Fincat

‘സഹായിച്ചതിന് നന്ദി’; ചോദ്യങ്ങളോട് പ്രതികരിക്കാതെ സുരേഷ് ഗോപി, തൃശ്ശൂരില്‍ പ്രവര്‍ത്തകരുടെ സ്വീകരണം


തൃശ്ശൂർ: വോട്ട് ക്രമക്കേട് സംബന്ധിച്ച വ്യാപക പ്രതിഷേധത്തിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഡല്‍ഹിയില്‍നിന്ന് തൃശ്ശൂരിലെത്തി.വന്ദേഭാരത് എക്സ്പ്രസില്‍ രാവിലെ 9.30-ഓടെയാണ് തൃശ്ശൂരിലെത്തിയത്. വലിയ സ്വീകരണമാണ് റെയില്‍വേ സ്റ്റേഷനില്‍ സുരേഷ് ഗോപിക്ക് ബിജെപി പ്രവർത്തകർ ഒരുക്കിയത്. തടിച്ചുകൂടിയ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ അദ്ദേഹത്തെ വരവേറ്റു. പോലീസ് കാവലിലാണ് അദ്ദേഹത്തെ റെയില്‍വേ സ്റ്റേഷന് പുറത്തെത്തിച്ചത്.
അതേസമയം, മാധ്യമങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. ‘ഇത്രയും സഹായിച്ചതിന് നന്ദി’ എന്ന് പരിഹാസരൂപേണയുള്ള മറുപടി മാത്രമാണ് അദ്ദേഹം നല്‍കിയത്. ചോദ്യങ്ങളോടൊക്കെ അദ്ദേഹം മൗനം പാലിച്ചു. കഴിഞ്ഞദിവസം സംഘർഷത്തില്‍ പരിക്കേറ്റവരെ കാണാനാണ് സുരേഷ് ഗോപി റെയില്‍വേ സ്റ്റേഷനില്‍നിന്ന് നേരെ പോയത്. ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് ഉള്‍പ്പെടെയുള്ള പരിക്കേറ്റ ബിജെപി നേതാക്കളെ ആശുപത്രിയില്‍ സന്ദർശിച്ചു.
അതിനിടെ, ബിജെപി ബുധനാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുകയാണ്. സുരേഷ് ഗോപിയുടെ ക്യാമ്ബ് ഓഫീസ് കഴിഞ്ഞദിവസം ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധം. കഴിഞ്ഞദിവസത്തെ സംഘർഷത്തില്‍ 70 പേർക്കെതിരേ പോലീസ് കേസെടുത്തിരുന്നു. 40 ബിജെപി പ്രവർത്തകർക്കും 30 സിപിഎം പ്രവർത്തകർക്കുമെതിരെയാണ് കേസെടുത്തത്.
വോട്ടർപ്പട്ടിക വിവാദത്തിലും കന്യാസ്ത്രീകളുടെ അറസ്റ്റിലുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞദിസവം സിപിഎം പ്രവർത്തർ സുരേഷ് ഗോപിയുടെ ചേരൂരിലെ ഓഫീസിലേക്ക് മാർച്ച്‌ നടത്തിയിരുന്നു. സുരേഷ് ഗോപിയുടെ ഓഫീസ് ബോർഡില്‍ കരിഓയില്‍ ഒഴിക്കുകയും ചെരിപ്പുമാലയിടുകയും ചെയ്തു. മാർച്ച്‌ പോലീസ് തടഞ്ഞെങ്കിലും പ്രവർത്തകർ ബാരിക്കേഡ് മറികടക്കുകയായിരുന്നു. ഇതിന് മറുപടിയെന്നോണം രാത്രി എട്ടുമണിയോടെ ബിജെപി പ്രവർത്തകർ സിപിഎം ജില്ലാക്കമ്മിറ്റി ഓഫീസിലേക്കും മാർച്ച്‌ നടത്തി.