Fincat

ഓപ്പറേഷൻ സിന്ദൂറിനിടെ F-16 വിമാനങ്ങള്‍ നഷ്ടപ്പെട്ടോ? പാകിസ്താനോട് തന്നെ ചോദിക്കൂ എന്ന് യുഎസ്


വാഷിങ്ടണ്‍: ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് വിമാനങ്ങള്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ യുഎസ്.ഇന്ത്യയും പാകിസ്താനും തമ്മില്‍, മെയ് ഏഴുമുതല്‍ 10 വരെ, 88 മണിക്കൂർ നീണ്ടുനിന്ന തീവ്രമായ പോരാട്ടത്തിനിടെ പാകിസ്താൻ എയർഫോഴ്സിന്റെ എഫ്-16 യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടിരുന്നോ എന്ന എൻഡിടിവിയുടെ ചോദ്യത്തിനോട് പ്രതികരിക്കവേയാണ് പാകിസ്താൻ സർക്കാരിനോട് തന്നെ പോയി ചോദിക്കൂ എന്ന് യുഎസ് ഉദ്യോഗസ്ഥരുടെ മറുപടി.

എഫ്-16 വിമാനങ്ങളുടെ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും നിയന്ത്രിക്കാനായി പാകിസ്താനില്‍ ടെക്നിക്കല്‍ സപ്പോർട്ട് ടീമുകള്‍ (TSTs) എന്നറിയപ്പെടുന്ന യുഎസ് കോണ്‍ട്രാക്ടർമാരെ നിയോഗിച്ചിട്ടുണ്ട്. 24 മണിക്കൂറും എഫ്-16 വിമാനങ്ങളെ നിരീക്ഷിക്കുന്ന ഇവർ വഴി പാകിസ്താൻ ഉപയോഗിക്കുന്ന എഫ്-16 വിമാനങ്ങളുടെ നിലയെക്കുറിച്ച്‌ അമേരിക്കയ്ക്ക് പൂർണ്ണമായ അറിവുണ്ട്. പാകിസ്താന്റെ പക്കലുള്ള യുഎസ് നിർമ്മിത എഫ്-16 വിമാനങ്ങളുടെ ഉപയോഗം നിരീക്ഷിക്കാനാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്.

ഇസ്ലാമാബാദും വാഷിംഗ്ടണും തമ്മില്‍ ഒപ്പുവെച്ച ഒരു കരാറിന്റെ ഭാഗമായാണ് ഈ ടീം പാകിസ്താനില്‍ പ്രവർത്തിക്കുന്നത്. പാകിസ്താന്റെ എഫ്-16 വിമാനങ്ങള്‍ ഏതൊക്കെ സാഹചര്യങ്ങളില്‍ യുദ്ധത്തിന് ഉപയോഗിക്കാമെന്ന് ഈ കരാറുകള്‍ നിർവചിക്കുന്നു. കൂടാതെ, എഫ്-16 വിമാനങ്ങള്‍ പരിപാലിക്കുന്നതിനും നിലനിർത്തുന്നതിനും ഇസ്ലാമാബാദിന് യുഎസ് പിന്തുണ തുടർന്നും ലഭിക്കുന്നതിന്റെ അടിസ്ഥാനവും ഈ കരാറുകളാണ്.

അതിനാല്‍, ഈ ടെക്നിക്കല്‍ സപ്പോർട്ട് ടീമുകള്‍ക്ക് കരാർ പ്രകാരം പാകിസ്താന്റെ എല്ലാ എഫ്-16 വിമാനങ്ങളുടെയും നിലയെക്കുറിച്ച്‌ എപ്പോഴും പൂർണ്ണമായ അറിവുണ്ടായിരിക്കും. അറിവുണ്ടായിരിക്കണം എന്നാണ് കരാറില്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ്, ഓപ്പറേഷൻ സിന്ദൂറിലെ എഫ്-16 നഷ്ടങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് യുഎസ് ഒഴിഞ്ഞുമാറുന്നതിലെ പ്രസക്തി.

ഓപ്പറേഷൻ സിന്ദൂറില്‍ ഇന്ത്യൻ വ്യോമസേനയുടെ ആക്രമണത്തിന്റെ ഫലമായി ബേസ് ക്യാമ്ബില്‍വെച്ചോ ആകാശത്തോവെച്ച്‌ പാകിസ്താൻ വ്യോമസേനയ്ക്ക് നിരവധി എഫ്-16 യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്നാണ് ഇന്ത്യ കണക്കുകൂട്ടുന്നത്. ഇതിന്റെ സത്യാവസ്ഥ മനസിലാക്കുന്നതിനായാണ് എൻഡിടിവി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനോട് ഇതുസംബന്ധിച്ച്‌ ചോദ്യങ്ങള്‍ ഉന്നയിച്ചത്.

എൻഡിടിവി മുമ്ബ് ഫയല്‍ ചെയ്ത വിവരാവകാശ നിയമ (FOIA) പ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടിയായി, ‘വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകള്‍ക്ക് മറുപടിയായി വിവരങ്ങള്‍ സമാഹരിക്കാനോ, ഗവേഷണം നടത്താനോ, ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനോ, പുതിയ രേഖകള്‍ ഉണ്ടാക്കാനോ ഏജൻസികളോട് ഈ നിയമം ആവശ്യപ്പെടുന്നില്ല’ എന്നാണ് യുഎസ് പ്രതിരോധ വകുപ്പ് മറുപടി നല്‍കിയത്. തുടർന്ന് പെന്റഗണിലേക്കും യുഎസ് പ്രതിരോധ സെക്രട്ടറിയുടെ പബ്ലിക് അഫയേഴ്സ് കമ്മ്യൂണിറ്റി എൻഗേജ്മെന്റ് ഓഫീസിലേക്കും അയച്ച ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചില്ല എന്നും അവരുടെ റിപ്പോർട്ടില്‍ പറയുന്നു.