Fincat

വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് സ്വന്തംനിലയില്‍ 50 വീടുകള്‍ നിര്‍മ്മിച്ചുനല്‍കും: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനിസഭ


കോട്ടയം: ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതർക്കായി വയനാട്ടില്‍ സ്വന്തം നിലയില്‍ ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കാനൊരുങ്ങി മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ.ദുരന്തബാധിതര്‍ക്കായി സഭയുടെ നേതൃത്വത്തില്‍ 50 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിനായി രണ്ടേക്കര്‍ സ്ഥലം വിലകൊടുത്ത് വാങ്ങും. സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്ന ഭൂമിയില്‍ മറ്റാര്‍ക്കും അനുമതി നല്‍കാന്‍ സാധ്യത ഇല്ലാത്തതിനാലാണ് നേരിട്ട് വീടുകള്‍ നിര്‍മ്മിക്കുന്നതെന്ന് സഭാ നേതൃത്വം പത്രക്കുറിപ്പിലൂടെ അറിയിച്ചു. മേപ്പാടിയില്‍ 22 വീടുകളും ചൂരല്‍മലയില്‍ 16 വീടുകളും കുറിച്യാര്‍മലയിലും ദുരന്തം നാശം വിതച്ച മറ്റിടങ്ങളിലുമായി ശേഷിക്കുന്ന വീടുകളും സഭ നിര്‍മ്മിച്ചുനല്‍കും.

നേരത്തേ ലോക്സഭയെ അഭിസംബോധന ചെയ്യുന്നതിനിടെ ദുരന്തമുണ്ടായി ഒരു വര്‍ഷം കഴിഞ്ഞിട്ടും ദുരന്തബാധിതരുടെ പുനഃരധിവാസം നടന്നിട്ടില്ലെന്ന് വയനാട് എംപി പ്രിയങ്കാ ഗാന്ധി പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയില്ലാത്തതാണ് ദുരന്തബാധിതരുടെ പുനഃരധിവാസം നടക്കാത്തതിന് പ്രധാന കാരണമെന്നും പ്രിയങ്ക പറഞ്ഞിരുന്നു. ‘വയനാട് ദുരന്തത്തില്‍ നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. 17 കുടുംബങ്ങള്‍ പൂര്‍ണമായും ഇല്ലാതായി. 16,000 കെട്ടിടങ്ങള്‍ തകര്‍ന്നു. നൂറുകണക്കിന് ഏക്കര്‍ ഭൂമി നഷ്ടമായി. വ്യക്തിപരമായി പലതവണ വിഷയം സഭയില്‍ ഉന്നയിച്ചു. മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. വയനാടിന് കുറച്ചു തുക മാത്രമാണ് കേന്ദ്രം നല്‍കിയത്. അത് അപര്യാപ്തമാണ്. ആ തുകയാകട്ടെ വായ്പ്പയായാണ് നല്‍കിയത്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ തയ്യാറായില്ല. ദുരന്തബാധിതര്‍ ഇപ്പോഴും കഷ്ടപ്പെടുകയാണ്’- പ്രിയങ്കാ ഗാന്ധി വ്യക്തമാക്കിയിരുന്നു.

അതിനിടെ ദുരന്തബാധിതര്‍ക്കായുളള ചികിത്സാ സഹായം ഡിസംബര്‍ വരെ നീട്ടി നല്‍കിയതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ പല ആവശ്യങ്ങളും കേന്ദ്രം ഇപ്പോഴും അംഗീകരിച്ചിട്ടില്ലെന്നും കേന്ദ്രത്തിന്റേത് ശത്രുതാപരമായ സമീപനമാണെന്നും കെ രാജന്‍ പറഞ്ഞു. ‘വയനാട് എട്ട് ആദിവാസി കുടുംബങ്ങളെ പുനഃരധിവസിപ്പിക്കും. ഡിഡിഎംഎ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 49 കുടുംബങ്ങളെ ടൗണ്‍ഷിപ്പില്‍ ഉള്‍പ്പെടുത്തും. ഫിസിക്കല്‍ പരിശോധന നടത്തി കൂടുതല്‍ പേരെ ഉള്‍പ്പെടുത്തും. വിലങ്ങാടും ചൂരല്‍മലയ്ക്ക് സമാനമായ സാമ്ബത്തിക സഹായം നല്‍കും. ദുരന്തത്തില്‍ കടകളും കച്ചവടവും നഷ്ടമായ വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കും. തുടര്‍ ചികിത്സ വേണ്ടവരുടെ ചികിത്സയ്ക്കുളള പണം ഡിസംബര്‍ 31 വരെ അനുവദിക്കാനും അതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ആറ് കോടി രൂപ അനുവദിക്കാനും തീരുമാനമായിട്ടുണ്ട്’- മന്ത്രി കെ രാജന്‍ കൂട്ടിച്ചേര്‍ത്തു.