Fincat

പലതവണ അവസരം നല്‍കി, സര്‍വീസില്‍ പ്രവേശിച്ചില്ല; അനധികൃതമായി വിട്ടുനിന്ന 51 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു


തിരുവനന്തപുരം: അനധികൃതമായി സേവനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടർമാരെ സർവീസില്‍നിന്ന് നീക്കംചെയ്യാൻ സർക്കാർ ഉത്തരവ്.പല തവണ അവസരം നല്‍കിയിട്ടും സർവീസില്‍ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെയാണ് നീക്കം ചെയ്തതതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.

അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെ കണ്ടെത്തി റിപ്പോർട്ട് നല്‍കുന്നതിനും കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് കർശന നിർദ്ദേശം നല്‍കിയിരുന്നു. ഇതിനെത്തുടർന്നാണ് നടപടി.

ഏറെനാളുകളായി സർവീസില്‍നിന്ന് വിട്ടുനില്‍ക്കുന്നത് വകുപ്പിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ഇത്തരം ജീവനക്കാരെ സർവീസില്‍ തുടരാനനുവദിക്കുന്നത് സേവനതല്‍പരരായ അർഹരായ ഉദ്യോഗാർത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാലാണ് കർശന നടപടി സ്വീകരിച്ചത്.

ഉടുമ്ബൻചോലയില്‍ ആയുർവേദ കോളേജിന് ഭരണാനുമതി

ഇടുക്കി ഉടുമ്ബൻചോലയില്‍ പുതിയ സർക്കാർ ആയുർവേദ കോളേജ് ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നതിന് ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായും വീണാ ജോർജ് അറിയിച്ചു. ഉടുമ്ബൻചോല ഗ്രാമപഞ്ചായത്ത് സൗജന്യമായി വിട്ടുനല്‍കിയ കമ്മ്യൂണിറ്റി ഹാളിലാണ് ആശുപത്രി പ്രവർത്തിക്കുക. ഈ കെട്ടിടത്തില്‍ ആശുപത്രി സൗകര്യങ്ങളൊരുക്കുന്നതിന് 2.20 കോടി രൂപയുടെ ഭരണാനുമതിയും നല്‍കിയിട്ടുണ്ട്. എത്രയും വേഗം സജ്ജമാക്കി മെഡിക്കല്‍ കോളേജ് ആശുപത്രി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഒപി വിഭാഗവും 50 കിടക്കകളോട് കൂടിയ കിടത്തി ചികിത്സയുമാണ് ലക്ഷ്യമിടുന്നത്. എട്ട് സ്പെഷ്യാലിറ്റി ഒപി വിഭാഗങ്ങളും അതോടനുബന്ധിച്ചുള്ള റിസെപ്ഷൻ, രജിസ്ട്രേഷൻ, അത്യാഹിത വിഭാഗം, ഡയഗ്നോസ്റ്റിക്സ് സോണ്‍, ക്രിയകല്‍പ, ഫിസിയോതെറാപ്പി, യോഗ, ഡിസ്പെൻസറി എന്നീ സൗകര്യങ്ങളൊരുക്കും.

ഉടുമ്ബൻചോലയില്‍ മാട്ടുതാവളത്ത് മുൻ മന്ത്രി എം.എം. മണിയുടെ നേതൃത്വത്തില്‍ കണ്ടെത്തിയ 20.85 ഏക്കർ വരുന്ന സ്ഥലത്താണ് മെഡിക്കല്‍ കോളേജ് കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. ഈ കെട്ടിടം യാഥാർത്ഥ്യമാക്കുന്നതിന് മുമ്ബ് തന്നെ ജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കാനാണ് കമ്മ്യൂണിറ്റി ഹാളില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ആരംഭിക്കുന്നത്.