Fincat

ഹനുമാൻകൈൻഡിന്റെ റാപ്പില്‍ രണ്‍വീര്‍ സിംഗിനെ കാണാൻ ഒരുങ്ങിക്കോളൂ; അവസാന ഘട്ട ഷൂട്ടിലേക്ക് ‘ദുരന്തര്‍’


ബോളിവുഡിന്റെ സൂപ്പർതാരം രണ്‍വീർ സിംഗ് നായകനാവുന്ന ആക്ഷൻ ചിത്രം ‘ദുരന്തറി’ന്റെ അവസാനഘട്ട ചിത്രീകരണം ഉടൻ ആരംഭിക്കുന്നു.
ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികളിലെ ധീരന്മാരായ നായകന്മാരുടെ കഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ‘ഉറി: ദി സർജിക്കല്‍ സ്ട്രൈക്ക്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആദിത്യ ധറാണ്.
ഏകദേശം 50 ദിവസത്തെ ചിത്രീകരണം കൂടിയാണ് ഇനി ബാക്കിയുള്ളത്. ഒക്ടോബർ പകുതിയോടെ ഷൂട്ടിംഗ് പൂർത്തിയാക്കാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്. ഈ വർഷം ഡിസംബർ 5-ന് ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത് അണിയറവൃത്തങ്ങള്‍ പറയുന്നു. തന്റെ കരിയറിലെ ഏറ്റവും മികച്ച ഒരു ആക്ഷൻ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ സാധിക്കുമെന്ന ആവേശത്തിലാണ് രണ്‍വീർ സിംഗ്.

മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെയും സംഘത്തിന്റെയും ചില നിർണായക നേട്ടങ്ങള്‍ സിനിമയുടെ തിരക്കഥയില്‍ ഉള്‍പ്പെടുത്താൻ സംവിധായകൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. രണ്‍വീർ സിംഗിനൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളായ സഞ്ജയ് ദത്ത്, ആർ മാധവൻ, അർജുൻ രാംപാല്‍, അക്ഷയ് ഖന്ന എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാറാ അർജുൻ, രാകേഷ് ബേദി, ജിമ്മി ഷെർഗില്‍ എന്നിവർ സഹതാരങ്ങളായി എത്തുന്നുണ്ട്.
അതിസങ്കീർണ്ണമായ രാഷ്ട്രീയ ഗൂഢാലോചനകളും ദേശീയ സുരക്ഷാ ഭീഷണികളും ഒരു ചാരന്റെ വ്യക്തിപരമായ ജീവിതവും ഇടകലർത്തി ഒരുക്കുന്ന ഒരു സ്പൈ ത്രില്ലറായിരിക്കും ഈ ചിത്രമെന്നാണ് സൂചന. രാജ്യത്തോടുള്ള കൂറ്, ത്യാഗം, വഞ്ചന തുടങ്ങിയ വിഷയങ്ങള്‍ സിനിമ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും രണ്‍വീർ സിംഗിന്റെ 40-ാം പിറന്നാളായ 2025 ജൂലൈ 6-ന് പുറത്തിറക്കിയിരുന്നു.

ജാസ്മിൻ സാൻഡ്ലാസിന്റെ ശബ്ദത്തിലുള്ള ഗാനവും, റാപ്പ് ആർട്ടിസ്റ്റായ ഹനുമാൻകൈൻഡിന്റെ റാപ്പ് ഭാഗങ്ങളും ടീസറില്‍ ശ്രദ്ധേയമായിരുന്നു. 2024 ജൂലൈയില്‍ ബാങ്കോക്കിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. പിന്നീട് അമൃത്സറിലും ഗോള്‍ഡൻ ടെമ്ബിളിന് സമീപവും ചിത്രീകരണം നടന്നു. മുംബൈയിലെ ഫിലിമിസ്ഥാൻ സ്റ്റുഡിയോയിലും മധ് ഐലൻഡിലുമായി പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. യഥാർത്ഥ ജീവിതത്തിലെ സംഭവങ്ങളെയും RAW-യുടെ രഹസ്യ ഓപ്പറേഷനുകളെയും ആധാരമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകള്‍.