താത്ക്കാലിക വിസി നിയമനം; ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെ രാജ്ഭവനിലെത്തി മന്ത്രിമാര്‍
തിരുവനന്തപുരം: താത്ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണറും സർക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെ രാജ്ഭവനിലെത്തി മന്ത്രിമാർ.മന്ത്രിമാരായ പി രാജീവും ആർ ബിന്ദുവുമാണ് രാവിലെ രാജ്ഭവനിലെത്തിയത്. നിലവില്‍ കൂടിക്കാഴ്ച്ച നടന്നുകൊണ്ടിരിക്കുകയാണ്. വിസി നിയമനവുമായി ബന്ധപ്പെട്ട് അനുനയത്തിലെത്താനാണ് മന്ത്രിമാർ എത്തിയിരിക്കുന്നത്.
അതേസമയം, താല്‍ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട കടുത്ത തർക്കങ്ങള്‍ക്കിടയിലും രാജ്ഭവനിലെ വിരുന്ന് സല്‍ക്കാരത്തിന് 15 ലക്ഷം രൂപയുടെ അധിക ഫണ്ട് അനുവദിച്ചിരിക്കുകയാണ് സർക്കാർ. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗവർണർ രാജ്ഭവനില്‍ ഒരുക്കുന്ന ‘അറ്റ് ഹോം’ വിരുന്നിനായാണ് 15 ലക്ഷം രൂപ അനുവദിച്ചത്. പൗരപ്രമുഖർക്കും വിശിഷ്ടാതിഥികള്‍ക്കുമായി ഗവർണർ ഓഗസ്റ്റ് 15 നാണ് വിരുന്ന് സല്‍ക്കാരം നടത്തുന്നത്. തുക അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗവർണറുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടി. ചെലവുചുരുക്കല്‍ നിർദ്ദേശങ്ങളില്‍ ഇളവ് വരുത്തിയാണ് ധനവകുപ്പ് ഹോസ്പിറ്റാലിറ്റി ചെലവുകള്‍ എന്ന ശീർഷകത്തില്‍ 15 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്.