Fincat

ഓപ്പറേഷൻ സിന്ദൂറിൻറെ വിജയകാരണം രാഷ്ട്രീയ ഇച്ഛാശക്തി, പൂര്‍ണസ്വാതന്ത്ര്യം ലഭിച്ചു -വ്യോമസേനാ മേധാവി


ബെംഗളൂരു: രാജ്യത്തെ രാഷ്ട്രീയ നേതൃത്വത്തില്‍നിന്നുള്ള വ്യക്തമായ നിർദേശങ്ങളാണ് ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിന് അടിസ്ഥാനമായതെന്ന് ഇന്ത്യൻ വ്യോമസേനാ (ഐഎഎഫ്) മേധാവി എയർ ചീഫ് മാർഷല്‍ അമർ പ്രീത് സിങ്.രാഷ്ട്രീയ ഇച്ഛാശക്തിയുടെ വിജയമാണിത്. തങ്ങള്‍ക്ക് വ്യക്തമായ നിർദേശങ്ങള്‍ നല്‍കിയിരുന്നു. ഒരുതരത്തിലുള്ള നിയന്ത്രണവും ഉണ്ടായിരുന്നില്ല. ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിന് കാരണം ഇതാണെന്നും ബെംഗളൂരുവില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

എന്തെങ്കിലും നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കില്‍ അവ സ്വയം ഏർപ്പെടുത്തിയതായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. എത്രത്തോളം തീവ്രത കൂട്ടണമെന്ന് തീരുമാനിച്ചത് തങ്ങളാണ്. പദ്ധതി ആസൂത്രണം ചെയ്യാനും അവ നടപ്പിലാക്കാനും തങ്ങള്‍ക്ക് പൂർണ സ്വാതന്ത്ര്യമുണ്ടായിരുന്നു. പക്വതയോടെ കാര്യങ്ങളെ സമീപിക്കാൻ ആഗ്രഹിച്ചതുകൊണ്ടാണ് ഇന്ത്യയുടെ ആക്രമണങ്ങള്‍ കണക്കുകൂട്ടിയുള്ളതായത്. കര-വ്യോമ-നാവിക സേനകള്‍ ഏകോപിച്ചാണ് പ്രവർത്തിച്ചതെന്നും എ.പി. സിങ് പറഞ്ഞു.

രാഷ്ട്രീയനേതൃത്വം കല്പിച്ച ചില നിയന്ത്രണങ്ങള്‍ കാരണം ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ വ്യോമസേനയ്ക്ക് ചില യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് ഇൻഡൊനീഷ്യയിലെ ഇന്ത്യൻ പ്രതിരോധ അറ്റാഷെ ക്യാപ്റ്റൻ ശിവകുമാർ ഈമാസമാദ്യം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഒരു നിയന്ത്രണവുമുണ്ടായില്ലെന്ന വ്യോമസേനാ മേധാവിയുടെ പരാമർശം. അതേസമയം, പാകിസ്താന്റെ അഞ്ച് യുദ്ധവിമാനമടക്കം ആറ് വിമാനങ്ങള്‍ ഇന്ത്യ തകർത്തെന്നും എ.പി. സിങ് അറിയിച്ചു.

മുൻപ് പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യയുടെ മറുപടിയായിരുന്ന ബാലാക്കോട്ട് ആക്രമണത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ബാലാക്കോട്ട് സംഭവത്തില്‍ അകത്തുനിന്നുള്ള വിവരങ്ങള്‍ ലഭ്യമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ അവിടെ നടന്ന യാഥാർഥ്യം ഇന്ത്യൻ ജനതയ്ക്ക് മുൻപില്‍ ബോധ്യപ്പെടുത്തുന്നത് വലിയ വിഷയമായി മാറി. അകത്ത് സംഭവിച്ചതിനെക്കുറിച്ച്‌ ഇന്റലിജൻസ് വിവരങ്ങളുണ്ടായിരുന്നു. വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചെന്നതു സംബന്ധിച്ചും ഇന്റലിജൻസ് വിവരങ്ങളുണ്ടായിരുന്നു. അന്ന് നിരവധി ഭീകരരെ വധിച്ചു. പക്ഷേ, അത് ഇന്ത്യൻ ജനതയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. ഇത്തവണ അത് ബോധ്യപ്പെടുത്താൻ കഴിഞ്ഞതിലെ സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു.

പഹല്‍ഗാമില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 22-ന് 26 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് ഇന്ത്യയുടെ സൈനിക മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒൻപത് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകർക്കുകയും നൂറിലേറെ തീവ്രവാദികളെ വധിക്കുകയും ചെയ്തു. മേയ് ഏഴിന് അർധരാത്രിയില്‍ തുടങ്ങിയ സൈനിക നടപടി നാല് ദിവസത്തോളം നീണ്ടുനിന്നു.