Fincat

കാണാതായത് 66 വര്‍ഷം മുമ്ബ്, ഉരുകിക്കൊണ്ടിരുന്ന മഞ്ഞുപാളിക്കുള്ളില്‍ മൃതദേഹം കണ്ടെത്തി


ലണ്ടൻ: 1959-ല്‍ സർവേ ദൗത്യത്തിനിടെ വിള്ളലില്‍ വീണ് കാണാതായ അന്റാർട്ടിക്ക് ഗവേഷകന്റെ മൃതശരീരത്തിന്റെ അവശിഷ്ടങ്ങള്‍ 66 വർഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി.അന്റാർട്ടിക്ക് ഉപദ്വീപില്‍ സ്ഥിതി ചെയ്യുന്ന കിംഗ് ജോർജ് ദ്വീപിലാണ് ഇരുപത്തിയഞ്ചുകാരനായ ഡെന്നീസ് ബെല്ലിന്റെ കാണാതായത്. ഗവേഷണത്തിനെത്തിയ പോളിഷ് സംഘമാണ് ഉരുകികൊണ്ടിരിക്കുന്ന മഞ്ഞുപാളിയില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.

1959 ജൂലൈ 26-നാണ് ഡെന്നീസിനെ കാണാതാകുന്നത്. രണ്ടു സഹപ്രവർത്തകരും നായ്ക്കളുമായി സർവേയുടെ ഭാഗമായുള്ള ജോലി ചെയ്യാനുള്ള യാത്രയിലായിരുന്നു ഡെന്നീസ്. വലിയ മഞ്ഞുപാളിയുടെ മുകളിലെത്തിയപ്പോള്‍ നായ്ക്കള്‍ ക്ഷീണത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി. തുടർന്ന് നടക്കാനായി നായ്ക്കളെ പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം മുന്നോട്ട് നടന്നു. അതിനിടെ വിള്ളലിലൂടെ അപ്രത്യക്ഷനാവുകയായിരുന്നു. ഡെന്നീസിനായി സഹപ്രവർത്തകർ തിരച്ചില്‍ നടത്തിയെങ്കിലും യാതൊരു തുമ്ബും ലഭിച്ചില്ല. മരിച്ചുവെന്ന് ഉറപ്പിച്ചിരുന്നുവെങ്കിലും മൃതദേഹം ലഭിക്കാത്തതിന്റെ ദുഖത്തിലായിരുന്നു സുഹൃത്തുക്കളും കുടുംബാംഗങ്ങളും

റേഡിയോ ഉപകരണത്തിന്റെ അവശിഷ്ടങ്ങള്‍, ഫ്ലാഷ്ലൈറ്റ്, സ്കീ പോളുകള്‍, റിസ്റ്റ് വാച്ച്‌, കത്തി എന്നിവയുള്‍പ്പെടെ 200 ലേറെ വസ്തുക്കള്‍ അവിടെ നിന്ന് കണ്ടെടുത്തതായി ബ്രിട്ടീഷ് അന്റാർട്ടിക് സർവേ സ്ഥിരീകരിച്ചു. ലണ്ടനിലെ കിംഗ്സ് കോളേജിലെ ഫോറൻസിക് ജനിതകശാസ്ത്രജ്ഞയും പ്രൊഫസറുമായ ഡെനിസ് സിൻഡർകോംബ് കോർട്ടിന്റെ നേതൃത്വത്തില്‍ ഡിഎൻഎ പരിശോധന നടത്തിയ ശേഷമാണ് മൃതദേഹം ഡെന്നീസ് ബെല്ലിന്റേതാണെന്ന് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ സഹോദരൻ ഡേവിഡ് ബെല്ലിന്റെയും സഹോദരി വലേരി കെല്ലിയുടെയും ഡിഎൻഎ സാമ്ബിളുകളുമായി ഒത്തു നോക്കിയാണ് തിരിച്ചറിഞ്ഞത്. 66 വർഷത്തിനുശേഷം ഞങ്ങളുടെ സഹോദരനെ കണ്ടെത്തിയതായി താനും സഹോദരിയും അറിഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടു. ബ്രിട്ടീഷ് അന്റാർട്ടിക്ക് സർവേയും ബ്രിട്ടീഷ് അന്റാർട്ടിക്ക് മോണുമെന്റ് ട്രസ്റ്റും വലിയ പിന്തുണയാണ് നല്‍കിയതെന്ന് സഹോദരൻ പറഞ്ഞു.