ഹെവി ലൈസൻസ് സ്വന്തമാക്കി ആര്യനന്ദ
പൊന്നാനി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും ഹെവി ലൈസന്‍സ് എടുക്കുന്ന ആദ്യവനിതയാണ് ആര്യനന്ദ
കുഞ്ഞുനാളിലെ ഫസ്റ്റ് ഗിയറിട്ട മോഹമാണ് ആര്യ നന്ദയ്ക്ക് കെഎസ്ആര്‍ടിസി ബസിനെ തന്റെ കൈപ്പിടിയില്‍ ഒതുക്കണമെന്ന്. എന്നാല്‍ അത് ഇത്ര പെട്ടെന്ന് സാധിച്ചെടുക്കാന്‍ പറ്റുമെന്ന് ആര്യനന്ദ കരുതിയില്ല. സംസ്ഥാന ഗതാഗത വകുപ്പ് കെഎസ്ആര്‍ടിസി ഡിപ്പോകള്‍ കേന്ദ്രീകരിച്ച് നടപ്പില്‍ വരുത്തിയ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആര്യനന്ദയെ തന്റെ സ്വപ്നസാക്ഷാത്കാരത്തിലേക്കാണ് കൊണ്ടെത്തിച്ചത്.
തൃപ്രങ്ങോട് സ്വദേശിനിയായ ആര്യ നന്ദയുടെ അച്ഛന്‍ പ്രസന്നകുമാര്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവർ ആയിരുന്നു. കുഞ്ഞുനാളില്‍ അച്ഛന്‍ ബസ് ഓടിക്കുന്നത് കണ്ട് തനിക്കും ആ വളയത്തില്‍ ദൂരങ്ങള്‍ താണ്ടണമെന്ന് ആര്യനന്ദ സ്വപ്നം കണ്ടിരുന്നു. അങ്ങനെയിരിക്കെ സ്വകാര്യ ഡ്രൈവിങ്
പരിശീലന കേന്ദ്രത്തില്‍ നിന്നും ടൂവീലര്‍, ഫോര്‍ വീലര്‍ പഠിക്കുകയും ലൈസന്‍സ് എടുക്കുകയും ചെയ്തു. ഇതിനിടയില്‍ ബി എഡ് ചെയ്യുന്നതിനായി പൊന്നാനി എം ഐ ബിഎഡ് ട്രെയിനിങ് കോളേജില്‍ ചേര്‍ന്ന് പഠിക്കാന്‍ തുടങ്ങിയതിനിടെയാണ് പൊന്നാനി കെഎസ്ആര്‍ടിസി ഡിപ്പോക്ക് മുന്നില്‍ ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചിട്ടുണ്ട് എന്ന ബോര്‍ഡ് കാണുന്നത്. തന്റെ കുട്ടിക്കാലത്ത് നാമ്പിട്ട ആ മോഹം സാക്ഷാത്കരിക്കുന്നതിന്റെ വാതിലാണ് തുറന്ന് കിടക്കുന്നതെന്ന് ആര്യ നന്ദയ്ക്ക് മനസ്സിലായി. അമ്മയുടെ സമ്പൂര്‍ണ്ണ പിന്തുണയും കൂടി ആയതോടെ രണ്ടാമതൊന്ന് ആലോചിക്കാന്‍ നില്‍ക്കാതെ ഡിപ്പോയിലെ ഡ്രൈവിങ് ക്ലാസില്‍ ജോയിന്‍ ചെയ്തു. തിയറി ക്ലാസുകള്‍ അടക്കം ഉള്‍പ്പെടുന്ന ഒരു മാസത്തെ ട്രെയിനിങ്ങിനു ശേഷം ഏതാനും ദിവസം മുന്‍പ് നടന്ന ടെസ്റ്റില്‍ ആര്യ നന്ദ പാസാവുകയും അധികം വൈകാതെ ലൈസന്‍സ് നേടിയെടുക്കുകയും ചെയ്തു. അങ്ങനെ പൊന്നാനി ഡിപ്പോയില്‍ നിന്നും ഹെവി ലൈസന്‍സ് എടുക്കുന്ന ആദ്യ വനിതയായി ആര്യനന്ദ മാറി. കെഎസ്ആര്‍ടിസി ബസ് ഓടിക്കണമെന്ന ആ ആഗ്രഹവും ഡ്രൈവിങ് ക്ലാസില്‍ സമ്പൂര്‍ണ്ണമായി. ‘പുറത്തെ സ്വകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കെഎസ്ആര്‍ടിസി നല്‍കിവരുന്ന പരിശീലനം എത്രയോ മികച്ചതാണ്, കൂടാതെ വലിയ പണച്ചെലവും ഇല്ല. ഫസ്റ്റ് എയ്ഡിനും വാഹനങ്ങളുടെ മറ്റു വിഷയങ്ങളുമായും ബന്ധപ്പെട്ട് തരുന്ന തിയറി ക്ലാസുകള്‍ മികച്ച അവബോധമാണ് ഉണ്ടാക്കിയെടുത്തത്. ഇന്‍സ്ട്രക്ടര്‍മാരുടെ സമ്പൂര്‍ണ്ണമായ സഹകരണം തന്റെ വിജയത്തിന് പിന്തുണയായതായി ആര്യനന്ദ പറയുന്നു. ഇപ്പോള്‍ അധ്യാപികയായ അമ്മയുടെ സഹപ്രവര്‍ത്തകര്‍ തന്റെ ഈ നേട്ടം കണ്ട് ഡ്രൈവിങ് ക്ലാസില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചതായും ആര്യനന്ദ പങ്കുവെച്ചു.
ചെറിയ പറപ്പൂര്‍ എ എം എല്‍ പി സ്‌കൂള്‍ അധ്യാപികയാണ് ആര്യനന്ദയുടെ അമ്മ പ്രസീന. സഹോദരന്‍ ശരത്ത് മിലിട്ടറിയില്‍ ആണ്. മകളുടെ ഈ നേട്ടം നേരിട്ട് കാണാന്‍ സാധിക്കാതെ കഴിഞ്ഞവര്‍ഷം ജനുവരി 14നാണ് പ്രസന്നകുമാര്‍ മരണപ്പെടുന്നത്.
പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ശാസ്ത്രീയമായി ഡ്രൈവിങ് പരിശീലിപ്പിച്ച് ഗുണമേന്മയുള്ള ഡ്രൈവിങ് സംസ്‌കാരം നല്‍കുക എന്ന ലക്ഷ്യം വെച്ചാണ് സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഡിപ്പോകള്‍ കേന്ദ്രീകരിച്ച് ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ആരംഭിച്ചത്. കേരളത്തില്‍ പദ്ധതി ആരംഭിച്ച് ആറുമാസം പിന്നിട്ടപ്പോഴേക്കും 27,86,522 ലക്ഷം രൂപ ലാഭം നേടിയതായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. 2024 ജൂണ്‍ 26ന് നടന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചിരുന്നു. എസ് സി, എസ് ടി വിഭാഗത്തിന് പരിശീലനത്തിന് 20% ഫീസിളവും നല്‍കി വരുന്നുണ്ട്.
പൊന്നാനിയിലെ ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഈവര്‍ഷം മാര്‍ച്ച് 13നാണ് പ്രവര്‍ത്തനമാരംഭിച്ചത്. മലപ്പുറം ജില്ലയില്‍ പൊന്നാനിയെ കൂടാതെ കണ്ടനകം റീജിയണല്‍ വര്‍ക്ക്‌ഷോപ്പിലും നിലമ്പൂര്‍ ഡിപ്പോയിലും പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൊന്നാനിയില്‍ നിലവില്‍ ഹെവി ലോഡും ഫോര്‍ വീലറും ആണ് പഠിപ്പിക്കുന്നത്. അധികം വൈകാതെ ടൂവീലര്‍ ക്ലാസുകള്‍ക്കും തുടക്കം കുറിക്കും. 55 പഠിതാക്കളാണ് ഇപ്പോള്‍ ഉള്ളത്. ഹെവി ലോഡിനും ഫോര്‍വീലറിനും ആദ്യ രണ്ടു ദിവസം തിയറി ക്ലാസുകള്‍ ഉണ്ടായിരിക്കും. തിയറി ക്ലാസുകളില്‍ വാഹനങ്ങളെ കുറിച്ചും റോഡ് സുരക്ഷയെക്കുറിച്ചും പ്രാഥമിക ചികിത്സയെക്കുറിച്ചുമാണ്. പ്രാഥമിക ചികിത്സാ ക്ലാസുകള്‍ നയിക്കുന്നത് ഡോക്ടര്‍മാരാണ്. റോഡ് സുരക്ഷാ ക്ലാസുകള്‍ അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനീയര്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. തുടര്‍ന്നുള്ള ഡ്രൈവിങ് പ്രാക്ടീസിന് ഡ്രൈവിങ് ഇന്‍സ്ട്രക്ടര്‍ രമേശാണ് നേതൃത്വം നല്‍കുന്നത്. രണ്ട് ക്ലാസുകള്‍ക്കും 30 ദിവസമാണ് കാലാവധി. ഒമ്പതിനായിരം രൂപയാണ് ഫീസ് ഈടാക്കുന്നത്. ഡ്രൈവിങ് പ്രാക്ടീസ് ഡിപ്പോക്ക് അകത്ത് തന്നെ നടക്കും. നിലവില്‍ ക്ലാസ് കഴിഞ്ഞവര്‍ക്കെല്ലാം ലൈസന്‍സ് കിട്ടിയിട്ടുണ്ട്.