Fincat

കാറും ആംബുലൻസും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു


കുന്നംകുളം: തൃശ്ശൂർ കാണിപ്പയ്യൂരില്‍ ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേർ മരിച്ചു. ആംബുലൻസിലുണ്ടായിരുന്ന രോഗി കണ്ണൂർ സ്വദേശി കുഞ്ഞിരാമൻ, കാറിലുണ്ടായിരുന്ന കൂനാംമുച്ചി സ്വദേശി പുഷ്പ എന്നിവരാണ് മരിച്ചത്.അപകടത്തില്‍ നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലൻസും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
റോഡിന്റെ വലതുഭാഗത്ത് കൂടി പാഞ്ഞെത്തിയ കാർ ആംബുലൻസില്‍ ഇടിച്ചുകയറുകയായിരുന്നു. അതുകൊണ്ട് ആംബുലൻസ് ഡ്രൈവർക്ക് പെട്ടെന്ന് ആംബുലൻസ് നിയന്ത്രിക്കാൻ സാധിച്ചില്ല. ആംബുലൻസില്‍ രോഗിയും ഡ്രൈവറും ഉള്‍പ്പെടെ ആകെ അഞ്ചുപേരായിരുന്നു ഉണ്ടായിരുന്നത്. കാർ യാത്രക്കാരായിരുന്ന കൂനംമുച്ചി സ്വദേശി ആന്റോയ്ക്കും പരിക്കേറ്റിട്ടുണ്ട്. ആന്റോയുടെ ഭാര്യയാണ് മരിച്ച പുഷ്പ.
ഇടിയുടെ ആഘാതത്തില്‍ ആംബുലൻസ് റോഡിന് കുറുകേ മറിയുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായും തകരുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന ആളുകള്‍ ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
കാറിന്റെ ഡീസല്‍ ടാങ്ക് തകർന്ന് ഇന്ധനം റോഡില്‍ പടർന്നു. ഇതിനൊപ്പം ആംബുലൻസിലെ ഓക്സിജൻ സിലിണ്ടറില്‍ നിന്ന് ഓക്സിജനും ചോർന്നിരുന്നു. തുടർന്ന് ഫയർഫോഴ്സെത്തി കൂടുതല്‍ അപകടമുണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.