ഇന്ത്യയടക്കം എഴുപതോളം രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയ അധിക തീരുവ പ്രാബല്യത്തില്‍; ഉത്തരവില്‍ ഒപ്പുവെച്ച് ഡോണള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: എഴുപതിലധികം രാജ്യങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 41ശതമാനം വരെ പരസ്പര തീരുവ ചുമത്തി അമേരിക്ക. ഇത് സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവില്‍ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചു.പുതിയ ഉത്തരവ് പ്രകാരം ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത് 25 ശതമാനം അധിക നികുതിയാണ്. വ്യാപാര രീതികളിലെ ദീർഘകാല അസന്തുലിതാവസ്ഥയുടെ ഭാഗമായാണ് താരിഫ് ചുമത്തുന്നതെന്നാണ് ട്രംപ് ഭരണകൂടത്തിൻ്റെ നിലപാട്.
കാനഡയ്ക്ക് മേല്‍ ചുമത്തിയിരുന്ന താരിഫ് നിരക്ക് 25 ശതമാനത്തില്‍ നിന്ന് 35 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. നിയമവിരുദ്ധ മയക്കുമരുന്ന് പ്രതിസന്ധിയില്‍ നടപടിയെടുക്കുന്നതില്‍ കാനഡ പരാജയപ്പെട്ടത് ചൂണ്ടിക്കാണിച്ചാണ് താരിഫ് നിരക്ക് ഉയർത്തിയതെന്നാണ് വിശദീകരണം.
നേരത്തെ ഓഗസ്റ്റ് 1ന് മുമ്ബ് വ്യാപാര കരാറുകള്‍ അന്തിമമാക്കണമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉത്തരവില്‍ ഒപ്പുവെച്ച് ഏഴ് ദിവസത്തിന് ശേഷം പുതിയ താരിഫ് നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഓഗസ്റ്റ് 7ന് മുമ്ബ് കപ്പലുകളില്‍ കയറ്റുകയും ഒക്ടോബർ 5-നകം അമേരിക്കിയില്‍ എത്തുകയും ചെയ്യുന്ന സാധനങ്ങള്‍ക്ക് പുതിയ നിരക്കുകള്‍ ബാധകമാകില്ല. എന്നാല്‍ കനേഡിയൻ ഇറക്കുമതികള്‍ക്ക് ചുമത്തിയിരിക്കുന്ന 35 ശതമാനം താരിഫ് ഓഗസ്റ്റ് 1-ന് തന്നെ പ്രാബല്യത്തില്‍ വരും.
പുതിയ താരിഫ് നിരക്കുകള്‍
• 41% താരിഫ്: സിറിയ
• 40% താരിഫ്: ലാവോസ്, മ്യാൻമർ (ബർമ)
• 39% താരിഫ്: സ്വിറ്റ്സർലൻഡ്35% താരിഫ്: ഇറാഖ്, സെർബിയ
• 30% താരിഫ്: അള്‍ജീരിയ, ബോസ്നിയ ആൻഡ് ഹെർസഗോവിന, ലിബിയ, ദക്ഷിണാഫ്രിക്ക
• 25% താരിഫ്: ഇന്ത്യ, ബ്രൂണൈ, കസാക്കിസ്ഥാൻ, മോള്‍ഡോവ, ടുണീഷ്യ
• 20% താരിഫ്: ബംഗ്ലാദേശ്, ശ്രീലങ്ക, തായ്‌വാൻ, വിയറ്റ്നാം
• 19% താരിഫ്: പാകിസ്ഥാൻ, മലേഷ്യ, ഇന്തോനേഷ്യ, കംബോഡിയ, ഫിലിപ്പീൻസ്, തായ്‌ലൻഡ്
• 18% താരിഫ്: നിക്കരാഗ്വ
• 15% താരിഫ്: ഇസ്രായേല്‍, ജപ്പാൻ, തുർക്കി, നൈജീരിയ, ഘാന, മറ്റു പലതും
• 10% താരിഫ്: ബ്രസീല്‍, ബ്രിട്ടൻ, ഫോക്ക്‌ലാൻഡ് ദ്വീപുകള്‍
• യൂറോപ്യൻ യൂണിയനെ സംബന്ധിച്ച് 15 ശതമാനത്തില്‍ കൂടുതല്‍ അമേരിക്കൻ തീരുവ നിരക്കുകളുള്ള സാധനങ്ങള്‍ക്ക് പുതിയ താരിഫുകള്‍ ബാധകമല്ല. എന്നാല്‍ 15 ശതമാനത്തില്‍ താഴെ തീരുവ നിരക്കുകളുള്ള സാധനങ്ങള്‍ക്ക് നിലവിലെ തീരുവ നിരക്കില്‍ നിന്ന് 15 ശതമാനം മൈനസ് ചെയ്യുന്ന തരത്തില്‍ താരിഫ് ക്രമീകരിക്കും.