ഈ ജീവചരിത്രം തൊട്ടപ്പോള്‍ ഒരിക്കല്‍ക്കൂടി എം.ടി ചേര്‍ത്തുപിടിക്കുന്നതുപോലെ തോന്നി- എം മുകുന്ദൻ
വളരെ സന്തോഷത്തോടെയും അല്‍പം ദുഃഖത്തോടെയുമാണ് ഈ പുസ്തകം പ്രകാശനം ചെയ്യുന്നതെന്ന് എം.ടി വാസുദേവൻ നായരുടെ ജീവചരിത്രം പ്രകാശനം ചെയ്ത എം.മുകുന്ദൻ.പലതവണ തുഞ്ചൻ പറമ്ബില്‍ വന്നിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് എം.ടിയില്ലാത്ത തുഞ്ചൻ പറമ്ബില്‍ വരുന്നതെന്നും ആ വിയോഗം ഓർക്കുമ്ബോള്‍ തന്റെ കാലുകള്‍ ഇടറുന്നുവെന്നും മുകുന്ദൻ പറഞ്ഞു. എം.ടിയുടെ തണലില്‍ വളർന്ന ഒരെഴുത്തുകാരനാണ് ഞാൻ. എല്ലാം തന്നെ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണെന്ന് എം.ടി പറയാറുണ്ടായിരുന്നു. ഈ ജീവചരിത്ര പ്രകാശനവും അതായിരിക്കാം – അദ്ദേഹം പറഞ്ഞു. എം.ടിയുടെ 92-ാം ജന്മദിനത്തില്‍ തുഞ്ചൻപറമ്ബില്‍ വെച്ച് എം.മുകുന്ദൻ ആർ രാജശ്രീയ്ക്കു നല്‍കിയാണ് ഡോ. കെ. ശ്രീകുമാർ രചിച്ച ജീവചരിത്രം പ്രകാശനം ചെയ്തത്.
‘ആറു പതിറ്റാണ്ടുകള്‍ക്കു മുമ്ബ് അദ്ദേഹം എന്നെ ചേർത്തുപിടിച്ചു. അദ്ദേഹത്തോട് സംസാരിക്കാൻ ഭയന്നു നിന്ന വേളയിലായിരുന്നു അത്. പിന്നീട് ഒരിക്കല്‍ക്കൂടി അദ്ദേഹം ചേർത്തുപിടിച്ചത് എനിക്ക് മാതൃഭൂമി പുരസ്കാരം ലഭിച്ച വേളയിലായിരുന്നു. നിശബ്ദമായിരുന്നു ഞങ്ങള്‍ തമ്മിലുള്ള സംഭാഷണം. ഒരിക്കല്‍ക്കൂടി എം.ടി എന്നെ ചേർത്തുപിടിക്കുന്നതുപോലെ തോന്നിയത് ഈ ജീവചരിത്രം തൊട്ടപ്പോഴാണ്. സങ്കീർണതകളും വൈരുദ്ധ്യങ്ങളും എല്ലാ വലിയ എഴുത്തുകാരിലുമുണ്ട്. അത് എം.ടിയിലുമുണ്ട്. അതു കണ്ടെത്താനുള്ള ശ്രമമാണ് ഈ ജീവചരിത്രം. എം.ടിയെക്കുറിച്ചുള്ള ഒരു പാട് പുസ്തകങ്ങള്‍ ഇപ്പോള്‍ ഉണ്ട്. അതൊരു പ്രവണതയാണ്. പലയിടങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ കോർത്തതാണ് അത്. ആയിരത്തോളം പേജുള്ള ഈ പുസ്തകം എനിക്ക് കൊണ്ടുനടക്കാനാവില്ല അത് എം.ടിയുടെ കനമാണ്.
നമ്മള്‍ വിചാരിക്കാത്ത ദിശയിലേക്ക് ആകസ്മികമായി നടക്കുന്നയാളാണ് എം.ടി. നമ്മള്‍ കരുതുന്നതുപോലെയല്ല എം.ടി. ഏകാകിയായിരിക്കാം, മൗനിയായിരിക്കാം പക്ഷെ തികഞ്ഞ സാമൂഹിക ബോധം ഉണ്ടായിരുന്നു. അവസാന നാളുകളില്‍ പങ്കെടുത്ത പരിപാടിയില്‍ രാഷ്ട്രീയ അവസ്ഥയെ പെട്ടെന്നാണ് വിമർശിച്ചത്. നമ്മള്‍ എഴുത്തുകാർ എപ്പോഴും അകലം സൂക്ഷിക്കണമെന്ന് അദ്ദേഹം പറയുമായിരുന്നു. ആ ഉപദേശം എനിക്ക് പാലിക്കാൻ കഴിഞ്ഞില്ല. ഞാൻ ഉറക്കെ സംസാരിക്കുന്നയാളാണ്. മൗനമായിരുന്നു അദ്ദേഹം പാലിച്ച അകലത്തിന്റെ മാനദണ്ഡം.ആരും കേട്ടിട്ടില്ലാത്ത, വായിച്ചിട്ടില്ലാത്ത വലിയൊരു വായനാ ലോകം തന്നെയായിരുന്നു എം.ടി ‘- എം മുകുന്ദൻ പറഞ്ഞു.
ഒന്നു തൊഴുതിട്ടാണ് എം.ടിയുടെ ജീവചരിത്രം ഏറ്റുവാങ്ങുന്നതെന്ന് പുസ്തകം ഏറ്റുവാങ്ങിയ ആർ രാജശ്രീ പറഞ്ഞു. ഒരു എഴുത്തുകാരൻ വായിക്കപ്പെടേണ്ട രീതി മുൻകൂട്ടി പ്രവച്ചിക്കാവുന്നതല്ല എന്നാല്‍ എം.ടിയുടെ രചനാലോകം വായിച്ചു തുടങ്ങുന്നവർക്കും വായനയുള്ളവർക്കും ഒരുപോലെ പ്രിയതരമാണെന്ന് അവർ അഭിപ്രായപ്പെട്ടു. ‘എം.ടിയുടെ കഥാപാത്രങ്ങളുടെ മാനസിക ലോകം എന്താണെന്നുള്ളതും ഏതു കാലഘട്ടത്തിലാണ് അത് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്നും പ്രധാനമാണ്. കാല്‍പനികതയില്‍ കൂടുതല്‍ അഭിരമിക്കുന്നവരാണ് മലയാളി എന്നതിനാല്‍ത്തന്നെ മലയാളി സമൂഹത്തിലെ ആണ്‍ സൈക്കിനെ തന്റെ എഴുത്തുകളില്‍ എം.ടി ചിത്രീകരിച്ചിട്ടുണ്ട്. മാധവിക്കുട്ടി പെണ്ണത്തത്തെ എഴുത്തുകളില്‍ നിയന്ത്രിച്ചതുപോലെ എം.ടി ആണ്‍ ബോധത്തെ എഴുത്തില്‍ നിയന്ത്രിക്കാൻ ശ്രമിച്ചു. ഗദ്യത്തില്‍ കവിതയെഴുതാം എന്നതാണ് എം.ടിയുടെ രചനയുടെ കാവ്യഭാഷ. വിഷം തീണ്ടാതിരിക്കാൻ നിലത്തു നോക്കി നടക്കാൻ നമ്മെ ഓർമിപ്പിച്ച ആ മഹാ പ്രതിഭയുടെ ഓർമയ്ക്കു മുന്നില്‍ ജീവചരിത്രം ഏറ്റുവാങ്ങുന്നു. ‘- ആർ. രാജശ്രീ പറഞ്ഞു.
എം.ടിയില്ലാത്ത ഒരു പിറന്നാള്‍ ആണ് ആചരിക്കുന്നതെന്നും എം.ടി സ്വന്തമായിട്ട് ആത്മകഥ എഴുതില്ല എന്നു തീരുമാനിച്ചയാളാണെന്നും സത്യസന്ധതയോടുകൂടി ജീവിതം എഴുതാൻ കഴിയില്ല എന്നദ്ദേഹം പറയുകയുണ്ടായെന്നും ചടങ്ങിന് ആമുഖഭാഷണം നിർവഹിച്ച പൊന്നാനി എം.എല്‍ എ. പി നന്ദകുമാർ പറഞ്ഞു. എം.ടിയുടെ ജീവചരിത്രം മലയാളത്തിന് അനിവാര്യമായ സാഹചര്യത്തില്‍ കെ. ശ്രീകുമാർ ഒന്നര വർഷക്കാലം നിരന്തരം എം.ടി യുമായി സംവദിച്ചാണ് ഈ മഹദ്ഗ്രന്ഥം പൂർത്തിയാക്കിയിരിക്കുന്നത്. മാതൃഭൂമി തന്നെ ജീവചരിത്രം പ്രസിദ്ധീകരിക്കാൻ മുൻകൈയെടുത്തതും അദ്ദേഹത്തോടുള്ള ആദരമാണ്. തുഞ്ചൻ പറമ്ബ് ഇന്നു കാണുന്ന നിലയിലേക്ക് ഉയർത്തിക്കൊണ്ടുവന്നതില്‍ എം.ടി നിർവഹിച്ച അധ്വാനം എടുത്തു പറയേണ്ടതാണ്. താൻ ഒരു പരിപാടിക്കു പോയി പ്രസംഗിക്കണമെങ്കില്‍ തുഞ്ചൻ പറമ്ബിലേക്ക് നിശ്ചിത സംഭാവന നല്‍കണമെന്ന ഉപാധിവെച്ചിരുന്നു അദ്ദേഹം. ജ്ഞാനപീഠം ലഭിച്ചപ്പോള്‍ ആ തുക മുഴുവൻ തുഞ്ചൻ പറമ്ബിലാണ് അദ്ദേഹം ചെലവഴിച്ചത്. ഈ ജീവചരിത്രം ആണ് അദ്ദേഹത്തിനുള്ള സ്മാരകം – പി. നന്ദകുമാർ പറഞ്ഞു.
മാതൃഭൂമിയുടെ ഉത്തരവാദിത്തമായിരുന്നു എം.ടിയുടെ ജീവചരിത്രം മലയാളത്തിന് സമർപ്പിക്കുകയെന്നതെന്ന് ചടങ്ങിന് അധ്യക്ഷം വഹിച്ചു കൊണ്ട് മാതൃഭൂമി പത്രാധിപർ മനോജ് കെ ദാസ് പറഞ്ഞു. ‘എം.ടി നമ്മളെ അറിയിച്ച കേരളത്തെ ഒരു പുതിയ മാനത്തിലൂടെ ഈ ഗ്രന്ഥത്തില്‍ നമുക്ക് കാണാനാവും. നമ്മുടെ വായനാസമൂഹത്തിന് മുതല്‍ക്കൂട്ടാവും എം.ടിയുടെ ജീവചരിത്രം. കേരളത്തിലെ വളരുന്ന വായനാ സമൂഹം കൂടുതല്‍ അടുത്തറിയേണ്ടതായ, നമ്മള്‍ അറിയാത്ത ബഹുമുഖ പ്രതിഭയായ എം.ടിയെയാണ് ഈ ജീവചരിത്രത്തില്‍ നമുക്ക് കാണാനാവുക. ഇനിയും നമ്മള്‍ അറിഞ്ഞിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത എം.ടിയുടെ മേഖലകള്‍ ഈ ഗ്രന്ഥത്തിലുണ്ട്. വായന എന്നത് എം.ടി എത്ര സ്നേഹിച്ചോ അത്രയും നമ്മള്‍ എം.ടിയെ സ്നേഹിക്കുക എന്ന സന്ദേശമാണ് മാതൃഭൂമി ഈ ജീവചരിത്രത്തിലൂടെ നല്‍കുന്നത് ‘- മനോജ് കെ ദാസ് പറഞ്ഞു.
മലയാളിയുടെ ദൈനംദിന ആലോചനകളില്‍ പരിചിതമായ വ്യക്തിത്വമാണ് എം.ടിയെന്ന് അനുസ്മരണ ഭാഷണത്തില്‍ ഡോ. സുനില്‍ പി ഇളയിടം പറഞ്ഞു. ഒരു കാലഘട്ടത്തിന്റെ അനുഭവഘടനയെ നിർമിച്ചവർ എന്ന് വളരെ കുറച്ച് എഴുത്തുകാരെക്കുറിച്ച് മാത്രമേ നമുക്കു പറയാൻ കഴിയുകയുള്ളൂവെന്നും കേരളം മറ്റൊരു നവോത്ഥാനത്തിന്റെ മാനവിക പ്രകാശം പ്രസരിപ്പിക്കുന്ന കാലത്താണ് എം.ടി എഴുത്തിലേക്ക് പ്രവേശിക്കുന്നതെന്നും ഇളയിടം അനുസ്മരിച്ചു. ‘നാലുകെട്ട്, അസുരവിത്ത്, കാലം എന്നീ കൃതികള്‍ക്ക് ഭാവുകത്വ പരിണാമചരിത്രത്തില്‍ പ്രധാന പങ്കുണ്ട്. കാലത്തില്‍ സേതൂന്ന് സേതുവിനോട് മാത്രമേ ഇഷ്ടമുണ്ടായിരുന്നുള്ളൂ എന്ന് സുമിത്ര പറയുന്നുണ്ട് വാസ്തവത്തില്‍ സേതു വിന് സേതുവിനോടും ഇഷ്ടമുണ്ടായിരുന്നില്ല. ഖസാക്കിലെ രവി ഖസാക്കില്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ സേതു എല്ലാ പഞ്ചായത്തിലും ഉണ്ടായിരുന്നു. അത് കാലഘട്ടത്തിന്റെ പരിണാമമായിരുന്നു. അനുഭൂതിയുടെ സൂഷ്മ ശരീരത്തിലാണ് എം.ടി എന്റെ ഭാവുകത്വ പരിണാമം രേഖപ്പെടുത്തിയത്. മനുഷ്യാവസ്ഥയുടെ അന്യത്വത്തെക്കുറിച്ചുള്ള ആലോചനകളായിരുന്നു എം.ടി യുടെ രചനാ ജീവിതം. പ്രമേയപരമായി മാത്രം വായിച്ചു പോകാതെ അനുഭൂതിയുടെ സൂഷ്മാനുഭവം ആവശ്യപ്പെടുന്ന രചനകളാണ് അദ്ദേഹം നമുക്കു തന്നത്. കഥാകൃത്ത്, നോവലിസ്റ്റ്, സാഹിത്യ ലേഖകൻ എന്നീ നിലകളില്‍ നിരന്തരം ആലോചനകള്‍ നടത്തിക്കൊണ്ടേയിരുന്നു അദ്ദേഹം. മലയാള ചലച്ചിത്ര ഭാവുകത്വം വലിയ തോതില്‍ പരിണമിക്കുന്നതിലും എം.ടിയുടെ സ്പർശമുണ്ട്. നിർമാല്യം പോലുള്ള സിനിമകള്‍ ഉദാഹരണം. അദ്ദേഹം സംവിധാനം ചെയ്ത സിനിമകളില്‍ സമീപിച്ച രീതിയല്ല, അദ്ദേഹം രചിച്ച തിരക്കഥകളില്‍ കാണാൻ കഴിയുന്നത്. തിരക്കഥകളില്‍ സാഹിതീയ ഭാവുകത്വം പ്രകടമാണ്. സാഹിത്യത്തിന്റെ കേവലമായ ദൃശ്യവത്ക്കരണമാണ് സിനിമ എന്ന കാഴ്ചപ്പാടിനെ അദ്ദേഹം ഭിന്നമായി സമീപിക്കുകയാണ് ചെയ്തത്. പത്രാധിപരരായ എം.ടി പിന്തുണച്ചത് പ്രത്യക്ഷത്തിലുണ്ടായിരുന്ന സാഹിത്യാഭിരുചികളെ മാത്രമല്ല. ആധുനികതയുടെ സങ്കീർണതകളെ, സാഹിത്യത്തിലെ വഴിതെറ്റലുകള്‍ എന്നു വിശേഷിക്കപ്പെട്ടവയെ എല്ലാം എം.ടിയുടെ പത്രാധിപത്യം കണ്ടെടുത്തു പ്രകാശിപ്പിച്ചു. താൻ പിൻപറ്റുന്ന സാഹിത്യ ഭാവുകത്വം കൊണ്ട് മാത്രം പുലരേണ്ടുന്ന ഒന്നല്ല മലയാള സാഹിത്യം എന്നദ്ദേഹം ഉള്‍ക്കൊണ്ടു. അദ്ദേഹത്തിന്റെ സാമൂഹികമായ ഇടപെടലുകള്‍ക്ക് ദൃഷ്ടാന്തമാണ്. തുഞ്ചൻപറമ്ബിനെ മഹത്തായ സാംസ്കാരിക കേന്ദ്രമാക്കി മാറ്റുകയും ചെയ്തു. സൂഷ്മ സ്വഭാവമുള്ള ആശയാവതരണമാക്കി മാറ്റി അദ്ദേഹം തന്റെ പ്രഭാഷണങ്ങള്‍. മുത്തങ്ങവെടിവെപ്പ് സമരത്തില്‍ അദ്ദേഹം നിർണായകമായ ഇടപെടല്‍ നടത്തി. നോട്ടു നിരോധനത്തിലും. മതനിരപേക്ഷതയെ നിലനിർത്തുന്നതില്‍ അദ്ദഹം വഹിച്ച വലിയ സംഭാവനകളില്‍ ഒന്നായി തല ഉയർത്തി നില്‍ക്കുന്ന ഒന്നാണ് ഈ തുഞ്ചൻ സ്മാരകകേന്ദ്രം .എപ്പോഴും അദ്ദേഹം സംസാരിച്ചില്ല. പക്ഷേ സംസാരിച്ച ഇടങ്ങളെല്ലാം നിർണായകമായിരുന്നു. ‘-ഇളയിടം പറഞ്ഞു.
അളവറ്റ ആശ്വാസമാണ് ഈ നിമിഷം തനിക്കു സമ്മാനിക്കുന്നതെന്ന് മറുമൊഴിയില്‍ കെ. ശ്രീകുമാർ പറഞ്ഞു. ജീവിതത്തില്‍ ഒരിക്കല്‍ ആഗ്രഹിച്ചിരുന്നില്ല ഈ ഗ്രന്ഥരചനയെന്നും അവിചാരിതമായി തന്നില്‍ വന്നുചേർന്നതാണെന്നും അദ്ദേഹം പറഞ്ഞു. സംഭവ ബഹുലമായ ആ ജീവിതം തനിക്ക് മുന്നില്‍ അദ്ദേഹം തുറന്നിട്ടത് ഏറെ നാളത്തെ ശ്രമഫലമായാണെന്നും അദ്ദേഹം പറഞ്ഞു. ‘അമിതമായ മിതഭാഷി എന്ന് ഡോ. സുകുമാർ അഴിക്കോട് വിശേഷിപ്പിച്ച എം.ടി തനിക്ക് മിതമായ അമിത ഭാഷിയായിരുന്നു. വ്യക്തിപരമായ ചില സന്ദർഭങ്ങള്‍ വേണ്ടെന്നു പറഞ്ഞു. കോഴിക്കോട്ടെ ഒരു കൊച്ചു വാടകമുറി എം.ടിയുടെ ജീവചരിത്രകൃതിയായി മാറുകയായിരുന്നു. ഞാൻ സാറിന് കൊടുത്ത വാക്കാണ് ഈ ജീവചരിത്രം. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ അത് പ്രകാശിതമായി. ഏറെ ആഘോഷിക്കപ്പെട്ടവരുടെ ജീവചരിത്ര രചന എത്ര ക്ലേശകരമാണെന്ന് ഇപ്പോള്‍ ഞാൻ തിരിച്ചറിയുന്നു. ‘- കെ.ശ്രീകുമാർ പറഞ്ഞു.
എം.ടി രവീന്ദ്രൻ കൂടല്ലൂർ, എൻ.പി വിജയകൃഷ്ണൻ, കെ.സി നാരായണൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഡോ.ബിന്ദു ആമാട്ട് നിയന്ത്രിച്ച ചടങ്ങില്‍ തുഞ്ചൻ സ്മാരക ട്രസ്റ്റ് സൂപ്പർവൈസർ ടി.പി സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു.ഡോ. കെ ശ്രീകുമാർ മറുമൊഴിയും മാതൃഭൂമി ബുക്സ് സീനിയർ മാനേജർ കെ. നൗഷാദ് നന്ദിയും പറഞ്ഞു.