1971-ലെ യുദ്ധം മുതല്‍ ഓപ്പറേഷൻ സിന്ദൂര്‍ വരെ; പാകിസ്താനെ തകര്‍ത്തതിങ്ങനെ, വീഡിയോയുമായി വ്യോമസേന
ന്യൂഡല്‍ഹി: രാജ്യത്തെ വ്യോമസേനയുടെ ശക്തിയും മികവും വെളിപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പങ്കുവെച്ച് ഇന്ത്യൻ വ്യോമ സേന (ഐഎഎഫ്).വ്യോമസേനയുടെ ഔദ്യോഗിക എക്സ് പേജിലാണ് ആറുമിനിറ്റോളം ദൈർഘ്യമുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 1971-ലെ യുദ്ധം മുതല്‍ ഓപ്പറേഷൻ സിന്ദൂർ വരെയുള്ള ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് വ്യോമസേന പങ്കുവെച്ചിരിക്കുന്നത്.
ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഇതുവരെ കാണാത്ത ദൃശ്യങ്ങളും ഇതിലുണ്ട്. ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം വെളിപ്പെടുത്തിക്കൊണ്ട്, പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും (PoK) ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ നേർക്കാഴ്ചയാണ് ഞായറാഴ്ച പങ്കുവെച്ചിട്ടുള്ള വീഡിയോയില്‍ ഉള്ളത്.
‘കൃത്യതയോടെയും വേഗതയോടെയും ദൃഢനിശ്ചയത്തോടെയും ഐഎഎഫ് പ്രതികരിച്ചു’ എന്ന് പ്രസ്താവിച്ചുകൊണ്ട്, പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യൻ യുദ്ധവിമാനങ്ങള്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ വീഡിയോയില്‍ കാണിക്കുന്നു. തകർത്തെറിയപ്പെട്ട ഭീകര കേന്ദ്രങ്ങളുടെ ക്ലിപ്പുകളും ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
1971-ലെ പാകിസ്താനുമായുള്ള യുദ്ധത്തില്‍ യുദ്ധവിമാനങ്ങള്‍ പ്രവർത്തനനിരതമായതും, കാർഗില്‍ യുദ്ധത്തെക്കുറിച്ചും 2019-ലെ പുല്‍വാമ ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ആക്രമണങ്ങളെക്കുറിച്ചും വീഡിയോയില്‍ പരാമർശിക്കുന്നുണ്ട്. ‘ആകാശം ഇരുളുകയും കരയിലോ കടലിലോ അപകടം പതിയിരിക്കുമ്ബോഴും, ഒരു ശക്തി ഉദിച്ചുയരുന്നു. വിശാലവും, നിർഭയവും, കൃത്യതയുള്ളതുമായ ഇന്ത്യൻ വ്യോമസേന,’ വീഡിയോയില്‍ പറയുന്നു.
ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്താന്റെ അഞ്ച് യുദ്ധവിമാനങ്ങളും ഒരു വലിയ വിമാനവും ഇന്ത്യൻ വ്യോമസേന വെടിവെച്ചിട്ടതായി എയർ ചീഫ് മാർഷല്‍ അമർ പ്രീത് സിംഗ് കഴിഞ്ഞ ശനിയാഴ്ച വെളിപ്പെടുത്തിയിരുന്നു.
‘ആ എഡബ്ല്യുസി ( വ്യോമാക്രമണ മുന്നറിയിപ്പ് സംവിധാനമുള്ള വിമാനം) ഹാംഗറില്‍ കുറഞ്ഞത് ഒരു എഡബ്ല്യുസിയും, അറ്റകുറ്റപ്പണിയിലായിരുന്ന ഏതാനും എഫ്-16 വിമാനങ്ങളും ഉണ്ടായിരുന്നതായി ഞങ്ങള്‍ക്ക് സൂചനയുണ്ട്. കുറഞ്ഞത് അഞ്ച് യുദ്ധവിമാനങ്ങളും ഒരു വലിയ വിമാനവും തകർത്തതായി ഞങ്ങള്‍ സ്ഥിരീകരിക്കുന്നു. ആ വലിയ വിമാനം ഒരു സാധാരണ വിമാനമോ എഡബ്ല്യുസിയോ ആകാം. ഏകദേശം 300 കിലോമീറ്റർ ദൂരത്തുനിന്നാണ് അതിനെ വീഴ്ത്തിയത്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഭൂതല-വ്യോമ ആക്രമണമാണിത്,’ ബെംഗളൂരുവില്‍ നടന്ന ഒരു ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.