Fincat

മിസ്റ്റര്‍ 360യുടെ ഫൈനല്‍ ‘ഷോ’! പാകിസ്താനെ തകര്‍ത്ത് ലെജൻഡ്സ് ചാംപ്യൻഷിപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കിരീടം


വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്താനെ തകർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് കിരീടം.ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടന്ന ഫൈനലില്‍ പാകിസ്താന്‍ ചാംപ്യന്‍സിനെ ഒൻപത് വിക്കറ്റിന് തോല്‍പ്പിച്ചാണ് എ ബി ഡിവില്ലിയേഴ്സും സംഘവും ചാംപ്യൻമാരായത്. പാകിസ്താന്‍ ചാമ്ബ്യന്‍സ് 20 ഓവറില്‍ അഞ്ചിന് 195 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്ക ചാമ്ബ്യന്‍സ് 16.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

ക്യാപ്റ്റന്‍ എബി ഡി വില്ലിയേഴ്‌സിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തിലാണ് ദക്ഷിണാഫ്രിക്ക വിജയവും കിരീടവും സ്വന്തമാക്കിയത്. ടൂർണമെന്റില്‍ ഉടനീളം മാസ്മരിക പ്രകടനം കാഴ്ചവെച്ച ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് കലാശപ്പോരാട്ടത്തിലും വെടിക്കെട്ട് തുടര്‍ന്നു. ഫൈനലില്‍ 60 പന്തില്‍ 120 റണ്‍സുമായി ഡിവില്ലിയേഴ്‌സ് പുറത്താവാതെ നിന്നു. ഏഴ് സിക്‌സറുകളും 12 ബൗണ്ടറികളും ഉള്‍പ്പടെയാണ് മിസ്റ്റർ 360യുടെ ഗംഭീര ഇന്നിങ്സ്.

ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് വേണ്ടി ഓപ്പണര്‍ ഷര്‍ജീല്‍ ഖാന്‍ 44 പന്തില്‍ 76 റണ്‍സ് നേടി. ഉമര്‍ അമീന്‍ 36* (19), ആസിഫ് അലി 28 (15) എന്നിവരും മികച്ച സംഭാവന നല്‍കി. ദക്ഷിണാഫ്രിക്കയ്ക്കായി വില്‍ജോയനും പാര്‍നലും രണ്ടുവീതം വിക്കറ്റുകള്‍ നേടിയപ്പോള്‍ ഒളിവിയറിന് ഒരു വിക്കറ്റ് ലഭിച്ചു.
മറുപടി ബാറ്റിങ്ങില്‍ ഡിവില്ലിയേഴ്‌സിനൊപ്പം ഇന്നിങ്‌സ് പങ്കാളിയായ ജീന്‍ പോള്‍ ഡുമിനി 50 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഹാഷിം അംല (18) യുടെ വിക്കറ്റ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഡിവില്ലിയേഴ്‌സും ഡുമിനിയും ചേര്‍ന്ന് 123 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
സെമിഫൈനലില്‍ ഇന്ത്യ ചാംപ്യന്‍സ് പിന്മാറിയതോടെയാണ് പാകിസ്താന്‍ ചാംപ്യന്‍സ് ഫൈനലിലെത്തിയത്. കഴിഞ്ഞ വര്‍ഷം പ്രഥമ സീസണില്‍ പാകിസ്താനെ തോല്‍പ്പിച്ച്‌ ഇന്ത്യ ജേതാക്കളായിരുന്നു.