Fincat

ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി യുവാവ്; ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് അയൽക്കാർ

യുവാവ് ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി. ദില്ലിയിലെ കരാവൽ നഗർ പ്രദേശത്ത് വെള്ളിയാഴ്ച രാത്രിയാണ് സംഭവം. 28 വയസ്സുകാരിയായ ജയശ്രീയും അഞ്ചും ഏഴും വയസ്സുള്ള രണ്ട് പെൺമക്കളുമാണ് കൊല്ലപ്പെട്ടത്. കൊലയാളി പ്രദീപിനെ ഇതുവരെ പിടികൂടാനായിട്ടില്ല.

പ്രദീപും ജയശ്രീയും തമ്മിൽ ദീർഘകാലമായി കലഹമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദമ്പതികൾ പതിവായി വഴക്കിട്ടിരുന്നുവെന്ന് അയൽവാസികളും പറഞ്ഞു. കുടുംബത്തെ ഇയാൾ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമല്ല. ഫൊറൻസിക് സംഘം സംഭവ സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തലസ്ഥാനത്തെ ജിടിബി ആശുപത്രിയിലേക്ക് മാറ്റി.

“ഇന്ന് രാവിലെ 6 മണിയോടെയാണ് ഞങ്ങൾ സംഭവം അറിഞ്ഞത്. വാതിൽ തുറന്നപ്പോൾ അമ്മയെയും രണ്ട് പെൺമക്കളെയും മരിച്ച നിലയിൽ കിടക്കയിൽ കണ്ടു. ഭർത്താവും ഭാര്യയും പതിവായി വഴക്കിടാറുണ്ടായിരുന്നു”- ഒരു അയൽവാസി പറഞ്ഞു. നിലവിൽ പ്രദീപ് ഒളിവിലാണ്. ഇയാളെ പിടികൂടാൻ പൊലീസ് തെരച്ചിൽ ആരംഭിച്ചു.