Fincat

ഹൃദയ ശസ്ത്രക്രിയക്കും, തുടര്‍ച്ചയ്ക്കുമായി മൂന്നരലക്ഷം രൂപ കണ്ടെത്തണം; സഹായം തേടി ഇടുക്കിയിലെ വീട്ടമ്മ

ഹൃദയ ശസ്ത്രക്രിയക്കും, തുടര്‍ച്ചയ്ക്കുമായി സഹായം തേടുകയാണ് ഇടുക്കിയിലെ ഒരു വീട്ടമ്മ. വണ്ണപ്പുറം സ്വദേശി കുട്ടിയമ്മ ഗോപാലനാണ് ശസ്ത്രക്രിയയ്ക്കായി മൂന്നരലക്ഷം രൂപ കണ്ടെത്തേണ്ടത്.

മൂന്നുവര്‍ഷമായി ഹൃദ്‌രോഗിയാണ് കുട്ടിയമ്മ. ഭര്‍ത്താവ് ഒന്നരവര്‍ഷം മുമ്പ് മരിച്ചു. ഹോട്ടല്‍ ജോലി ചെയ്യുന്ന മകനാണ് ഏക ആശ്രയം. കോട്ടയം മെഡിക്കല്‍ കോളജിലാണ് ചികിത്സ. ആന്‍ജിയോഗ്രാം ഉള്‍പ്പെടെ നേരത്തെ ചെയ്തിരുന്നു. എന്നാല്‍ ബൈപ്പാസ് സര്‍ജറി വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ഇതിനാണ് തുക കണ്ടെത്തേണ്ടത്.

ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഉണ്ടെങ്കിലും ബൈപ്പാസ് സര്‍ജറിക്ക് ഇത് വിനിയോഗിക്കാന്‍ കഴിയില്ല എന്നാണ് പറയുന്നത്. മൂന്നാഴ്ചക്കുള്ളില്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. സുമനസ്സുകളുടെ സഹായം ഉണ്ടെങ്കില്‍ മാത്രമേ ശസ്ത്രക്രിയയും തുടര്‍ ചികിത്സയും നടക്കു.