Fincat

‘ജസ്സി ഭായ് ഇല്ലേ, നോ പ്രോബ്ലം!’; ഇന്ത്യയുടെ പടക്കുതിരയായി DSP സിറാജ്, വാഴ്ത്തിപ്പാടി സോഷ്യല്‍ മീഡിയ


‘ഞാന്‍ ജസ്സി ഭായ്‌യെ മാത്രമാണ് വിശ്വസിക്കുന്നത്, കാരണം അദ്ദേഹം ഒരു ഗെയിം ചേഞ്ചറാണ്’കഴിഞ്ഞ വര്‍ഷം ബാര്‍ബഡോസില്‍ നടന്ന ടി20 ലോകകപ്പ് ഫൈനലിന് ശേഷം പേസര്‍ ജസ്പ്രീത് ബുംറയെ കുറിച്ച്‌ മുഹമ്മദ് സിറാജ് പറഞ്ഞ വാക്കുകള്‍ ഓര്‍മ്മയില്ലേ?കോടിക്കണക്കിന് വരുന്ന ഇന്ത്യന്‍ ആരാധകരെ പ്രതിനിധീകരിക്കുന്ന വാക്കുകളാണ് സിറാജ് അന്ന് പറഞ്ഞത്.
ജസ്പ്രീത് ബുംറയുള്ളപ്പോള്‍ മാത്രമാണ് സിറാജിന് തിളങ്ങാന്‍ സാധിക്കുകയെന്നത് കാലങ്ങളായി ഇന്ത്യന്‍ ആരാധകര്‍ വിശ്വസിച്ചുപോന്ന ഒരു കാര്യമാണ്. 2017ല്‍ അരങ്ങേറ്റം കുറിച്ചതുമുതല്‍ ബുംറയുടെ നിഴലായി മാത്രം ഒതുങ്ങിപ്പോയ താരമാണ് സിറാജ്.
എന്നാല്‍ ബുംറയില്ലെങ്കിലോ? ഓവലിലെ വീരോചിത പ്രകടനത്തിന് പിന്നാലെ DSP സിറാജിനെ വാഴ്ത്തിപ്പാടുകയാണ് സോഷ്യല്‍ മീഡിയ. ‘ജസ്സി ഭായ് ഇല്ലാത്തപ്പോള്‍ ഞാന്‍ സിറാജ് ഭായ്‌യില്‍ മാത്രമേ വിശ്വസിക്കൂ’, എന്നാണ് ആരാധകർ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.

അത്തരമൊരു സാഹചര്യമാണ് കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റില്‍ ക്രിക്കറ്റ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. ഇംഗ്ലണ്ടിനെതിരെ വീണ്ടും ഇന്ത്യയുടെ രക്ഷകനായി അവതരിച്ചിരിക്കുകയാണ് മുഹമ്മദ് സിറാജ്. ഓവലില്‍ പുരോഗമിക്കുന്ന അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ സിറാജ് താന്‍ ടീമിലെ വെറുമൊരു ‘സൈഡ്കിക്ക്’ മാത്രമല്ലെന്ന് തെളിയിച്ചു.ഇതോടെ ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരയില്‍ ലീഡിങ് വിക്കറ്റ് ടേക്കറായും മുഹമ്മദ് സിറാജ് മാറി. രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് പ്രകടനം നടത്തിയ താരം പരമ്ബരയില്‍ ആകെ മൊത്തം 18 വിക്കറ്റുകള്‍ നേടി.സിറാജിന്റെ മികച്ച പ്രകടനത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 247 റണ്‍സില്‍ ഒതുക്കി. ഒരുസമയത്ത് മികച്ച ലീഡിലേക്ക് കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്ന ഇംഗ്ലണ്ടിന് ഒടുവില്‍ 23 റണ്‍സാണ് ലീഡ് ലഭിച്ചത്.