Fincat

കാറുകള്‍ മാത്രമല്ല ഇനി ഡ്രോണുകളും ആകാശ വാഹനങ്ങളും മാരുതി നിര്‍മ്മിക്കും!


ഇന്ത്യയിലെ ഏറ്റവും വലുതും ജനപ്രിയവുമായ വാഹന നിർമ്മാതാക്കളാണ് മാരുതി സുസുക്കി. കമ്ബനി വർഷങ്ങളായി ആഭ്യന്തര വിപണിയില്‍ തങ്ങളുടെ ഒന്നാംസ്ഥാനം നിലനിർത്തുന്നു.എല്ലാ മാസവും ദശലക്ഷക്കണക്കിന് യൂണിറ്റ് കാറുകള്‍ വില്‍ക്കുന്ന മാരുതി സുസുക്കി രാജ്യത്തെ മിക്കവാറും എല്ലാ കാർ സെഗ്‌മെന്റുകളിലും സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. കമ്ബനിയുടെ ആദ്യത്തെ ഇലക്‌ട്രിക് കാറിനായി വാഹനലോകം കാത്തിരിക്കുകയാണ്. സെപ്റ്റംബർ മൂന്നിന് കമ്ബനി ഇത് പുറത്തിറക്കും.

എന്നാല്‍ ഇപ്പോള്‍ കാറുകള്‍ക്കൊപ്പം മറ്റ് മേഖലകളിലും പ്രവേശിക്കാൻ ഒരുങ്ങുകയാണ് മാരുതി സുസുക്കി എന്നാണ് പുതിയ റിപ്പോ‍ട്ടുകള്‍. ഡ്രോണുകള്‍, ആളില്ലാ ആകാശ വാഹനങ്ങള്‍ (UAV), ആളില്ലാ വിമാന സംവിധാനങ്ങള്‍ (UAS) തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകള്‍ നിർമ്മിക്കുന്നതിലും മാരുതി സുസുക്കി ഇനി ഏ‍ർപ്പെടും എന്നാണ് പുതിയ റിപ്പോ‍ട്ടുകള്‍ . ഇതുകൂടാതെ ഭാവിയിലെ മൊബിലിറ്റി സാങ്കേതികവിദ്യയ്ക്ക് വളരെ പ്രധാനപ്പെട്ട പ്രൊപ്പല്‍ഷൻ, കണ്‍ട്രോള്‍ സിസ്റ്റങ്ങള്‍ പോലുള്ള സാങ്കേതികവിദ്യകളുടെ വികസനത്തിലും നിർമ്മാണത്തിനും മാരുതി സുസുക്കി തയ്യാറെടുക്കുകയാണ്.

ഓട്ടോമൊബൈല്‍ നിർമ്മാണത്തിനപ്പുറം ബിസിനസ് വ്യാപ്‍തി വികസിപ്പിക്കുന്നതിനായി മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ (MoA) യുടെ ഒബ്‍ജക്റ്റ് ക്ലോസില്‍ മാറ്റങ്ങള്‍ വരുത്താൻ ബോർഡ് അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് മാരുതി സുസുക്കി കഴിഞ്ഞ ദിവസം പറഞ്ഞു. അതായത് ഇപ്പോള്‍ കമ്ബനി കാറുകള്‍ നിർമ്മിക്കുന്നതില്‍ മാത്രം ഒതുങ്ങാൻ ആഗ്രഹിക്കുന്നില്ല. പുതിയ യുഗത്തിന്റെ ആവശ്യങ്ങള്‍ മനസില്‍ വെച്ചുകൊണ്ട് കൂടുതല്‍ മേഖലകളിലേക്ക് ചുവടുവയ്ക്കും.

2025 ജൂലൈ 31 ന് നടന്ന ബോർഡ് യോഗത്തില്‍ ഈ മാറ്റങ്ങള്‍ അംഗീകരിച്ചതായി കമ്ബനി എൻ‌എസ്‌ഇയ്ക്കും ബി‌എസ്‌ഇയ്ക്കും സമർപ്പിച്ച ഫയലിംഗില്‍ അറിയിച്ചു. 2025 ഓഗസ്റ്റ് 28 ന് നടക്കാനിരിക്കുന്ന വരാനിരിക്കുന്ന വാർഷിക പൊതുയോഗത്തില്‍ (എജിഎം) അംഗീകാരത്തിനായി ഇത് ഓഹരി ഉടമകളുടെ മുമ്ബാകെ സമർപ്പിക്കും. ഭേദഗതി ചെയ്ത ക്ലോസ് എം‌എസ്‌ഐ‌എല്ലിന്റെ പ്രവർത്തന വ്യാപ്‍തി വികസിപ്പിക്കുന്നു. ഡ്രോണുകള്‍, ആളില്ലാ ആകാശ വാഹനങ്ങള്‍ (യു‌എ‌വി), ആളില്ലാ വിമാന സംവിധാനങ്ങള്‍ (യു‌എ‌എസ്) എന്നിവയുടെ നിർമ്മാണവും പ്രൊപ്പല്‍ഷൻ, നിയന്ത്രണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ആധുനിക സാങ്കേതികവിദ്യകളും ഇതില്‍ ഉള്‍പ്പെടുന്നു.

ഇതുകൂടാതെ, വാഹന ലീസിംഗ്, സബ്‌സ്‌ക്രിപ്‌ഷൻ മോഡല്‍, ഷെയേർഡ് മൊബിലിറ്റി, പഴയ വാഹനങ്ങളുടെ വാങ്ങലും വില്‍പ്പനയും, ഇലക്‌ട്രിക് വാഹന ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ, ഹൈഡ്രജൻ, ബയോഗ്യാസ് തുടങ്ങിയ ബദല്‍ ഇന്ധനങ്ങളുടെ വ്യാപാരം, കാർബണ്‍ ക്രെഡിറ്റുകളുടെ വാങ്ങലും വില്‍പ്പനയും, പഴയ വാഹനങ്ങളുടെ പുനരുപയോഗം തുടങ്ങിയ പുതിയ മേഖലകളിലേക്ക് കടക്കാനും മാരുതി ഇപ്പോള്‍ തയ്യാറെടുക്കുകയാണ്. ഈ സേവനങ്ങള്‍ക്കൊപ്പം, ഗവേഷണ വികസനം, ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, വാഹന പരിശോധന, സർട്ടിഫിക്കേഷൻ തുടങ്ങിയ സേവനങ്ങളും നല്‍കാൻ കമ്ബനി പദ്ധതിയിടുന്നു. ഭാവിയിലെ സുസ്ഥിരവും സ്മാർട്ട് മൊബിലിറ്റിയും എന്ന ലക്ഷ്യത്തിലേക്ക് മാരുതി ഇപ്പോള്‍ അതിവേഗം നീങ്ങാനുള്ള കമ്ബനിയുടെ ശ്രമത്തെ ഈ നീക്കം പ്രതിഫലിപ്പിക്കുന്നു.