Fincat

ജമ്മുകശ്മീരിന് സംസ്ഥാനപദവി തിരികെക്കിട്ടുമോ? മോദി-രാഷ്ട്രപതി-ഷാ കൂടിക്കാഴ്ചകള്‍ക്ക് പിന്നാലെ ചര്‍ച്ചകള്‍


ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുർമുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കൂടിക്കാഴ്ചകള്‍ നടത്തിയതിന് പിന്നാലെ ജമ്മു കശ്മീരിന് സംസ്ഥാനപദവി തിരികെ നല്‍കുന്നത് സംബന്ധിച്ച്‌ സാമൂഹികമാധ്യമങ്ങളില്‍ ചർച്ചകള്‍.2019 ഓഗസ്റ്റ് അഞ്ചാം തീയതിയാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി വ്യവസ്ഥ ചെയ്തിരുന്ന 370-ാം അനുച്ഛേദം റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തത്.
ജമ്മു കശ്മീരില്‍നിന്നുള്ള ചില നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയതായും ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ ജമ്മു കശ്മീർ ബിജെപി അധ്യക്ഷനുമായും ഷാ കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, എൻഡിഎ എംപിമാരുടെ യോഗം വിളിച്ചുചേർത്തിട്ടുമുണ്ട്. ജമ്മു കശ്മീരിന് സംസ്ഥാന പദവി നഷ്ടമായതിന്റെ ആറാംവാർഷികമായ ഓഗസ്റ്റ് അഞ്ചാം തീയതിയാണ് ഇതെന്നതും ശ്രദ്ധേയമാണ്.
ഞായറാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഷ്ട്രപതി കൂടിക്കാഴ്ചയ്ക്കായി രാഷ്ട്രപതി ഭവനിലേക്ക് ക്ഷണിച്ചത്. സാധാരണഗതിയില്‍ പ്രധാനമന്ത്രി-രാഷ്ട്രപതി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ചർച്ചചെയ്ത കാര്യങ്ങളേക്കുറിച്ച്‌ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) കുറിപ്പുകള്‍ ഇറക്കാറുണ്ട്. എന്നാല്‍, ഞായറാഴ്ചത്തെ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല. മോദി-ദ്രൗപദി മുർമു കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകള്‍ക്കകം അമിത് ഷാ-രാഷ്ട്രപതി കൂടിക്കാഴ്ചയും നടന്നു.
ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളില്‍ അമിത് ഷാ, ജമ്മു കശ്മീർ ബിജെപി അധ്യക്ഷൻ സത് ശർമയും ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്തയുമായും കൂടിക്കാഴ്ച നടത്തിയിരുന്നെന്നാണ് റിപ്പോർട്ടുകള്‍. തിങ്കളാഴ്ച, ഓള്‍ ജെ ആൻഡ് കെ ഷിയാ അസോസിയേഷൻ പ്രസിഡന്റ് ഇമ്രാൻ റാസ അൻസാരിയും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത്തരം നിർണായക കൂടിക്കാഴ്ചകള്‍ക്ക് പിന്നാലെയാണ് ജമ്മു കശ്മീരിന് സംസ്ഥാനപദവി തിരിച്ചുകിട്ടുമോ എന്ന വിധത്തിലുള്ള ചർച്ചകള്‍ സാമൂഹികമാധ്യമങ്ങളില്‍ സജീവമാകുന്നത്.