Fincat

ആരോഗ്യമന്ത്രി വാശിക്കാരി; ഹാരിസിന് മേല്‍ ഒരു നുള്ള് മണ്ണ് വാരിയിടാൻപോലും പ്രതിപക്ഷം സമ്മതിക്കില്ല: വി ഡി സതീശൻ


കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. സി എച്ച്‌ ഹാരിസിനെ ക്രൂശിക്കാനുള്ള ശ്രമത്തില്‍ നിന്ന് ആരോഗ്യമന്ത്രി പിന്മാറിയെന്നാണ് അറിയാന്‍ സാധിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.താല്‍ക്കാലികമായാണോ പിന്മാറ്റം എന്ന് അറിയില്ല. ഡോ. ഹാരിസിന് മേല്‍ ഒരു നുള്ള് മണ്ണ് വാരിയിടാന്‍ പോലും പ്രതിപക്ഷം സമ്മതിക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

മന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ ഓഫീസ് ആണ് ഹാരിസിനെ ക്രൂശിക്കാനുള്ള ശ്രമം നടത്തിയത്. അത് പരാജയപ്പെട്ടു. ആരോഗ്യമന്ത്രി വാശിക്കാരിയാണ്. പലതവണ നിലപാട് മാറ്റിയ മന്ത്രി ഇനിയും മാറ്റുമോയെന്ന് സംശയമുണ്ടെന്നും ഹാരിസ് വിഷയത്തില്‍ നാല് തവണയാണ് മന്ത്രി നിലപാട് മാറ്റിയെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

ഡോ. ഹാരിസിനെ ദ്രോഹിക്കാന്‍ നോക്കിയാല്‍ സംരക്ഷിക്കാന്‍ പ്രതിപക്ഷം ഉണ്ടാകുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ കോളേജില്‍ നിന്നും കാണാതായെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞ ടിഷ്യൂ മോസിലേറ്റര്‍ എന്ന ഉപകരണം ഓപ്പറേഷന്‍ തിയേറ്ററില്‍ തന്നെ കണ്ടെത്തിയിരുന്നു. അതിനിടെ തന്നെ കുടുക്കാനും പിന്നില്‍ നിന്നും കുത്താനും ചില സഹപ്രവര്‍ത്തകര്‍ ശ്രമിച്ചെന്ന ആരോപണവുമായി ഹാരിസ് ചിറക്കല്‍ രംഗത്തെത്തി.

അവസ്ഥ മനസിലാക്കാതെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി, തെറ്റായ റിപ്പോര്‍ട്ട് മുകളിലേക്ക് കൊടുത്തു. അത് ചെയ്യാന്‍ പാടില്ലായിരുന്നു. കീഴുദ്യോഗസ്ഥന്‍ എന്ന നിലയ്ക്ക് അവര്‍ക്ക് എന്നോട് കാര്യങ്ങള്‍ നേരിട്ട് ചോദിക്കാവുന്നതേ ഉള്ളൂ. വിശദീകരണം തേടിയ ശേഷം മാത്രം കാര്യങ്ങള്‍ തീരുമാനിച്ചാല്‍ മതിയായിരുന്നു. എപ്പോള്‍ വേണമെങ്കിലും എന്നെ ചോദ്യം ചെയ്യാന്‍ അധികാരമുള്ള അവര്‍ ഇങ്ങനെ ചെയ്തത് ശരിയായില്ല. നീതികേടുണ്ടായെന്നുമാണ് ഹാരിസ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.