Fincat

‘മരിച്ച സമ്ബദ്‌വ്യവസ്ഥകളുമായി ഇന്ത്യയും റഷ്യയും കൂടുതല്‍ താഴേക്ക് പോകട്ടെ’; ഡോണള്‍ഡ് ട്രംപ്


വാഷിംഗ്‌ടണ്‍: താരിഫ് പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യക്കും റഷ്യക്കുമെതിരെ കടുത്ത വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ്‌ ട്രംപ്.ഇന്ത്യയുടേതും റഷ്യയുടേതും മരിച്ച സമ്ബദ്‌വ്യവസ്ഥകളെന്നും ഇരുവർക്കും ഒരുമിച്ച്‌ അതിനെ താഴേക്ക് കൊണ്ടുപോകാമെന്നുമാണ് ട്രംപ് പറഞ്ഞത്. ഇന്ത്യ റഷ്യ വ്യാപാരബന്ധം ചൂണ്ടിക്കാണിച്ച്‌ കൊണ്ടായിരുന്നു ട്രംപിന്റെ രൂക്ഷവിമർശനം.

‘ഇന്ത്യ റഷ്യയോടൊപ്പം എന്തൊക്കെ ചെയ്യുന്നു എന്നത് എന്റെ കാര്യമല്ല. അവർ അവരുടെ മരിച്ച സമ്ബദ്‌വ്യവസ്ഥയുമായി ഒരുമിച്ച്‌ താഴേക്ക് പോകട്ടെ. ഞങ്ങള്‍ക്ക് ഇന്ത്യയുമായി ചെറിയ ബിസിനസ് ഡീല്‍ മാത്രമേ ഉള്ളു. അവരുടെ താരിഫ് വളരെ കൂടുതലാണ്. റഷ്യയും യുഎസും തമ്മില്‍ ഒരു വ്യാപാരവുമില്ല. ഇപ്പോഴും പ്രസിഡന്റാണെന്ന് വിചാരിക്കുന്ന, തോറ്റ പ്രസിഡന്റ് മെദ്‌വെദേവിനോട് വാക്കുകള്‍ സൂക്ഷിച്ച്‌ സംസാരിക്കാൻ പറയണം. അപകടകരമായ മേഖലയിലാണ് അയാള്‍ കൈവെക്കുന്നത്’; ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

മണിക്കൂറുകള്‍ക്ക് മുൻപാണ് ഇന്ത്യക്ക് 25 ശതമാനം താരിഫ് ചുമത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ്‌ ട്രംപ് പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവയും അധിക പിഴയും ചുമത്തുമെന്ന് ട്രംപ് അറിയിച്ചിരുന്നു. സൈനിക ഉപകരണങ്ങളില്‍ ഭൂരിഭാഗവും റഷ്യയില്‍ നിന്നാണ് ഇന്ത്യ വാങ്ങുന്നതെന്നും ട്രംപ് പോസ്റ്റില്‍ കുറിച്ചിരുന്നു. ഇവയാണ് ട്രംപിനെ പ്രകോപിപ്പിച്ചത് എന്നാണ് കരുതപ്പെടുന്നത്.

ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ മറുപടിയുമായി ഇന്ത്യയും രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ രാജ്യതാത്‌പര്യമാണ് വലുതെന്നും അവ സംരക്ഷിക്കുമെന്നും വ്യവസായ വാണിജ്യ വകുപ്പ് പുറത്തിറക്കിയ വാർത്താകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. കർഷകർ, സംരംഭകർ, ചെറുകിട വ്യവസായങ്ങള്‍ എന്നിവരുടെ വളർച്ചയ്ക്ക് കേന്ദ്രസർക്കാർ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. അവരുടെ താത്പര്യം സംരക്ഷിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും വാർത്താകുറിപ്പില്‍ സൂചിപ്പിക്കുന്നു.