വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇരുട്ടടിയാകുമോ? ഐഫോണ്‍ 17 സീരീസിന് വില കൂടിയേക്കും, പുതിയ നിറങ്ങളും ലഭിക്കും
കാലിഫോര്‍ണിയ: 2025 സെപ്റ്റംബറില്‍ ഐഫോണ്‍ 17 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന ഈ സീരീസിലെ ഓരോ മോഡലിനെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്ന നിരവധി വിവരങ്ങളും അനൗദ്യോഗിക റിപ്പോർട്ടുകളും പുറത്തുവന്നുതുടങ്ങിയിട്ടുണ്ട്.വരാനിരിക്കുന്ന ഐഫോണ്‍ 17 ശ്രേണി എല്ലാത്തരം ഉപയോക്താക്കള്‍ക്കും ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അതില്‍ ഐഫോണ്‍ 17, ഐഫോണ്‍ 17 എയർ, ഐഫോണ്‍ 17 പ്രോ, ഏറ്റവും മുന്തിയ ഫ്ലാഗ്‌ഷിപ്പായ ഐഫോണ്‍ 17 പ്രോ മാക്സ് തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടുന്നു.
അതേസമയം, ആപ്പിള്‍ ഐഫോണ്‍ വില കൂട്ടുമെന്നു റിപ്പോർട്ടുകള്‍ പറയുന്നു. ആപ്പിള്‍ എല്ലാ ഐഫോണ്‍ 17 മോഡലുകളുടെയും വില 50 ഡോളർ വർധിപ്പിക്കാൻ സാധ്യതയുണ്ട് എന്ന് ജെഫറീസ് അനലിസ്റ്റ് എഡിസണ്‍ ലീയുടെ സമീപകാല നിക്ഷേപക കുറിപ്പ് വ്യക്തമാക്കുന്നു. വർധിച്ചുവരുന്ന ഉല്‍പാദന ചെലവുകള്‍ക്കും ചൈനീസ് നിർമ്മിത ഘടകങ്ങളുടെ ഇറക്കുമതി താരിഫുകളുമാണ് ഈ വില വർധനവിന് കാരണം എന്നാണ് റിപ്പോർട്ടുകള്‍.
സ്റ്റാൻഡേർഡ് ഐഫോണ്‍ 17, പുതുതായി അവതരിപ്പിച്ച ഐഫോണ്‍ 17 എയർ, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ് എന്നിവയുള്‍പ്പെടെ വരാനിരിക്കുന്ന ഐഫോണ്‍ 17 നിരയിലെ എല്ലാ വകഭേദങ്ങള്‍ക്കും വില വർധനവ് പ്രതീക്ഷിക്കുന്നു. നിലവിലുള്ള ഐഫോണ്‍ 16 സീരീസിന്റെ എൻട്രി ലെവല്‍ മോഡലിന് നിലവില്‍ 799 ഡോളറിനും ടോപ്പ്-ടയർ ഐഫോണ്‍ 16 പ്രോ മാക്സിന് 1,199 ഡോളറിനും ഇടയിലാണ് വില.
2025 സെപ്റ്റംബർ പകുതിയോടെയാവും ഐഫോണ്‍ 17 ലൈനപ്പ് ആപ്പിള്‍ പുറത്തിറക്കുക. ഐഫോണ്‍ 17, ഐഫോണ്‍ 17 എയർ, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ് എന്നിവ ഉള്‍പ്പെടുന്ന പുതുക്കിയ സീരീസ് ഈ മാസത്തിലെ രണ്ടാം വാരത്തില്‍ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. പുതിയ ഐഫോണ്‍ സീരീസിന്‍റെ ഔദ്യോഗിക ലോഞ്ച് ഇവന്‍റ് സെപ്റ്റംബർ 8, 9 അല്ലെങ്കില്‍ 10 തീയതികളില്‍ നടക്കുമെന്ന് രാജ്യാന്തര മാധ്യമമായ ബ്ലൂംബെർഗിന്‍റെ പ്രശസ്ത ആപ്പിള്‍ റിപ്പോർട്ടർ മാർക്ക് ഗുർമാൻ പറയുന്നു. അതേസമയം, സെപ്റ്റംബർ 12 വെള്ളിയാഴ്ച പ്രീ-ഓർഡറുകള്‍ ആരംഭിക്കുമെന്നും റീട്ടെയില്‍ ലഭ്യതയും കയറ്റുമതിയും സെപ്റ്റംബർ 19-ഓടെ ആരംഭിക്കുമെന്നുമാണ് 9to5Mac പോലുള്ള സ്രോതസുകള്‍ പ്രതീക്ഷിക്കുന്നത്.
ഐഫോണുകള്‍ക്ക് പുത്തന്‍ നിറങ്ങള്‍
മുൻ തലമുറകളിലെ എന്നപോലെ, ഐഫോണ്‍ 17 സീരീസും ഒന്നിലധികം നിറങ്ങളില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ഫോണില്‍ ആപ്പിള്‍ ആറ് നിറങ്ങള്‍ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകള്‍. അതില്‍ കറുപ്പ്, വെള്ള, ഇളം നീല, സ്റ്റീല്‍ ഗ്രേ, പച്ച, പർപ്പിള്‍ തുടങ്ങിയ നിറങ്ങള്‍ ഉള്‍പ്പെടാൻ സാധ്യതയുണ്ട്. അടുത്തിടെ ടിപ്‌സ്റ്ററായ മജിൻ ബു ഐഫോണ്‍ ഡമ്മി യൂണിറ്റുകളുടെ ചിത്രങ്ങള്‍ പങ്കിട്ടിരുന്നു. ഈ ചിത്രങ്ങള്‍ വരാനിരിക്കുന്ന ഐഫോണ്‍ ലൈനപ്പില്‍ അരങ്ങേറ്റം കുറിക്കാൻ പോകുന്ന രണ്ട് പുതിയ നിറങ്ങളായ പച്ച, പർപ്പിള്‍ എന്നിവയുടെ ആദ്യ കാഴ്ച വെളിപ്പെടുത്തി.
വരാനിരിക്കുന്ന ഐഫോണ്‍ 17 പ്രോയില്‍ ക്യാമറ സിസ്റ്റത്തില്‍ ഒരു വലിയ പരിഷ്‍കരണം ലഭിച്ചേക്കുമെന്നും റിപ്പോർട്ടുകള്‍ ഉണ്ട്. പുനർരൂപകല്‍പ്പന ചെയ്ത മൊഡ്യൂളില്‍ 8എക്സ് ഒപ്റ്റിക്കല്‍ സൂം ലെൻസ് ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഉപയോക്താക്കള്‍ക്ക് ദൂരെയുള്ള വസ്‍തുക്കളുടെ ഫോട്ടോ കൃത്യതയോടെ എടുക്കുന്നത് എളുപ്പമാക്കുന്നു. ഒന്നിലധികം ഫോക്കല്‍ ലെംഗ്‍തുകളില്‍ ഫോട്ടോഗ്രാഫിയെ പിന്തുണച്ചുകൊണ്ട് ഐഫോണിലേക്ക് ഡിഎസ്‌എല്‍ആര്‍ പോലുള്ള പ്രകടനം കൊണ്ടുവരിക എന്നതാണ് കമ്ബനിയുടെ ലക്ഷ്യം. കൂടാതെ, ഐഫോണ്‍ 17 പ്രോയില്‍ ഡ്യുവല്‍ ക്യാമറ കണ്‍ട്രോള്‍ ബട്ടണുകള്‍ അവതരിപ്പിക്കാൻ സാധ്യത ഉണ്ടെന്നും റിപ്പോർട്ടുകള്‍ പറയുന്നു.