പുഴുവരിച്ച ഇറച്ചി കാണിച്ചപ്പോള്‍, തങ്ങളല്ല വിറ്റതെന്നാണ് തൊഴിലാളികള്‍ പറഞ്ഞത്. ആരോഗ്യ വിഭാഗം പരിശോധന നടത്തി പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെ കട താത്കാലികമായി അടപ്പിച്ചു.
കോഴിക്കോട്: യുവാവ് വീട്ടിലേക്ക് വാങ്ങിയ കോഴിയിറച്ചിയില്‍ പുഴുവിനെ കണ്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കട താല്‍ക്കാലികമായി അടപ്പിച്ചു. കോഴിക്കോട് തടമ്പാട്ടുതാഴത്തെ ഫാത്തിമ ചിക്കന്‍ സ്റ്റാളിനെതിരെയാണ് നടപടി. വേങ്ങേരി സ്വദേശി അനീഷ് വാങ്ങിയ രണ്ട് കിലോ ഇറച്ചിയിലാണ് നിറയെ പുഴുക്കളെ കണ്ടെത്തിയത്. വീട്ടിലെത്തി ഇറച്ചി കഴുകാനെടുത്തപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി നിഖിലിനെ അറിയിച്ചു. ആരോഗ്യ വിഭാഗം അധികൃതരെ വിവരം അറിയിച്ചതോടെ കടയ്ക്കു മുന്‍പില്‍ നാട്ടുകാരും തടിച്ചുകൂടി.
തടമ്പാട്ടുതാഴം വേങ്ങേരി സ്വദേശി റിയാസിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഈ ചിക്കന്‍ സ്റ്റാള്‍. രണ്ട് അതിഥി തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. പുഴുവരിച്ച ഇറച്ചി ഇവരെ കാണിച്ചപ്പോള്‍, തങ്ങളല്ല ഇത് വിറ്റതെന്നാണ് തൊഴിലാളികള്‍ പറഞ്ഞത്. സ്ഥലം പരിശോധിച്ച സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം കെ സുബൈര്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ കെ ഷീജ എന്നിവര്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കട താല്‍ക്കാലികമായി അടച്ചുപൂട്ടാനും അവശേഷിച്ച കോഴികളെ ഇവിടെ നിന്ന് മാറ്റാനും നിര്‍ദേശം നല്‍കി.