Fincat

ഇനി ഗ്രൂപ്പ് ചാറ്റുകളിലും സ്റ്റാറ്റസ് ഇടാം, ഷെയര്‍ ചെയ്യാം; മറ്റൊരു കിടിലൻ ഫീച്ചറുമായി വാട്‍സ്‌ആപ്പ്

ജനപ്രിയ ഇന്‍സ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‍സ്‌ആപ്പ് ഓരോ ദിവസവും പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഗ്രൂപ്പുകള്‍ക്കായി ഒരു പുത്തന്‍ ഫീച്ചര്‍ പുറത്തിറക്കാനുള്ള പരീക്ഷണത്തിലാണ് വാട്‌സ്ആപ്പ് ഇപ്പോള്‍. ഈ ഫീച്ചറിന്‍റെ സഹായത്തോടെ, ഉപയോക്താക്കൾക്ക് ഗ്രൂപ്പ് ഇൻഫോ സ്‌ക്രീനിനുള്ളിൽ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ (Status updates in group chats) സൃഷ്‍ടിക്കാൻ കഴിയും. ഈ പുതിയ സവിശേഷതയെക്കുറിച്ചുള്ള വിവരങ്ങൾ വാട്‍സ്‌ആപ്പ് ട്രാക്കറായ വാബീറ്റഇൻഫോയാണ് പുറത്തുവിട്ടത്.

ആൻഡ്രോയ്‌ഡിനുള്ള വാട്‍സ്‌ആപ്പ് ബീറ്റാ 2.25.22.11 വേര്‍ഷനില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ്സ് ഇന്‍ ഗ്രൂപ്പ് ചാറ്റ്‌സ് ഫീച്ചര്‍ മെറ്റ വാഗ്‌ദാനം ചെയ്യുന്നതായി വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഗ്രൂപ്പ് ചാറ്റുകളിൽ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ സൃഷ്‌ടിക്കുന്നതിനും ഷെയര്‍ ചെയ്യുന്നതിനുമുള്ള ഫീച്ചറിന്‍റെ സ്‌ക്രീൻഷോട്ടും വാബീറ്റഇൻഫോ ലീക്ക് ചെയ്‌തിട്ടുണ്ട്. ചില ബീറ്റാ ടെസ്റ്റർമാർക്ക് ഇപ്പോൾ ഗ്രൂപ്പിൽ ടാഗ് ചെയ്യാതെയോ പ്രൈവസി സെറ്റിംഗ്‍സുകൾ മാറ്റാതെയോ ഒരു പ്രത്യേക ഗ്രൂപ്പിലെ അംഗങ്ങൾക്ക് മാത്രം ദൃശ്യമാകുന്ന സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ സൃഷ്‌ടിക്കാനും പങ്കിടാനുമുള്ള ഓപ്ഷൻ ലഭിക്കിന്നുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.

ഈ പുതിയ വാട്‌സ്ആപ്പ് ഫീച്ചര്‍ പതിവ് സ്റ്റാറ്റസ് അപ്‌ഡേറ്റുകളിൽ നിന്ന് വ്യത്യസ്‍തമാണ്. വാബീറ്റഇൻഫോ പങ്കിട്ട സ്‌ക്രീൻഷോട്ടുകളിൽ ഗ്രൂപ്പ് ഇൻഫോ സ്‌ക്രീനിനുള്ളിൽ നേരിട്ട് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ സൃഷ്‌ടിക്കുന്ന സവിശേഷത കാണാൻ കഴിയും. പുതിയ ഫീച്ചറിന്‍റെ സഹായത്തോടെ ഉപയോക്താക്കൾക്ക് ഗ്രൂപ്പിനുള്ളിൽ സ്റ്റാറ്റസ് സൃഷ്ടിക്കാനും അത് ഗ്രൂപ്പ് അംഗങ്ങളുമായി ഓട്ടോമാറ്റിക്കായി പങ്കിടാനും സാധിക്കും. ഈ ഫീച്ചർ ഉപയോഗിച്ചാൽ ഗ്രൂപ്പിലെ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ പങ്കിടുന്നതിന് ഉപയോക്താക്കൾക്ക് പ്രൈവസി സെറ്റിംഗ്‍സുകൾ മാറ്റേണ്ടിവരില്ല.

ഗ്രൂപ്പ് അംഗങ്ങൾക്ക് മാത്രമേ ഈ അപ്‌ഡേറ്റുകൾ കാണാനും ഷെയര്‍ ചെയ്യാനും കഴിയൂ എന്നും വാബീറ്റഇൻഫോ പങ്കിട്ട സ്ക്രീൻഷോട്ട് വ്യക്തമാക്കുന്നു. പതിവ് അപ്‌ഡേറ്റുകൾ പോലെ, ഗ്രൂപ്പിൽ പങ്കിടുന്ന സ്റ്റാറ്റസ് അപ്‌ഡേറ്റുകളും 24 മണിക്കൂറിനുശേഷം ഇല്ലാതാക്കപ്പെടും. ഗ്രൂപ്പ് ഐക്കണിൽ ടാപ്പുചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് ഗ്രൂപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ കാണാൻ കഴിയും. ഇതിനുപുറമെ മറ്റ് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾക്കൊപ്പം ഈ അപ്‌ഡേറ്റുകൾ ടാബിൽ ദൃശ്യമാകും. പക്ഷേ ഗ്രൂപ്പ് അംഗങ്ങൾക്ക് മാത്രമേ അവ തുറക്കാൻ കഴിയൂ എന്നതാണ് പ്രത്യേകത.

സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ സൃഷ്ടിക്കാൻ ഉപയോക്താക്കൾ ഗ്രൂപ്പ് ഇൻഫോ സ്‌ക്രീൻ തുറക്കേണ്ടതുണ്ട് എന്ന് വാബീറ്റഇൻഫോ റിപ്പോർട്ട് പറയുന്നു. ഗ്രൂപ്പിനുള്ളിൽ നേരിട്ട് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ പങ്കിടുന്നതിനുള്ള ഒരു പുതിയ ഓപ്ഷൻ ഇവിടെ ഉപയോക്താക്കൾക്ക് ലഭിക്കും. എൻഡ്-ടു-എൻഡ് എൻക്രിപ്ഷനോടുകൂടിയാണ് കമ്പനി ഈ സവിശേഷത വാഗ്ദാനം ചെയ്യുന്നത്. തിരഞ്ഞെടുത്ത ചില ആൻഡ്രോയ്‌ഡ് ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് നിലവിൽ പുതിയ സവിശേഷത വാട്‌സ്ആപ്പ് പരീക്ഷണത്തിനായി നല്‍കിയിരിക്കുന്നു. ബീറ്റാ പരിശോധന പൂർത്തിയായ ശേഷം വരും ആഴ്ചകളിൽ വാട്സ്ആപ്പ് ഈ അപ്‌ഡേറ്റ് ആഗോളതലത്തില്‍ പുറത്തിറക്കും.