എറണാകുളം: സൗഹൃദത്തിൻ്റെ പുതിയ നിർവചനങ്ങള്‍ നല്‍കുന്ന പുതുതലമുറയുടെ ഒരു തര്‍ക്കവിഷയം ഒടുവില്‍ പൊലീസ് ഇടപെടല്‍ വരെ നീണ്ടു.‘ബെസ്റ്റി’യെ ചൊല്ലിയായിരുന്നു എറണാകുളത്തെ ഒരു സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥികള്‍ തമ്മിലടിച്ചത്. വെറും തർക്കമായിരുന്നില്ല, സിനിമാ സ്റ്റൈലിലുള്ള മുട്ടനിടി ആയിരുന്നുവെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഈ ഏറ്റുമുട്ടലിൻ്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസ് വിഷയത്തില്‍ ഇടപെട്ടു.
ബെസ്റ്റിയായിരുന്നു ഇടിയുടെ കാരണക്കാരി. ബെസ്റ്റിയായ പെണ്‍കുട്ടിയോട് മറ്റൊരാള്‍ സംസാരിച്ചത് ഒരാള്‍ക്ക് ഇഷ്ടപ്പെടാതെ വന്നതാണ് തർക്കത്തിന് കാരണം. തുടർന്ന് ഇരുവരും തല്ലിത്തീർക്കാൻ തീരുമാനിക്കുകയായിരുന്നു. അടിയുടെ ‘റീല്‍’ എടുക്കാനായി സഹപാഠികളെ മൊബൈല്‍ ഫോണും ഏല്‍പ്പിച്ചായിരുന്നു ഇവർ ‘തല്ലുമാല’ തുടങ്ങിയത്. കൂട്ടുകാർ ചുറ്റും നിന്ന് കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. അടിയുടെ ആക്കം കൂടിയപ്പോള്‍ ഒരാള്‍ക്ക് പരിക്ക് പറ്റുമെന്ന് ഭയന്ന ആരോ ഒരാള്‍ ഒടുവില്‍ പിടിച്ചുമാറ്റുന്നത് വരെ അടി തുടർന്നു.
വിദ്യാർത്ഥികളുടെ ഈ സംഘട്ടനത്തിൻ്റെ ദൃശ്യങ്ങള്‍ ടെലിഗ്രാം ഗ്രൂപ്പുകളിലും ഇൻസ്റ്റാഗ്രാം റീലുകളിലും പ്രചരിച്ചതോടെയാണ് പൊലീസ് ഇടപെട്ടത്. ഇടികാരായ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളെന്ന പരിഗണന നല്‍കി ഇരുവർക്കും താക്കീത് നല്‍കി വിട്ടയച്ചു. പുതുതലമുറയുടെ സൗഹൃദ സങ്കല്‍പ്പത്തില്‍ ‘ബെസ്റ്റി’ എന്നതിനെ, വെറും കൂട്ടുകാരനേക്കാള്‍ ഏറെ മുകളില്‍ എന്നാല്‍ പ്രേമഭാജനത്തിന് തൊട്ടടുത്ത് നില്‍ക്കുന്ന ഒരു ബന്ധമെന്നാണ് നിർവചനം.
Sign in
Sign in
Recover your password.
A password will be e-mailed to you.