Fincat

MDMA കേസ് പ്രതിയുടെ നാടകീയ രക്ഷപ്പെടല്‍; ഭാര്യ പൊലീസ് സ്റ്റേഷന് മുന്നില്‍ വണ്ടിയുമായി കാത്തുനിന്നു; ഭര്‍ത്താവ് ചാടിക്കയറി


കൊല്ലം കിളികൊല്ലൂരില്‍ മയക്കുമരുന്ന് കേസ് പ്രതി ഭാര്യയുടെ സഹായത്തോടെ പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടു. പൊലീസ് സ്റ്റേഷന് മുന്നില്‍ സ്‌കൂട്ടറില്‍ കാത്തുനിന്ന ഭാര്യയ്‌ക്കൊപ്പമാണ് എംഡിഎംഎ കേസില്‍ പ്രതിയായ അജു മണ്‍സൂര്‍ (26) രക്ഷപ്പെട്ടത്.

സിനിമാ സ്റ്റൈലിലായിരുന്നു അജു മണ്‍സൂറിന്റേയും ഭാര്യയുടേയും രക്ഷപ്പെടല്‍. സ്ഥിരം മയക്കുമരുന്ന് കേസ് പ്രതിയായ അജുവിനെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കിളികൊല്ലൂര്‍ സ്റ്റേഷനില്‍ ഇയാളെ കസ്റ്റഡിയിലെടുത്ത നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെയായിരുന്നു നാടകീയമായ ഈ രക്ഷപ്പെടല്‍. പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇയാള്‍ സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക് ഓടുകയും കിളികൊല്ലൂര്‍ സ്റ്റേഷന് മുന്നില്‍ സ്‌കൂട്ടറില്‍ കാത്തുനിന്ന ഭാര്യയുടെ വണ്ടിയിലേക്ക് ചാടിക്കയറുകയുമായിരുന്നു.

ഇന്നലെ രാത്രി മുഴുവന്‍ പൊലീസ് നഗരത്തിലാകെ പരിശോധന നടത്തിയിട്ടും അജു മണ്‍സൂറിനേയും ഭാര്യ ബിന്‍ഷയേയും കണ്ടെത്താനായില്ല. കിളികൊല്ലൂര്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണം ഉയരുന്നുണ്ട്. പ്രതി രക്ഷപ്പെടുന്ന സമയത്ത് പാറാവ് ഡ്യൂട്ടിക്ക് ആരുമുണ്ടായിരുന്നില്ലെന്ന് ഉത്തര പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പ്രതിയുടെ ഭാര്യയ്‌ക്കെതിരെയും ചില എംഡിഎംഎ കേസുകള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ചേര്‍ന്ന് കൊല്ലം നഗരത്തില്‍ ഏറെ നാളുകളായി എംഡിഎംഎ വില്‍പ്പന നടത്തിയിരുന്നുവെന്നാണ് കണ്ടെത്തല്‍.