മിന്നല്‍ പ്രളയം; രക്ഷാദൗത്യം അതീവ ദുഷ്‌കരം, അടിയന്തര യോഗം ചേര്‍ന്ന് സംസ്ഥാന ദുരന്ത നിവാരണ സേന
ഉത്തരാഖണ്ഡിലെ ഖീര്‍ നദിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന എന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി വ്യക്തമാക്കി. നിലവില്‍ പ്രളയബാധിത പ്രദേശത്തെ കാര്യങ്ങള്‍ ഏകീകരിക്കുന്നതിനുള്ള അടിയന്തര യോഗം ചേര്‍ന്നിരിക്കുകയാണ് സംസ്ഥാന ദുരന്ത നിവാരണ സേന. ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ ഇന്നലെ ഉച്ചയോടെ ഉണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ നാല് പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. 130പേരെ രക്ഷപ്പെടുത്തി. പ്രളയത്തില്‍ ഉത്തരാഖണ്ഡിലെ പുരാതന ശിവക്ഷേത്രമായ കല്‍പ കേദാറിന്റെ ബാക്കി അവശിഷ്ടങ്ങള്‍ ഖീര്‍ നദിയില്‍ കണ്ടെത്തിഎന്നും സൂചനകള്‍ പുറത്തുവരുന്നു.
പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. പലയിടത്തും മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉത്തരകാശി – ദരാലി റോഡ് ഒലിച്ചു പോയി. റോഡുകൾ തകർന്നതും മോശം കാലാവസ്ഥയും കുത്തനെയുളള ഭൂപ്രദേശം എന്നിവയെല്ലാം രക്ഷാപ്രവർത്തനം ദുഷ്കരമാക്കുകയാണ്. പ്രദേശത്ത് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നദീതിരങ്ങളിലുള്ളവരോട് മാറിത്താമസിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുഷ്‌കര്‍ സിങ് ധാമിയുമായി ഫോണില്‍ സംസാരിച്ച് മുഴുവന്‍ പിന്തുണയും അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ സഹായം യു പി സർക്കാർ വാഗ്ജാനം ചെയ്തിട്ടുണ്ട്. ഗംഗോത്രിയിലേക്കുളള വഴിയിലെ പ്രധാന ഇടത്താവളമായ ധാരാലിയിൽ നിരവധി ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ഹോംസ്‌റ്റേകളുമുണ്ട്. മേഘവിസ്ഫോടനം ഈ പ്രദേശത്ത് കനത്ത നാശമാണ് വിതച്ചത്.