Fincat

‘ഇതെങ്ങനെയാ വര്‍ക്ക് ചെയ്യുന്നേ..?’; ടേക്ക് ഓഫിന് തൊട്ടുമുൻപ് എമര്‍ജൻസി എക്‌സിറ്റ് തുറന്ന് യുപി സ്വദേശി


ലഖ്നൗ: ടേക്ക് ഓഫിന് തൊട്ടുമുൻപ് വിമാനത്തിലെ എമർജൻസി എക്സിറ്റ് ഹാൻഡിലിന്റെ കവർ തുറന്ന് യാത്രക്കാരൻ. വാരാണസി ലാല്‍ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന അകാസ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരനായ ഉത്തർപ്രദേശ് സുല്‍ത്താൻപുർ സ്വദേശി അജയ് തിവാരിയാണ് ടേക്ക് ഓഫിന് തൊട്ടുമുൻപ് എമർജൻസി എക്സിറ്റ് ഹാൻഡിലിന്റെ കവർ തുറന്നത്. സംഭവത്തെത്തുടർന്ന് വിമാനം ഒരുമണിക്കൂറോളം വൈകി.

വ്യാഴാഴ്ച രാത്രി 7.55-ന് ടേക്ക് ഓഫിനായി തയ്യാറെടുക്കവെയാണ് 16A സീറ്റിലെ യാത്രക്കാരനായ അജയ് തിവാരി എമർജൻസി എക്സിറ്റ് ഹാൻഡിലിന്റെ കവർ തുറന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ക്രൂ അംഗം ഉടൻതന്നെ പൈലറ്റിനെ വിവരമറിയിച്ചു. പൈലറ്റ് എയർട്രാഫിക് കണ്‍ട്രോളിലേക്കും(എടിസി) വിവരം കൈമാറി. വിമാനം റണ്‍വേയില്‍നിന്ന് ഏപ്രണിലേക്ക് മാറ്റുകയുംചെയ്തു. തുടർന്ന് സുരക്ഷാ പരിശോധനകള്‍ പൂർത്തിയാക്കിയശേഷം ഒരുമണിക്കൂറോളം വൈകിയാണ് വിമാനം വാരാണസിയില്‍നിന്ന് യാത്രതിരിച്ചത്. ഇതിനിടെ, യാത്രക്കാരനായ അജയ് തിവാരിയെ വിമാനത്താവള അധികൃതർ പോലീസിന് കൈമാറിയിരുന്നു.

സംഭവത്തില്‍ അകാസ എയർലൈൻസിന്റെ പരാതിയില്‍ അജയ് തിവാരിക്കെതിരേ കേസെടുത്തതായും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് പറഞ്ഞു. യുപി സ്വദേശിയായ അജയ് തിവാരി തമിഴ്നാട്ടിലെ സിമന്റ് ഫാക്ടറിയില്‍ ബൂംലിഫ്റ്റ് ഓപ്പറേറ്ററാണ്. കഴിഞ്ഞദിവസം ഇയാളുടെ ആദ്യത്തെ വിമാനയാത്രയായിരുന്നു. എമർജൻസി വാതിലിനടുത്തെ സീറ്റായിരുന്നു ഇയാള്‍ക്ക് ലഭിച്ചത്. എമർജൻസി എക്സിറ്റ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയാനായി അബദ്ധത്തില്‍ തുറന്നുപോയെന്നാണ് ഇയാള്‍ നല്‍കിയ മൊഴി.