Fincat

‘പ്രകോപിപ്പിക്കരുത്‌, തിരിച്ചടി താങ്ങില്ല’; അസിം മുനീറിന് ഇന്ത്യയുടെ കടുത്ത മുന്നറിയിപ്പ്


ന്യൂഡല്‍ഹി: പാകിസ്താൻ സൈനിക മേധാവി അസിം മുനീറിന്റെ ഇന്ത്യാവിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ അതിശക്തമായി പ്രതികരിച്ച്‌ ഇന്ത്യ.”സ്വന്തം ആഭ്യന്തര പരാജയങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് പാകിസ്താൻ ഇന്ത്യയ്ക്കെതിരെ പ്രസ്താവനകള്‍ നടത്തുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യുമെന്ന തരത്തിലുള്ള വിദ്വേഷപരമായ പ്രസ്താവനകള്‍ പാക് നേതൃത്വത്തില്‍ നിന്ന് തുടരെത്തുടരെ ഉണ്ടാകുന്നത് സംബന്ധിച്ചുള്ള റിപ്പോർട്ടുകള്‍ കണ്ടു. സ്വന്തം പരാജയങ്ങള്‍ മറച്ചുപിടിക്കാനുള്ള പാകിസ്താന്റെ പ്രവർത്തനരീതിയാണിത് ” -വിദേശകാര്യ വക്താവ് രണ്‍ധീർ ജയ്സ്വാള്‍ പറഞ്ഞു.

പ്രകോപനമുണ്ടാക്കിയാല്‍ പാകിസ്താന് താങ്ങാനാകാത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മേയില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറും തുടർന്ന് വെടിനിർത്തലിനായി പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായ അപേക്ഷയും പരാമർശിച്ചായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

യുഎസ് സന്ദർശനവേളയിലാണ് ഇന്ത്യയെ വെല്ലുവിളിച്ച്‌ അസിം മുനീർ പ്രസ്താവനകള്‍ നടത്തിയത്. പാകിസ്താന് ഭീഷണിയാകുന്ന വിധത്തിലുള്ള ആക്രമണം ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായാല്‍ ലോകത്തിന്റെ പകുതിയോളം ഇല്ലാതാകുമെന്നുള്ള ഭീഷണിയും അസിം മുനീർ ഉയർത്തിയിരുന്നു. ആണവയുദ്ധത്തിനുള്ള സാധ്യയുണ്ടെന്നും അസിം മുനീർ പ്രഖ്യാപിച്ചിരുന്നു. ഈ പ്രസ്താവനകളെ നിരുത്തരവാദപരവും ആഗോള സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇന്ത്യ പ്രതികരിച്ചിരുന്നു.

ഭീകരസംഘടനകള്‍ക്ക് പിന്തുണയേകുന്നതും സൈനികഭരണകൂടം നിലവിലുള്ളതുമായ പാകിസ്താന്റെ കൈവശമുള്ള ആണവായുധശേഖരത്തെ കുറിച്ചുള്ള ആശങ്കയും ഇന്ത്യ പങ്കുവെച്ചിരുന്നു. ഇന്ത്യയുമായി സൗഹൃദബന്ധമുള്ള ഒരു രാജ്യത്തിരുന്ന് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്ന അസിം മുനീറിനെ ഇന്ത്യ നിശിതമായി വിമർശിക്കുകയും ചെയ്തു. ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന എന്തിനേയും ഏതുവിധേനയേയും നേരിടുമെന്നും ഇന്ത്യ ആവർത്തിച്ച്‌ വ്യക്തമാക്കുകയും ചെയ്തു.