Fincat

നശാ മുക്ത് ഭാരത് ക്യാമ്പയിന്‍ ജില്ലാ തല അവലോകന യോഗം ചേര്‍ന്നു

നശാ മുക്ത് ഭാരത് ക്യാംപയിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അവലോകന യോഗം ചേര്‍ന്നു. യോഗത്തില്‍ എ. ഡി .എം എന്‍.എം മെഹറലി അധ്യക്ഷനായി. ലഹരി വ്യാപനം തടയുന്നതിനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നശാ മുക്ത് ഭാരത് ക്യാംപയിന്‍ 2021 ലാണ് ജില്ലയില്‍ ആരംഭിച്ചത്. ക്യാംപയിന്റെ ഭാഗമായി ജില്ലയില്‍ ഇതുവരെ 3000ത്തിലധികം പരിപാടികള്‍ സംഘടിപ്പിച്ചതായും അതിനായി അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ചതായും യോഗത്തില്‍ വിലയിരുത്തി. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി 15 ലക്ഷം രൂപയുടെ പദ്ധതി രേഖകള്‍ സമര്‍പ്പിക്കുന്നതിന് യോഗം അനുമതി നല്‍കി. ക്യാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പുതുതായി ജില്ലാ കോഡിനേറ്ററെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നതിനും നിയമനം നടത്തുന്നതിനും തീരുമാനിച്ചു. എ.ഡി എം ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ , ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ , വനിതാ ശിശു വികസന ഓഫീസര്‍ , വിമുക്തി മിഷന്‍ മാനേജര്‍ , മറ്റു വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.