അമിത വേഗത്തിലെത്തിയ കാര്‍ നടപ്പാതയിലേക്ക് പാഞ്ഞുകയറി അപകടം; നാലുപേരുടെ നില ഗുരുതരം
തിരുവനന്തപുരം: ജനറല്‍ ആശുപത്രിക്ക് സമീപം അമിതവേഗതയിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറി അഞ്ച് പേർക്ക് പരിക്ക്.ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. ഉച്ചക്ക് 12.30-ഓടെയാണ് സംഭവം. നിയന്ത്രണംവിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്. സമീപത്ത് നിർത്തിയിട്ടിരുന്ന ഓട്ടോയിലും കാർ ഇടിച്ചു.
അപകടത്തില്‍ നടപ്പാതയില്‍ നിന്നിരുന്ന ഓട്ടോ ഡ്രൈവർമാരായ കുറ്റിച്ചല്‍ സ്വദേശി സുരേന്ദ്രൻ (50), ആയിരുപാറ സ്വദേശി കുമാർ (42), അഴീക്കോട് സ്വദേശി ഷാഫി (40) എന്നിവർക്കും ആശുപത്രിയില്‍നിന്ന് ഓട്ടോയില്‍ കയറാനെത്തിയ ഒരു സ്ത്രീക്കും പുരുഷനുമാണ് പരിക്കേറ്റത്. അമിത വേഗത്തിലെത്തിയ കാർ ആളുകളേയും ഓട്ടോറിക്ഷകളും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ പലരുടെയും ശരീരത്തില്‍ ഒടിവുകളുണ്ട്. തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ നാലു പേരെയും ജനറല്‍ ആശുപത്രിയിലെ പ്രാഥമിക ശ്രുശ്രൂഷകള്‍ക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
വട്ടിയൂർക്കാവ് സ്വദേശി എ.കെ വിഷ്ണുനാഥാണ് (25) കാർ ഓടിച്ചിരുന്നത്. ഒപ്പം ഇയാളുടെ അമ്മാവനാണ് കാറില്‍ ഉണ്ടായിരുന്നത്. ബ്രേക്ക് ചവിട്ടുന്നതിനു പകരം ആക്സിലറേറ്റർ ചവിട്ടിയതാകാം അപകടകാരണമെന്ന് സ്ഥലത്തെത്തിയ എൻഫോഴ്സ്മെന്റ് ആർടിഒ അജിത് കുമാർ അറിയിച്ചു.
ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെയാണ് അപകടമെന്നാണ് ആർടിഒ നല്‍കുന്ന വിവരം. ഇരുവരെയും പോലീസ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക് സാരമുള്ളതല്ല. പ്രാഥമിക പരിശോധനയില്‍ വാഹനത്തിന് സാങ്കേതികമായ പ്രശ്നങ്ങളുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും ആർടിഒ വ്യക്തമാക്കിയിട്ടുണ്ട്. ഡ്രെവറുടെ ലൈസൻസ് ഉള്‍പ്പെടെയുള്ളവ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.