Fincat

ഏഷ്യ കപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടി; ബുംറ പിന്മാറിയാതായി റിപ്പോര്‍ട്ട്


സെപ്റ്റംബർ 9 മുതല്‍ 28 വരെയുള്ള ഏഷ്യ കപ്പ് ടൂർണമെന്റില്‍ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ കളിക്കില്ല.വർക്ക് ലോഡ് മാനേജ്‌മെന്റ് മൂലം താരം ടൂർണമെന്റില്‍ നിന്നും മാറിനില്‍ക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ഇപ്പോള്‍ പുരോഗമിക്കുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആൻഡേഴ്‌സണ്‍-ടെണ്ടുല്‍ക്കർ ട്രോഫിയില്‍ താരം മൂന്ന് മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. 119.4 ഓവർ എറിഞ്ഞ് 31 കാരൻ 14 വിക്കറ്റുകള്‍ വീഴ്ത്തി.
അതേ സമയം യു എ ഇ യിലാണ് ഇത്തവണ ഏഷ്യ കപ്പ് ടൂർണമെന്റ് നടക്കുന്നത്. അടുത്ത വർഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ഐസിസി ടി20 ലോകകപ്പിന് മുന്നോടിയായി ഈ ഏഷ്യാ കപ്പ് ടി20 ഫോർമാറ്റിലായിരിക്കും നടക്കുക.

എട്ട് ടീമുകളാണ് ടൂർണമെന്റില്‍ മാറ്റുരയ്ക്കുക. ഐസിസിയുടെ അഞ്ച് പൂർണ അംഗങ്ങളായ ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നിവർക്ക് പുറമെ 2024ലെ ഐസിസി പ്രീമിയർ കപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച യുഎഇ, ഒമാൻ, ഹോങ്കോങ് എന്നീ ടീമുകളും ടൂർണമെന്റില്‍ പങ്കെടുക്കും.
പരമ്ബരാഗത വൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പരസ്പരം പോരാടും. ഗ്രൂപ്പ് എ യില്‍ ഇന്ത്യ, പാകിസ്ഥാൻ, യുഎഇ, ഒമാൻ എന്നീ ടീമുകളാണ് ഉള്ളത്. ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് എന്നീ ടീമുകളും അണിനിരയ്ക്കും. സെപ്‌തംബർ 14 ന് ഇന്ത്യയും പാക്സിതാനും തമ്മിലുള്ള ഗ്രൂപ്പ് പോരാട്ടം നടക്കും.