Fincat

മന്ത്രി രാജീവിൻ്റെ ഓഫീസും ഇനി ഹെെടെക്, സന്ദര്‍ശകരെ വരവേല്‍ക്കാൻ ഇവിടെ കെല്ലിയെന്ന AI മിടുക്കിയുണ്ട്


തിരുവനന്തപുരം: വ്യവസായവകുപ്പ് മന്ത്രി പി. രാജീവിൻ്റെ ഓഫീസ് ഇനിമുതല്‍ ഹെെടെക്. സന്ദർശകരേയും സ്റ്റാഫുകളെയും ഒക്കെ ഓഫീസിലേയ്ക്ക് സ്വീകരിക്കുന്നത് AI-പിന്തുണയുള്ള വെർച്വല്‍ റിസപ്ഷനിസ്റ്റാണ്, പേര് കെല്ലി.സർക്കാർ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി പൊതുജനങ്ങളുമായുള്ള ആശയവിനിമയം പരിവർത്തനം ചെയ്യുന്നതിനായി രൂപകല്‍പന ചെയ്ത വെർച്വല്‍ റിസപ്ഷനിസ്റ്റാണിത്.

സന്ദർശകരെ സ്വാഗതം ചെയ്യാനും പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും നിലവിലുള്ള ERP (എന്റർപ്രൈസ് റിസോഴ്സ് പ്ലാനിങ്) സംവിധാനങ്ങളുമായി സംയോജിപ്പിച്ച്‌ സബ്സ്ക്രിപ്ഷനുകള്‍, പേയ്മെന്റ് കുടിശ്ശികകള്‍, ഫയല്‍ സ്റ്റാറ്റസുകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന വിവരങ്ങള്‍ തത്സമയം ലഭ്യമാക്കാനും കെല്ലിയുടെ സഹായം തേടാം. Llama, Mixtral പോലുള്ള ലാർജ് ലാംഗ്വേജ് മോഡലുകള്‍ (LLM), Llamaindex വഴിയുള്ള ഡാറ്റാ ശേഖരണം, കൂടാതെ വിവർത്തനം, ടെക്സ്റ്റ്-ടു-സ്പീച്ച്‌, സ്പീച്ച്‌-ടു-ടെക്സ്റ്റ്, ഫെയ്സ് റെക്കഗ്നിഷൻ എന്നിവയ്ക്കുള്ള പ്രത്യേക സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടെയുള്ള നൂതന AI സാങ്കേതികവിദ്യകളാണ് ഈ സംവിധാനത്തിന് പിന്നില്‍ പ്രവർത്തിക്കുന്നത്. കെല്‍ട്രോണ്‍ ആണ് കെല്ലിയെ രൂപകല്‍പന ചെയ്തിരിക്കുന്നത്.

മന്ത്രി പി. രാജീവ് ഉള്‍പ്പടെയുള്ളവരെ കാണുമ്ബോള്‍ കെല്ലി പേര് വിളിച്ച്‌ അഭിസംബോധന ചെയ്യും. സന്ദർശകർക്ക് കൗതുകക്കാഴ്ച കൂടിയാകുന്നുണ്ട് ഈ എഐ റിസപ്ഷനിസ്റ്റ്. ഒരു യഥാർഥ വ്യക്തിയെപ്പോലെ ആകർഷകമായ അനുഭവം നല്‍കുന്നതിനായി 3D ലൈവ് മോഡലോടു കൂടിയ ഒരു ഇന്ററാക്ടീവ് കിയോസ്കായിട്ടാണ് കെല്ലി പ്രവർത്തിക്കുന്നത്. ഈ വെർച്വല്‍ റിസപ്ഷനിസ്റ്റിന് ആളുകള്‍ വരുമ്ബോള്‍ അവരെ സ്വാഗതം ചെയ്യാനും സംഭാഷണങ്ങള്‍ ആരംഭിക്കാനും കഴിയും. ഫേഷ്യല്‍ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച്‌, പരിചയമുള്ളവരെ പേരും പദവിയും സഹിതം തിരിച്ചറിയാനും സ്വാഗതം ചെയ്യാനും കെല്ലിക്ക് സാധിക്കും.

‘മിടുക്കിയായ റിസപ്ഷനിസ്റ്റാണ് കെല്ലി. ആളുകളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും കെല്ലി വേഗത്തില്‍ മറുപടി നല്‍കും. കെല്‍ട്രോണ്‍ ആണ് ഈയൊരു ആശയം മുന്നോട്ടു വെച്ചതും അവതരിപ്പിച്ചതും. വളരെ ഉപയോഗപ്രദമായ ഒരു സംവിധാനമാണ് കെല്ലി. വ്യവസായ വകുപ്പില്‍ എത്തുന്നവർക്ക് വളരെ സഹായകരമാണ് ഈ സംവിധാനം’, മന്ത്രി പി രാജീവ് പറഞ്ഞു.

റിട്രീവല്‍-ഓഗ്മെന്റഡ് ജനറേഷൻ (RAG) എന്ന സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് കെല്ലിയുടെ പ്രവർത്തനങ്ങള്‍. ഇത്, കെല്ലിയുടെ വിപുലമായ വിവരശേഖരത്തില്‍ നിന്ന് ആവശ്യമായ വിവരങ്ങള്‍ കണ്ടെത്തി, അതിനെ അടിസ്ഥാനമാക്കി കൃത്യവും സന്ദർഭോചിതവുമായ മറുപടികള്‍ നല്‍കുന്നു. അപ്ലോഡ് ചെയ്ത രേഖകളില്‍ നിന്നും വെബ്സൈറ്റുകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളെ ആശ്രയിച്ച്‌ പ്രവർത്തിക്കുന്നതിനാല്‍, തെറ്റായ വിവരങ്ങള്‍ നല്‍കാനുള്ള സാധ്യത കുറയ്ക്കുന്നു. നിലവില്‍ ഇംഗ്ലീഷും മലയാളവും കെല്ലിക്ക് അറിയാം. ഭാഷിണി API ഉപയോഗിച്ച്‌ മറ്റ് ഭാഷകളും എളുപ്പത്തില്‍ ഉള്‍പ്പെടുത്താൻ കഴിയും, ഇത് വിവിധ ഭാഷാസമൂഹങ്ങളെ സേവിക്കാൻ കെല്ലിയെ കൂടുതല്‍ പ്രാപ്തമാക്കുന്നു.

‘ഡല്‍ഹിയില്‍ വെച്ചുനടന്ന എഐ കോണ്‍ക്ലേവിലാണ് കെല്ലിയെ അവതരിപ്പിച്ചത്. അവിടെവെച്ച്‌ ഒരുപാട് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. നിലവില്‍ മന്ത്രിയുടെ ഓഫീസിലും മോട്ടോർ വർക്കേഴ്സ് വെല്‍ഫെയർ ഫണ്ട് ബോർഡിലുമാണ് കെല്ലിയെ സ്ഥാപിച്ചിട്ടുള്ളത്. കൃത്യമായ വിവരങ്ങള്‍ നല്‍കാൻ കെല്ലിക്ക് സാധിക്കും’, കെല്‍ട്രോണ്‍ ഡെപ്യൂട്ടി ജനറല്‍ മാനേജർ വിപിൻ എസ്.എസ്. പറഞ്ഞു.

പ്രോഗ്രാമിങ് പരിജ്ഞാനം ഇല്ലാത്തവർക്കും കെല്ലിയുടെ അഡ്മിൻ പോർട്ടല്‍ വഴി പുതിയ ചാറ്റ്ബോട്ടുകളെയും വെർച്വല്‍ റിസപ്ഷനിസ്റ്റുകളെയും സൃഷ്ടിക്കാനും കൈകാര്യം ചെയ്യാനും സാധിക്കുന്നു എന്നതാണ് ഇതിന്റെ ഒരു പ്രധാന സവിശേഷത. ഈ പോർട്ടല്‍ വഴി ഉപയോക്താക്കള്‍ക്ക് പുതിയ വിവരങ്ങള്‍ നല്‍കാനായി രേഖകളും വെബ്സൈറ്റ് ലിങ്കുകളും അപ്ലോഡ് ചെയ്യാനും ഫേഷ്യല്‍ റെക്കഗ്നിഷനു വേണ്ടി മുഖചിത്രങ്ങള്‍ ചേർക്കാനും വിവിധ ERP സിസ്റ്റങ്ങളുമായി API കണക്ഷനുകള്‍ ക്രമീകരിക്കാനും കഴിയും.

വകുപ്പുകള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി പ്രവർത്തിക്കാൻ കെല്ലി സഹായിക്കുമെന്നാണ് കെല്‍ട്രോണ്‍ അധികൃതർ പറയുന്നത്. പുതിയ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ കെല്ലിയെ വേഗത്തില്‍ മാറ്റിയെടുക്കാൻ സാധിക്കുമെന്നും ഇവർ പറയുന്നു. സംഭാഷണങ്ങളിലെ കൃത്യത, മനുഷ്യസമാനമായ സാന്നിധ്യം, തത്സമയ ഡാറ്റാ ലഭ്യത എന്നിവ സംയോജിപ്പിച്ചുകൊണ്ട്, കാര്യക്ഷമവും ആകർഷകവുമായ ഒരു പൗരസേവന അനുഭവം നല്‍കാൻ കെല്ലിക്ക് സാധിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു