ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ വന്‍ കുതിപ്പുമായി സിറാജ്; ഓള്‍റൗണ്ടര്‍മാരില്‍ ജഡേജയുടെ ആധിപത്യം
ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ വന്‍ കുതിപ്പുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ഇംഗ്ലണ്ടിനെതിരായ ടെസറ്റ് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സിറാജ് ഇപ്പോള്‍ 15-ാം സ്ഥാനത്താണ്. 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് സിറാജ് ആദ്യ പതിനെഞ്ചിലെത്തിയത്. ഇംഗ്ലണ്ടില്‍ അഞ്ച് ടെസ്റ്റില്‍ നിന്ന് 23 വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്. രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സിറാജ് ഒരു തവണ നാല് വിക്കറ്റ് പ്രകടനവും നടത്തി. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരവും സിറാജായിരുന്നു.
ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ആദ്യ അഞ്ചില്‍ തിരിച്ചെത്തി ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ജയ്‌സ്വാള്‍ അഞ്ചാം സ്ഥാനത്തുണ്ട്. ഓവല്‍ ടെസ്റ്റിലെ സെഞ്ചുറിയാണ് ജയ്‌സ്വാളിനെ മുന്നോട്ട് കയറാന്‍ സഹായിച്ചത്. രണ്ടാം ഇന്നിംഗ്സില്‍ 14 ഫോറുകളും രണ്ട് സിക്സറുകളും ഉള്‍പ്പെടെ 118 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. ലോര്‍ഡ്സിലും മാഞ്ചസ്റ്ററിലും മോശം പ്രകടനത്തെത്തുടര്‍ന്ന് ജയ്സ്വാള്‍ നേരത്തെ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.
പരമ്പരയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് (10 ഇന്നിംഗ്സുകള്‍) 41.10 ശരാശരിയില്‍ 411 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. രണ്ട് സെഞ്ച്വറിയും അത്രയും തന്നെ അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെയാണിത്. എന്നാല്‍ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന് തിരിച്ചടി നേരിട്ടു. ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ നാല് സ്ഥാനങ്ങള്‍ താഴേക്കിറങ്ങി ആദ്യ പത്തില്‍ നിന്ന് പുറത്തായി. ഇപ്പോള്‍ 13-ാം സ്ഥാനത്താണ് ഗില്‍. ഓവല്‍ ടെസ്റ്റിലെ മോശം പ്രകടനമാണ് ഗില്ലിനെ ആദ്യ പന്തില്‍ നിന്ന് പുറത്താക്കിയത്. രണ്ട് ഇന്നിംഗ്സുകളിലായി യഥാക്രമം 21, 11 എന്നിങ്ങനെയായിുന്നു ഗില്ലിന്റെ സ്‌കോറുകള്‍.