Fincat

ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയം: കാണാതായവര്‍ക്കായുളള തിരച്ചില്‍ ഇന്നും തുടരും

ഉത്തരകാശിയില്‍ മിന്നല്‍ പ്രളയത്തില്‍ അകപ്പെട്ടവര്‍ക്കായുളള തിരച്ചില്‍ ഇന്നും തുടരും. അഞ്ച് മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 190 പേരെ രക്ഷപ്പെടുത്തിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. അപകട സ്ഥലത്ത് 60 അടിയിലേറെ ഉയരത്തിലാണ് മണ്ണും ചെളിയും അടിഞ്ഞിരിക്കുന്നത്. നൂറിലേറെ പേരെ കാണാതായെന്നാണ് സംശയിക്കുന്നത്. മിക്കയിടത്തും റോഡും പാലങ്ങളും തകര്‍ന്നത് യന്ത്രങ്ങളെത്തിച്ച് മണ്ണുനീക്കിയുളള തിരച്ചിലിന് തടസമാകുകയാണ്. അതിവേഗം പാതകള്‍ പുനര്‍നിര്‍മ്മിക്കാനുളള ശ്രമത്തിലാണ് സൈന്യവും സര്‍ക്കാരും.

ദുരന്തസ്ഥലത്തിന് സമീപം കുടുങ്ങിയ മലയാളികള്‍ സുരക്ഷിതരാണ്. മിന്നല്‍ പ്രളയത്തിന് കാരണമായത് മേഘവിസ്‌ഫോടനമല്ലെന്ന വാദവും ശക്തമാണ്. ദുരന്തത്തിന് മുന്‍പ് ധരാലി ഗ്രാമത്തില്‍ അത്തരത്തില്‍ ശക്തമായ മഴയുണ്ടായിട്ടില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. അസ്ഥിരമായ പാറക്കൂട്ടങ്ങളും ഹിമാനിയും നിരവധി നദികളുമുളള പ്രദേശമായതിനാല്‍ അതിവേഗം മണ്ണിടിച്ചിലിനും പെട്ടെന്നുളള വെളളപ്പൊക്കത്തിനും കാരണമാകുമെന്നാണ് വിലയിരുത്തല്‍.