Fincat

ലുലു മാളിന് ഭൂമി അനുവദിച്ച നടപടി പിന്‍വലിക്കണം; പ്രക്ഷോഭവുമായി സിപിഐഎം


വിശാഖപട്ടണം: ആര്‍ കെ മാള്‍ ആരംഭിക്കുന്നതിനായി ഭൂമി അനുവദിച്ച നടപടി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭവുമായി സിപിഐഎം.ബഹുരാഷ്ട്ര കുത്തകയ്ക്ക് നിയമവിരുദ്ധമായി ഭൂമി അനുവദിച്ചതില്‍ സിബിഐ അന്വേഷണം നടത്തണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.

ഇന്ത്യന്‍ നേവി സംഘടിപ്പിക്കുന്ന, രാഷ്ട്രപതിയും പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പോലുള്ള വിവി ഐപികള്‍ പങ്കെടുക്കുന്ന, സൈനികാഭ്യാസങ്ങള്‍ സംഘടിപ്പിക്കുന്ന ആര്‍ കെ ബീച്ചിനടുത്ത് ലുലു മാളിനായി ഭൂമി അനുവദിച്ചതില്‍ സിപിഐഎം ജില്ലാ സെക്രട്ടറി എം ജഗ്ഗുനായിഡു അത്ഭുതം രേഖപ്പെടുത്തി. 3000 കോടി രൂപ വിലമതിക്കുന്ന 13.74 ഏക്കര്‍ ഭൂമി ഒരു ബഹുരാഷ്ട്ര കുത്തകയ്ക്ക് അനുവദിച്ചു. ഈ ഇടപാടില്‍ കേന്ദ്ര സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആന്ധ്രപ്രദേശിന്റെ വാണിജ്യ തലസ്ഥാനമായ വിശാഖപട്ടണത്തെ ഈ ഭൂമി ലുലു ഗ്രൂപ്പിന് നല്‍കാതെ ലക്ഷക്കണക്കിന് വിനോദ സഞ്ചാരികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള പൊതു സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി ഉപയോഗിക്കണമെന്നും എം ജഗ്ഗുനായിഡു പറഞ്ഞു. ഭൂമി നല്‍കാനുള്ള തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ സിപിഐഎം പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഭൂമി അനുവദിച്ചത്, എന്നാല്‍ ചെറുകിട വ്യാപാരികളുടെ തൊഴിലാണ് നഷ്ടപ്പെടുകയെന്ന് ബി ഗംഗാറാവു പറഞ്ഞു. കോര്‍പ്പറേറ്റ് ഗ്രൂപ്പുകള്‍ക്കും ബഹുരാഷ്ട്ര കുത്തകകള്‍ക്കും നിയമവിരുദ്ധമായി ഭൂമി അനുവദിക്കുന്നതിനെതിരെ ജനങ്ങള്‍ സമരരംഗത്ത് ഇറങ്ങണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി മണി അഭ്യര്‍ത്ഥിച്ചു.