Fincat

കന്യാസ്ത്രീകള്‍ക്ക് ജാമ്യം: കാത്തിരുന്നത് ഈ ദിനത്തിനായി, കൂടെ നിന്നവര്‍ക്ക് നന്ദി, പ്രതികരിച്ച്‌ സിസ്റ്റര്‍ വന്ദനയുടെ സഹോദരൻ


കണ്ണൂർ: ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതില്‍ ഏറെ സന്തോഷമെന്ന് സിസ്റ്റർ വന്ദനയുടെ സഹോദരൻ ചെറിയാൻ.കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുന്നതിനായി കേന്ദ്രവും എല്ലാ രാഷ്ട്രീയ പാർട്ടികളും മാധ്യമ പ്രവർത്തകരും ഇടപെട്ടിരുന്നു. ഈ ഒരു ദിവസത്തിനു വേണ്ടിയാണ് കാത്തിരുന്നത്. ഒരുപാട് പ്രാർത്ഥിച്ചു. വല്ലാത്ത അവസ്ഥയിലൂടെയായിരുന്നു കടന്നു പോയത്. കൂടെ നിന്ന എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

ഉപാധികളോടെയാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒൻപത് ദിവസത്തെ ജയില്‍ വാസത്തിനുശേഷം ബിലാസ്പുർ എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തിരുന്നത്. പാസ്പോർട്ട് കെട്ടിവെക്കുക, 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യം തുടങ്ങിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.