ഇത് വെറും കളിയല്ല, താരിഫ് ചൂണ്ടയിൽ ട്രംപ് ഖജനാവിലേക്ക് എത്തിച്ചത് 12.5 ലക്ഷം കോടി രൂപ!
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ഊഴത്തിലെ താരിഫ് നയം, യുഎസിന്റെ ഖജനാവിലേക്ക് എത്തിക്കുന്നത് കോടികള്‍ . ഈ വർഷം ജൂലൈ 29 വരെയുള്ള കണക്കുകള്‍ പ്രകാരം, താരിഫ് ഇനത്തില്‍ 150 ബില്യണ്‍ ഡോളറാണ് (ഏകദേശം 12.5 ലക്ഷം കോടി രൂപ) സമാഹരിച്ചത്. ഇത് ഒരു റെക്കോര്‍ഡ് നേട്ടമാണ്. താരിഫ് വരുമാനത്തിലെ ഈ കുതിച്ചുചാട്ടം കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യമായി ജൂണ്‍ മാസത്തില്‍ ബജറ്റ് മിച്ചം നേടാന്‍ വൈറ്റ് ഹൗസിനെ സഹായിച്ചു. ജൂലൈ മാസത്തില്‍ മാത്രം കസ്റ്റംസ് തീരുവ ഇനത്തില്‍ 28 ബില്യണ്‍ ഡോളറാണ് (ഏകദേശം 2.3 ലക്ഷം കോടി രൂപ) ലഭിച്ചത്. ഈ വര്‍ഷം ഒരു മാസം ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്.
എല്ലാ ഇറക്കുമതി ഉത്പന്നങ്ങള്‍ക്കും 10% അധിക നികുതി ഏര്‍പ്പെടുത്തുകയും, വ്യാപാരക്കമ്മി കൂടിയ രാജ്യങ്ങളില്‍ നിന്ന് വരുന്ന ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ നികുതി ചുമത്തുകയും ചെയ്ത ട്രംപ് ഭരണകൂടത്തിന്റെ പുതിയ നയമാണ് ഈ നേട്ടത്തിന് പിന്നില്‍. ഈ നയം നടപ്പിലാക്കിയ ശേഷം നാല് മാസത്തിനുള്ളില്‍ത്തന്നെ ഏകദേശം 100 ബില്യണ്‍ ഡോളര്‍ (ഏകദേശം 8.3 ലക്ഷം കോടി രൂപ) അധികമായി ലഭിച്ചു. ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ വരുമാനത്തിന്റെ മൂന്നിരട്ടിയാണ്. താരിഫ് വഴി പ്രതിവര്‍ഷം 300 ബില്യണ്‍ ഡോളറിലധികം വരുമാനം പ്രതീക്ഷിക്കുന്നതായി വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലുട്‌നിക് ഫോക്‌സ് ബിസിനസിനോട് പറഞ്ഞു. കൂടാതെ, പ്രതിമാസ വരുമാനം 50 ബില്യണ്‍ ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാമാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന താരിഫ് 1930-ലെ സ്മൂട്ട്-ഹോളി താരിഫ് ആക്ടിന് ശേഷം അമേരിക്ക ഏര്‍പ്പെടുത്തുന്ന ഏറ്റവും വലിയ താരിഫാണിത്. അന്ന് ഈ നയം അന്താരാഷ്ട്ര തലത്തില്‍ വലിയ തിരിച്ചടികള്‍ക്ക് കാരണമാവുകയും ആഗോള വ്യാപാരത്തെ തകര്‍ക്കുകയും ചെയ്തിരുന്നു. താരിഫ് വരുമാനം ഖജനാവിലേക്ക് വലിയ തുക എത്തിക്കുമെങ്കിലും, സാമ്പത്തിക വളര്‍ച്ചയെ മന്ദഗതിയിലാക്കാനും, വിതരണ ശൃംഖലയെ തകര്‍ക്കാനും, ഇറക്കുമതിയെ ആശ്രയിക്കുന്ന വ്യവസായങ്ങളെ പ്രതിസന്ധിയിലാക്കാനും സാധ്യതയുണ്ടെന്ന് യുഎസ്എ ടുഡേ ഉദ്ധരിച്ച സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
പ്രധാന വെല്ലുവിളികള്‍ ഇറക്കുമതി നികുതി വര്‍ദ്ധിക്കുന്നത് അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധിപ്പിച്ച് അമേരിക്കന്‍ നിര്‍മ്മാണ മേഖലയെ ബാധിച്ചേക്കാം. കൂടാതെ, വ്യാപാര പങ്കാളികള്‍ തിരിച്ചടിക്കാനും സാധ്യതയുണ്ട്. ട്രംപ് ആദ്യമായി പ്രസിഡന്റായ കാലത്ത്, 370 ബില്യണ്‍ ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്തിയപ്പോള്‍, ചൈന അമേരിക്കന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും നികുതി ചുമത്തി. ഇത് 2018-19 കാലഘട്ടത്തില്‍ അമേരിക്കന്‍ കര്‍ഷകര്‍ക്ക് 27 ബില്യണ്‍ ഡോളറിന്റെ നഷ്ടം വരുത്തി. ഇതിനെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുകയുണ്ടായി. യുഎസിന്റെ കാര്‍ഷിക മേഖല ഇപ്പോഴും ഈ നഷ്ടത്തില്‍ നിന്ന് പൂര്‍ണമായി കരകയറിയിട്ടില്ലെന്ന് യുഎസ്എ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്ത ഒരു ദശാബ്ദത്തിനുള്ളില്‍ ട്രില്യണ്‍ കണക്കിന് ഡോളര്‍ നേടാന്‍ സാധിക്കുമെങ്കിലും, സാമ്പത്തിക മാന്ദ്യവും വിദേശ രാജ്യങ്ങളുടെ തിരിച്ചടിയും കണക്കിലെടുക്കുമ്പോള്‍ ഈ നേട്ടം കുറയും. ഉദാഹരണത്തിന്, താരിഫ് 15% വര്‍ദ്ധിപ്പിച്ചാല്‍, തിരിച്ചടികള്‍ ഇല്ലെങ്കില്‍ 3.9 ട്രില്യണ്‍ ഡോളര്‍ വരുമാനം ലഭിച്ചേക്കാം. എന്നാല്‍ തിരിച്ചടികള്‍ ഉണ്ടായാല്‍ ഇത് 1.5 ട്രില്യണ്‍ ഡോളറായി കുറയാന്‍ സാധ്യതയുണ്ട്. അമേരിക്കയുടെ 36 ട്രില്യണ്‍ ഡോളറിനടുത്ത് നില്‍ക്കുന്ന കടം മുഴുവന്‍ തീര്‍ക്കാന്‍ താരിഫ് വരുമാനം പര്യാപ്തമല്ല. കൂടാതെ, ഉയര്‍ന്ന പലിശ നിരക്കുകള്‍ അടിസ്ഥാന സൗകര്യ വികസനം പോലുള്ള പൊതുനിക്ഷേപങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താരിഫ് വരുമാനം ഉപയോഗിച്ച് റിബേറ്റ് ചെക്കുകള്‍ നല്‍കാനുള്ള സെനറ്റര്‍ ജോഷ് ഹൗളിയുടെ നിര്‍ദ്ദേശം പണപ്പെരുപ്പം കൂട്ടാന്‍ സാധ്യതയുണ്ടെന്ന് ബൈഡന്‍ ഭരണകൂടത്തിലെ സാമ്പത്തിക വിദഗ്ദ്ധന്‍ മുന്നറിയിപ്പ് നല്‍കുന്നു.