പാകിസ്താനെതിരെ കളിക്കില്ല; ലെജന്‍ഡ്‌സ് ചാംപ്യന്‍ഷിപ്പ് സെമിയില്‍ നിന്ന് പിന്മാറി ഇന്ത്യ
വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ടൂര്‍ണമെന്‍ഡില്‍ സെമി ഫൈനലില്‍ നിന്ന് പിന്മാറി ഇന്ത്യന്‍ ടീം. സെമിയില്‍ പാകിസ്താനെതിരെ കളിക്കാകില്ലെന്ന് നിലപാടെടുത്തതിന് പിന്നാലെയാണ് ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയത്.ഏഷ്യ കപ്പില്‍ കളിക്കാനുള്ള ബിസിസിഐ തീരുമാനം വിവാദമായ സാഹചര്യത്തിലാണ് പിന്മാറ്റം. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലും പാകിസ്താനെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറിയിരുന്നു.
നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലും പാകിസ്താനെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറിയിരുന്നു. എന്നാല്‍ സെമിറൗണ്ടില്‍ ഈ മത്സരത്തിന് വീണ്ടും നറുക്ക് വീഴുകയായിരുന്നു. പിന്നാലെ ഇന്ത്യ-പാകിസ്താൻ മത്സരത്തില്‍ നിന്നും ടൂർണമെന്റിലെ പ്രധാന സ്‌പോണ്‍സർമാരില്‍ ഒരാളായ ഈസ്‌മൈ ട്രിപ്പ് മാറി നിന്നിരുന്നു. ക്രിക്കറ്റിനേക്കാള്‍ വലുതാണ് രാജ്യമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈസ്മൈ ട്രിപ്പിൻ്റെ പിന്മാറല്‍.
‘വരാനിരിക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരം വെറും ഒരും ഗെയിമല്ല. ക്രിക്കറ്റും തീവ്രവാദവും ഒരുപോലെ മുന്നോട്ട് പോകില്ല. ഈസ്‌മൈ ട്രിപ്പ് ഇന്ത്യക്കൊപ്പം നില്‍ക്കുന്നു. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന ഒരു രാജ്യത്തോടുള്ള ബന്ധം നോർമലൈസ് ചെയ്യാൻ ഞങ്ങള്‍ക്ക് സാധിക്കില്ല,’ ഈസ്‌മൈ ട്രിപ്പിന്റെ കോ ഫൗണ്ടർ നിഷാന്ത് പീറ്റി എക്‌സില്‍ കുറിച്ചു.
ഇത് ബിസിനസ് സംബന്ധിച്ച തീരുമാനമല്ലെന്നും രാജ്യത്തിന് വേണ്ടിയുള്ളതാണെന്നും അദ്ദേഹം എഴുതുന്നു. ഇന്ത്യയിലെ ആളുകള്‍ പറയുന്നത് ഞങ്ങള്‍ കേള്‍ക്കുന്നുവെന്നും ചില കാര്യങ്ങള്‍ കളിയേക്കാള്‍ വലുതാണെന്നും അദ്ദേഹം കുറിച്ചു.
അതേസമയം അവസാന മത്സരത്തില്‍ വെസ്റ്റ് ഇൻഡീസിനെ തകർത്താണ് ഇന്ത്യ സെമി പ്രവേശനം നടത്തിയത്. ഒറു ജയം മാത്രം നേടിയാണ് ഇന്ത്യയുടെ സെമി പ്രവേശനം. വിൻഡീസ് ഉയർത്തിയ 145 റണ്‍സിന്റെ ടാർഗറ്റ് 14.1 ഓവറില്‍ വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് സെമി സാധ്യതകളുണ്ടായിരുന്നുള്ളു. എന്നാല്‍ 13.2 ഓവറില്‍ ഇന്ത്യ ലക്ഷം കണ്ടു.