Fincat

ദിവസവും ഒരു നെല്ലിക്ക കഴിച്ചാലോ; ആരോഗ്യത്തിന് നല്ലതെന്ന് പഠനങ്ങള്‍


നെല്ലിക്കയുടെ ഔഷധ ഗുണത്തെക്കുറിച്ച്‌ പ്രത്യകം പറയേണ്ടതില്ലല്ലോ. ആരോഗ്യത്തെ പിന്തുണയ്ക്കുന്ന നിരവധി ഘടകങ്ങള്‍ നെല്ലിക്കയ്ക്കുണ്ട് എന്ന കാര്യം സുപരിചിതമാണ്.നെല്ലിക്ക അച്ചാറായും, ജ്യൂസായും പലതരത്തിലാണ് നമ്മള്‍ ഉപയോഗിക്കുന്നത്. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകള്‍, ഫൈറ്റോകെമിക്കലുകള്‍ തുടങ്ങി നിരവധി പദാർത്ഥങ്ങളാല്‍ സമ്ബന്നമായ നെല്ലിക്ക ദിവസവും ഒരു പരിധി വരെയുള്ള അളവില്‍ കഴിക്കുന്നത് നല്ലതാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ദിവസവും നെല്ലിക്ക കഴിച്ചാലുണ്ടാകുന്ന ഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാൻ നെല്ലിക്ക സഹായിക്കുന്നു എന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും, രക്തസമ്മർദം കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്ന നെല്ലിക്ക ഇതിലൂടെ ഹൃദയാരോഗ്യത്തിനും പിന്തുണ നല്‍കുന്നു. നെല്ലിക്കയിലെ ആൻ്റിഓക്‌സിഡൻ്റും ആൻറി-ഇൻഫ്‌ലമേറ്ററി ഗുണങ്ങളും ധമനികളില്‍ രക്തം കട്ടപിടിക്കുന്നത് തടയുകയും ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ജലദോഷം ഒഴിവാക്കാൻ ഇത് സഹായിക്കുന്നു

വിറ്റാമിൻ സിയുടെ സമൃദ്ധമായ ഉറവിടങ്ങളില്‍ ഒന്നാണ് നെല്ലിക്ക. ഇത് ജലദോഷവും മൂക്കൊലിപ്പും ഒഴിവാക്കുന്നതിന് സഹായിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വിപണിയില്‍ ലഭ്യമായ വിറ്റാമിൻ സി സപ്ലിമെന്റുകളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ നെല്ലിക്കയില്‍ അടങ്ങിയ വിറ്റാമിൻ സി ശരീരം കൂടുതല്‍ എളുപ്പത്തില്‍ ആഗിരണം ചെയ്യുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

ദഹനത്തിന് സഹായിക്കുന്നു

ദഹന പ്രക്രിയയെ പിന്തുണയ്ക്കുന്നതില്‍ പേരുകേട്ട ഒന്നാണ് നെല്ലിക്ക. നെല്ലിക്ക പതിവായി കഴിക്കുന്നത് ദഹനവ്യവസ്ഥയ്ക്കും ഗുണം ചെയ്യുകയും മലബന്ധം തടയുകയും ചെയ്യുന്നു. പോഷകങ്ങളുടെ ആഗിരണത്തെ മെച്ചപ്പെടുത്തുന്നതോടൊപ്പം ദഹനക്കേട്, വയറുവീർക്കല്‍ എന്നിവ കുറയ്ക്കാനും നെല്ലിക്ക സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി വർധനവ്

ആയുർവേദം അനുസരിച്ച്‌, നെല്ലിക്കയ്ക്ക് ആൻറി ബാക്ടീരിയല്‍, ആൻറിവൈറല്‍, രേതസ് ഗുണങ്ങള്‍ ഉണ്ട്. ഇവയെല്ലാം നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായകരമാണ്. ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ നെല്ലിക്ക സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു, അതിലൂടെ നമ്മുടെ പ്രതിരോധശേഷിയും മെച്ചപ്പെടുന്നു.

ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യ സംരക്ഷണം

ചർമ്മത്തെ ആരോഗ്യകരവും കളങ്കമില്ലാത്തതുമായി നിലനിർത്താനും വാർദ്ധക്യ പ്രക്രിയയെ മന്ദഗതിയിലാക്കാനും സഹായിക്കുന്നതിനാല്‍ ചർമ്മത്തിന്റെ യുവത്വം നിലനിർത്തുവാൻ സഹായിക്കുന്ന ഏറ്റവും നല്ല പഴങ്ങളില്‍ ഒന്നാണ് നെല്ലിക്ക. നെല്ലിക്കയുടെ ഇലകള്‍ അരച്ച്‌ തലയില്‍ പുരട്ടുന്നത് താരൻ, നരച്ച മുടി എന്നിവ തടയാൻ സഹായിക്കുന്നു. നെല്ലിക്ക രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നുവെന്നും അതിനാല്‍ മുടിയുടെ സ്വാഭാവിക വളർച്ച മെച്ചപ്പെടുമെന്നും വിശ്വസിക്കപ്പെടുന്നു. മുടിക്ക് സ്വാഭാവിക കണ്ടീഷനിംഗ് നല്‍കുന്നതിനാല്‍ ചിലർ മുടിക്ക് നെല്ലിക്കയുടെ സത്തും ഉപയോഗിക്കാറുണ്ട്.

(ഈ ലേഖനം വിവരങ്ങള്‍ പ്രധാനം ചെയ്യുന്നതിന് വേണ്ടി മാത്രമാണ്. ആരോഗ്യ സംബന്ധമായ സംശയങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)