ഓടുന്ന ട്രെയിനില്‍ കവര്‍ച്ച; ശുചിമുറിയിലേക്ക് പോയ 64കാരിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ബാഗ് കവർന്ന കേസിൽ പ്രതിക്കായി അന്വേഷണം
കോഴിക്കോട്: ട്രെയിന്‍ യാത്രക്കിടെ വീട്ടമ്മയെ പുറത്തേക്ക് തള്ളിയിടുകയും ബാഗും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്യുകയും ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപം ഫ്രാന്‍സിസ് റോഡ് എത്തിയപ്പോഴായിരുന്നു സംഭവം. തൃശ്ശൂര്‍ തലോര്‍ വൈക്കാടന്‍ അമ്മിണി(64)യാണ് മോഷണത്തിന് ഇരയായത്. ശുചിമുറിയില്‍ പോകുന്നതിനിടെ ട്രെയിനിലെ വാതിലിന് സമീപത്ത് നിന്ന് വീട്ടമ്മയെ മോഷ്ടാവ് പുറത്തേക്ക് തള്ളിയിടുകയായിരുന്നു.
പിടിവലിക്കിടെ മോഷ്ടാവും ട്രെയിനിൽ നിന്ന് പുറത്തേക്ക് വീണതായാണ് വിവരം. പിന്നീട് വീട്ടമ്മയുടെ കൈവശമുണ്ടായിരുന്ന 8500 രൂപ അടങ്ങിയ ബാഗും മൊബൈല്‍ ഫോണുമായി മോഷ്ടാവ് ഇവിടെ നിന്നും കടന്നു. തലയ്ക്ക് പരിക്കേറ്റ വീട്ടമ്മ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 30നും 35 വയസ്സിനും ഇടയില്‍ പ്രായമുള്ള ആളാണ് അക്രമിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. മോഷണത്തിന് ശേഷം മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനില്‍ കയറി പ്രതി രക്ഷപ്പെട്ടതായും സംശയമുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പോലീസ് പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.