30 വർഷത്തിന് ശേഷം യുകെയിൽ നിന്നും ഇന്ത്യക്കാരനെ നാടുകടത്തി, വീഡിയോ വൈറലായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ച
30 വര്‍ഷം യുകെയില്‍ ജോലി ചെയ്ത ഇന്ത്യക്കാരനെ നാടുകടത്തിയെന്ന് അവകാശപ്പെട്ട ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകൾക്ക് തുടക്കമിട്ടു. പഞ്ചാബി സംസാരിക്കുന്ന ഒരു ഇന്ത്യക്കാരനെ അദ്ദേഹത്തിന്‍റെ ചില സുഹൃത്തുക്കൾ വിമാനത്താവളത്തില്‍ യാത്രയാക്കാനെത്തിയതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ടിക്ടോക്കില്‍ വൈറലായ വീഡിയോ പിന്നീട് ഇന്‍സ്റ്റാഗ്രാമിലും പങ്കുവയ്ക്കപ്പെടുകയായിരുന്നു. വീഡിയോയില്‍ മൂന്നാല് സുഹൃത്തുക്കൾ ചേര്‍ന്ന് ഒരാളെ വിമാനം കയറ്റിവിടാനെത്തിയതായിരുന്നു. 30 വര്‍ഷത്തിന് ശേഷം യുകെയില്‍ നിന്നും നാടുകടത്തുന്നു എന്ന കുറിപ്പോടെയാണ് യുബി1യുബി2 എന്ന ഇന്‍സ്റ്റാഗ്രം അക്കൗണ്ടില്‍ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
യുകെയില്‍ നിന്നും നാടുകടത്തിയ ഒരാളെ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കൾ വിമാനത്താവളത്തില്‍ യാത്രയയക്കുന്നുവെന്നും വീഡിയോയില്‍ എഴുതിയിരുന്നു. ദീപ രംഗര വാല എന്ന ഉപയോക്താവാണ് വീഡിയോ ആദയം ടിക് ടോക്കിൽ പങ്കുവച്ചത്. അദ്ദേഹം ഇംഗ്ലണ്ടിൽ എത്തിയിട്ട് 30 വർഷമായി. എന്നാൽ അദ്ദേഹത്തിന് ഇവിടെ താമസിക്കാൻ കഴിയുമെന്ന് തെളിയിക്കുന്ന ഒരു പേപ്പറും അദ്ദേഹത്തിന്‍റെ കൈയിലില്ലായിരുന്നു. ഇന്ന് അവർ അദ്ദേഹത്തെ നാടുകടത്തുകയാണ്. ഞങ്ങൾ അദ്ദേഹത്തെ വിമാനത്താവളത്തിൽ എത്തിക്കാൻ ഇവിടെയുണ്ട്. ഞങ്ങളുടെ സഹോദരനൊപ്പം ഞങ്ങൾ ചെലവഴിച്ച അവസാന സമയമാണിത്. 30 വർഷമായി അദ്ദേഹം ഇവിടെ ജോലി ചെയ്തു. കുടുംബത്തെ ഇവിടെ സ്ഥിരതാമസമാക്കി. പക്ഷേ ഇപ്പോൾ അദ്ദേഹം ഇന്ത്യയിലേക്ക് പോകണമെന്ന് വീഡിയോയിലുള്ളയാൾ പറയുന്നു.