Fincat

‘അഞ്ചേക്ക‌ർ കമുകിൻ തോട്ടം, 2 ലക്ഷം രൂപ തന്നാൽ പാട്ടത്തിനെടുക്കാം’; മമ്പാട് പുള്ളിപ്പാടത്ത് ‘പുത്തൻ തട്ടിപ്പ്’! രണ്ട് പേ‍‌ർ പിടിയിൽ

സ്വന്തം സ്ഥലമെന്ന് വിശ്വസിപ്പിച്ച് മറ്റുള്ളവരുടെ സ്ഥലം പാട്ടത്തിന് നൽകി പണം തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. വണ്ടൂർ കരുമാരോട്ട് മുഹമ്മദ് അഷ്റഫ്, പത്തപ്പിരിയം ചെറുകാട് മുനവർ ഫൈറൂസ് സ്വന്തം എന്നിവരെയാണ് പൊലീസ് അറെസ്റ്റ്‌ ചെയ്തത്. പൂങ്ങോട് സ്വദേശിക്ക് മമ്പാട് പുള്ളിപ്പാടത്തുള്ള അഞ്ചേക്കർ കമുകിൻ തോട്ടം കാണിച്ച്‌ തന്‍റേതാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ രണ്ടുലക്ഷം രൂപയാണ് പ്രതികൾ തട്ടിയത്.

കബളിപ്പിക്കപ്പെട്ട പൂങ്ങോട് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കാളികാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഒളിവില്‍ പോയ ഒന്നാം പ്രതി വണ്ടൂർ കരുമാരോട്ട് മുഹമ്മദ് അഷ്റഫിനെ ഐക്കരപ്പടിയിലുള്ള വാടക വീട്ടില്‍ നിന്നും രണ്ടാം പ്രതി പത്തപ്പിരിയം ചെറുകാട് മുനവർ ഫൈറൂസിനെ സ്വന്തം വീട്ടില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

ഒന്നാം പ്രതി നിരവധി സ്ഥലങ്ങളില്‍ റബർ തോട്ടങ്ങള്‍ കാണിച്ചും തെങ്ങിൻ തോപ്പുകള്‍ കാണിച്ചും മുന്പും ഇത്തരം തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ട്. തട്ടിപ്പ് നടത്തിയ ശേഷം ആർഭാട ജീവിതം നയിക്കുകയും മറ്റു സ്ഥലങ്ങളില്‍ വാടകക്ക് താമസിക്കുകയുമായിരുന്നു രീതി. പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജറാക്കി റിമാൻഡ് ചെയ്തു.