിക്കയുമായി വ്യാപാര കരാറിലേർപ്പെടാത്ത രാജ്യങ്ങള്‍ക്ക് പ്രത്യേക നികുതി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.ഓഗസ്റ്റ് ഒന്നിലെ താരിഫ് സമയപരിധിയ്ക്ക് മുന്‍പ് കരാറിലെത്താത്ത രാജ്യങ്ങള്‍ക്കാണ് ഈ നികുതി ചുമത്തുക. 10 ശതമാനം നികുതിയാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ 15-20 ശതമാനമായി ഉയർത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമറുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ‘ലോകത്തോട് പറയുകയാണ്. താരിഫ് 15-20 ശതമാനത്തിനുള്ളിലായിരിക്കും. എല്ലാവരുമായി രമ്യതയില്‍ പോകാനാണ് എനിക്ക് ഇഷ്ടം. അമേരിക്കയുമായി ബിസിനസ് ചെയ്യാൻ താത്പര്യമില്ലാത്തവർക്കുള്ള നികുതിയാണിത്’; എന്നായിരുന്നു ട്രംപ് പറഞ്ഞത്.
നിലവില്‍ ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളും അമേരിക്കയുമായി വ്യാപാര ചർച്ചകളില്‍ ഏർപ്പെട്ടിരിക്കുകയാണ്. ഓഗസ്റ്റ് ഒന്നാണ് വ്യാപാരകരാറുകളില്‍ ഏർപ്പെടാൻ ട്രംപ് നല്‍കിയ അവസാന തീയതി. ലാറ്റിൻ അമേരിക്കൻ, ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിലെ ദരിദ്ര രാജ്യങ്ങള്‍ക്കും നേരത്തെ 10 ശതമാനം നികുതിയാണ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. അതാണ് ഇപ്പോള്‍ 15-20 ശതമാനത്തിലേക്ക് ഉയർത്തിയത്.
കഴിഞ്ഞ ദിവസം യൂറോപ്യൻ യൂണിയൻ അമേരിക്കയുമായി വ്യാപാര കരാറില്‍ ഏർപ്പെട്ടിരുന്നു. യൂറോപ്യൻ യൂണിയൻ അധ്യക്ഷ ഉർസുല വോൻ ഡെർ ലെയനും ട്രംപും തമ്മില്‍ സ്‌കോട്ട്‌ലന്‍ഡില്‍ വെച്ചുനടന്ന ചർച്ചയിലാണ് ധാരണയായത്. കരാർ പ്രകാരം യൂറോപ്യൻ യൂണിയൻ രാജ്യങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളില്‍ 15 ശതമാനം തീരുവയാണ് അമേരിക്ക ചുമത്തുക. താരിഫ് 10 ശതമാനം ആക്കണം എന്നതായിരുന്നു യൂറോപ്യൻ യൂണിയന്റെ ആവശ്യം. എന്നാല്‍ ഇത് ട്രംപ് അംഗീകരിച്ചില്ല.