‘കന്യാസ്ത്രീകള്‍ ശിക്ഷ ഏറ്റുവാങ്ങണം, മലയാളികള്‍ ആയതിനാല്‍ രക്ഷപ്പെടുത്തുക എന്ന നയം അപലപനീയം’; വിശ്വ ഹിന്ദു പരിഷത്ത്
കൊച്ചി: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ വിഷയത്തില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തണമെന്ന് കേരള വിശ്വ ഹിന്ദു പരിഷത്ത്.കന്യസ്ത്രീകള്‍ കുറ്റം ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട് എന്നും ആദിവാസി കുട്ടികളെ തള്ളി കന്യാസ്ത്രീകളെ പിന്തുണയ്ക്കാൻ കേരളത്തിലെ രാഷ്ട്രീയപാർട്ടികള്‍ കാണിക്കുന്ന വ്യഗ്രത സംശയാസ്പദമാണ് എന്നും വിശ്വ ഹിന്ദു പരിഷത്ത് പറഞ്ഞു.
കന്യസ്ത്രീകള്‍ കുറ്റം ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കോടതിയും പറഞ്ഞു. എന്നിട്ടും മലയാളികളായതിനാല്‍ കുറ്റവാളികളെ രക്ഷപ്പെടുത്തണം എന്ന നയം അപലപനീയമെന്നും വിശ്വ ഹിന്ദു പരിഷത്ത് വാർത്താകുറിപ്പില്‍ പറഞ്ഞു.
സ്വകാര്യ തൊഴില്‍ ചെയ്യാനായിരുന്നുവെങ്കില്‍ പെണ്‍കുട്ടികളുടെ പേരുവിവരങ്ങള്‍ പോർട്ടലില്‍ രജിസ്റ്റർ ചെയ്യണമായിരുന്നു. എന്നാല്‍ കന്യാസ്ത്രീകള്‍ അത്തരത്തില്‍ ചെയ്തില്ല എന്നത് നിയമവിരുദ്ധമായ നടപടിയാണ് എന്നും വിശ്വ ഹിന്ദു പരിഷത്ത് പറഞ്ഞു. ഈ സാഹചര്യങ്ങള്‍ എല്ലാം വിരല്‍ചൂണ്ടുന്നത് മനുഷ്യക്കടത്ത് എന്നതിലേക്കാണ്. ഛത്തീസ്ഗഡിലെ പ്രതിപക്ഷമായ കോണ്‍ഗ്രസ് ഈ സംഭവത്തില്‍ നിശബ്ദത തുടരുകയാണ്. ഇത് നിയമവിരുദ്ധമായ നടപടിയാണ് എന്നതിന്റെ തെളിവാണ് എന്നും സംഘടന പറയുന്നു. നിയമം അനുശാസിക്കുന്ന രീതിയില്‍ കന്യാസ്ത്രീകള്‍ ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാകണമെന്നും ഇരകളാക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ആവശ്യമായ നിയമസഹായം വിശ്വ ഹിന്ദു പരിഷത്തും ബജ്‌രംഗ് ദളളും നല്‍കുമെന്നും വാർത്താകുറിപ്പില്‍ പറയുന്നു.
അതേസമയം, ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയില്‍ നിന്ന് വിശദാംശങ്ങള്‍ തേടി. പ്രധാനമന്ത്രിയുമായി അമിത് ഷാ വിഷയം സംസാരിച്ചുവെന്നാണ് വിവരം. ഇന്ന് പകല്‍ പന്ത്രണ്ട് മണിക്ക് യുഡിഎഫ് എംപിമാര്‍ അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. അതിനുമുന്നോടിയായാണ് അമിത് ഷാ ചത്തീസ്ഗഡ് മുഖ്യമന്ത്രിയില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയിരിക്കുന്നത്.
കന്യാസ്ത്രീകള്‍ ആറാം ദിനവും ജയിലില്‍ തുടരുകയാണ്. ഇരുവരും ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. എൻഐഎ കോടതിയെ സമീപിക്കേണ്ടതില്ലെന്ന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. ഇതോടെയാണ് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനമുണ്ടായത്. കഴിഞ്ഞ ദിവസം ഇവരുടെ ജാമ്യ ഹർജി ദുർഗ് മജിസ്ട്രേറ്റ് കോടതി തളളിയിരുന്നു.